കോഴിക്കോട്: 21 പേരുടെ ജീവനെടുത്ത കരിപ്പൂര്‍ വിമാനഅപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലിരുന്ന അവസാനത്തെയാളും ആശുപത്രി വിട്ടു. വയനാട് ബത്തേരി ചീരാല്‍ സ്വദേശി നൗഫലാണ് കോഴിക്കോട് മിംസ് ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ആയത്. 70 ദിവസത്തെ ചികിത്സയ്‌ക്ക് ശേഷമാണ് നൗഫലിനെ ഡിസ്ചാര്‍ജ് ചെയ്തത്.
ദുരന്തത്തിന്റെ ഓര്‍മ്മകള്‍ ഇന്നും നൗഫലിനെ നടുക്കുന്നു. മിംസില്‍ എത്തിച്ചപ്പോള്‍ അതീവ ഗുരുതരാവസ്ഥയിലായിരുന്നു നൗഫല്‍. തലയ്‌ക്കും നട്ടെല്ലിനും ഗുരുതര പരിക്ക്, എല്ലുകള്‍ക്ക് പൊട്ടല്‍, പലഭാഗത്തേയും തൊലിയും ദശയും വരെ നഷ്ടപ്പെട്ട അവസ്ഥ. സങ്കീര്‍ണ്ണമായ ശസ്ത്രക്രിയകളും ചികിത്സയുമായി രണ്ടുമാസം ആശുപത്രിയില്‍. എയര്‍ ഇന്ത്യയുടെ ഇന്‍ഷുറന്‍സ് പരിരക്ഷയിലായിരുന്നു ചികിത്സ. ആശുപത്രിക്ക് അടുത്ത് എയര്‍ ഇന്ത്യ തന്നെ തയ്യാറാക്കിയ വീട്ടില്‍ നിന്നാണ് ഇനി നൗഫലിന്റെ തുടര്‍ചികിത്സ നടക്കുക. ഭാര്യയും കുഞ്ഞു മകനുമൊക്കെയുള്ള ലോകം വീണ്ടും കാണാന്‍ കഴിഞ്ഞതില്‍ ദൈവത്തിനും ഡോക്ടമാര്‍മാര്‍ക്കും നന്ദി പറയുകയാണ് നൗഫല്‍.
നൗഫലിന് യാത്രയയ്‌പ്പ് നല്‍കാന്‍ എയര്‍ ഇന്ത്യ സ്റ്റേഷന്‍ മാനേജര്‍ റാസ അലിഖാന്‍, എയര്‍ ഇന്ത്യ എയര്‍പോര്‍ട്ട് മാനേജര്‍ പ്രേംജിത്ത്, എയര്‍ ക്രാഫ്റ്റ് പേഷ്യന്റ് കോ-ഓര്‍ഡിനേറ്റര്‍ ഷിബില്‍ എന്നിവരും സന്നിഹിതരായിരുന്നു. ആസ്റ്റര്‍ മിംസ് ഹോസ്പിറ്റല്‍ എമര്‍ജന്‍സി വിഭാഗം മേധാവി ഡോ. പി.പി. വേണുഗോപാലന്‍, പ്ലാസ്റ്റിക് ആന്റ് റീകണ്‍സ്ട്രക്ടീവ് സര്‍ജറി വിഭാഗം മേധാവി ഡോ. കെ.എസ്. കൃഷ്ണകുമാര്‍ എന്നിവര്‍ ചേര്‍ന്ന് നൗഫലിന് യാതയയപ്പ് ഉപഹാരം നല്‍കി. ആസ്റ്റര്‍ മിംസ് ഡയറക്ടര്‍ യു. ബഷീര്‍, ആസ്റ്റര്‍ മിംസ് സിഇഒ ഫര്‍ഹാന്‍ യാസിന്‍, ഡോ. മൊയ്തു ഷമീര്‍, ഡോ. പ്രദീപ് കുമാര്‍, ഡോ. നൗഫല്‍ ബഷീര്‍, ഡോ. വിഷ്ണുമോഹന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: