കൊച്ചി : സ്വര്‍ണക്കടത്ത് കേസില്‍ കേന്ദ്ര ഏജന്‍സിക്കു മുമ്പാകെ നിര്‍ണായക വെളിപ്പെടുത്തല്‍. യുഎഇ പൗരനായ വ്യവസായിയാണ് കേരളത്തിലേക്കുള്ള സ്വര്‍ണക്കടത്തിന്റെ പ്രധാന ആസൂത്രകന്‍. കേസിലെ പ്രതിയായ കെ.ടി. റമീസ് കസ്റ്റംസിന് നല്കിയ മൊഴിയിലാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
യുഎഇ പൗരനായ ദാവൂദ് അല്‍ അറബി എന്നയാളില്‍ നിന്നാണ് തങ്ങള്‍ സ്വര്‍ണം കിട്ടി കൊണ്ടിരുന്നത് എന്നാണ് റമീസിന്റെ മൊഴി. ഇതിനോടകം 12 തവണ ഇയാളില്‍ നിന്നും സ്വര്‍ണം വാങ്ങി കേരളത്തിലേക്ക് എത്തിച്ചിട്ടുണ്ടെന്നും റമീസിന്റെ മൊഴിയില്‍ പറയുന്നുണ്ട്. കേരളത്തിലേക്ക് സ്വര്‍ണം കടത്തുന്നതിന്റെ മുഖ്യ ഉറവിടം ഏതെന്ന് തുടക്കം മുതല്‍ ചോദ്യം ഉയരുന്നതാണ്. അതിനാണ് ഇപ്പോള്‍ ഉത്തരം ലഭിച്ചിരിക്കുന്നത്. അതേസമയം ഇത്രയേറെ സ്വര്‍ണം വാങ്ങിയിട്ടുണ്ടെങ്കിലും ദാവൂദ് അല്‍ അറബി എന്ന വ്യക്തിയെ താന്‍ നേരിട്ട് കണ്ടിട്ടില്ലെന്നും റമീസ് കസ്റ്റംസിനെ അറിയിച്ചു.
കേരളത്തില്‍ പലരില്‍ നിന്നുമായും സ്വന്തം നിലയ്ക്കും ശേഖരിക്കുന്ന പണം ഉപയോഗിച്ചാണ് താന്‍ സ്വര്‍ണം വാങ്ങുന്നത്. ഈ സ്വര്‍ണം കേസിലെ മറ്റൊരു പ്രതിയായ ഷാഫിക്കും അയാളില്‍ നിന്നും ഷമീര്‍ എന്നയാളുമാണ് പണം കൈപ്പറ്റുന്നത്. ഷമീറില്‍ നിന്നും ആ തുക ദാവൂദ് അല്‍ അറബിക്ക് കിട്ടും. കൊടുത്ത പണത്തിന് ആനുപാതികമായി ദാവൂദ് അല്‍ അറബിയില്‍ നിന്നും തിരിച്ച് ഇതേ വഴിയിലൂടെ സ്വര്‍ണം തിരികെ എത്തും. ഈ സ്വര്‍ണമാണ് സ്വപ്നയും സന്ദീപും അടക്കമുള്ളവരുടെ സഹായത്തോടെ കേരളത്തിലെത്തിക്കുന്നത്. 12 തവണ യുഎഇയില്‍നിന്ന് സ്വര്‍ണം കടത്തിയിട്ടുണ്ടെന്നും എന്നാല്‍ ഫൈസല്‍ ഫരീദിനെ തനിക്ക് പരിചയമില്ല. കൂട്ടുപ്രതിയായ ജലാലിന്റെ സുഹൃത്താണ് ഫൈസല്‍ ഫരീദെന്നും റമീസിന്റെ മൊഴിയില്‍ പറയുന്നു.
കൊല്‍ക്കത്ത സ്വദേശി മുഹമ്മദ് എന്നയാളുടെ പേരിലാണ് ആദ്യം സ്വര്‍ണം കടത്തിയിരുന്നത്. ബാവ, ഷാഫി എന്നിവര്‍ക്ക് വേണ്ടി നാല് തവണയാണ് മുഹമ്മദിന്റെ പേരില്‍ സ്വര്‍ണം കടത്തിയത്. വാട്ടര്‍ പ്യൂരിഫെയറില്‍ ഒളിപ്പിച്ചായിരുന്നു സ്വര്‍ണം എത്തിച്ചത്. എന്നാല്‍ അഞ്ചാം തവണ കാര്‍ഗോ എത്തിയപ്പോള്‍ ഉദ്യോഗസ്ഥര്‍ക്ക് സംശയം തോന്നി. ഇതോടെ കാര്‍ഗോ തിരിച്ചയച്ചെന്നും ആറാം തവണ മുതലാണ് ദാവൂദ് അല്‍ അറബിയുടെ പേരില്‍ സ്വര്‍ണം കടത്താന്‍ തുടങ്ങിയത്. ദാവൂദ് അല്‍ അറബി സ്വര്‍ണക്കടത്ത് കേസിലെ മറ്റൊരു പ്രതിയായ ഷാഫിയുടെ അടുത്ത ആളാണെന്നും റമീസ് വെളിപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: