കൊല്ലം: കത്തിച്ചുവച്ച നിലവിളക്കിനുമുന്നില്‍ വാഗ്ദേവീ സ്തുതികളുടെ നിറവില്‍ നാവില്‍ ആദ്യക്ഷരപുണ്യം നുകര്‍ന്ന് കുരുന്നുകള്‍. നീട്ടിക്കൊടുത്ത പിഞ്ചുനാവില്‍ സ്വര്‍ണവും തേനണ്ടും ചേര്‍ത്ത് ഗുരുക്കന്മാര് ഹരിശ്രീ കുറിച്ചപ്പോള്‍ അദ്ഭുതവും ആനന്ദവും ചേര്‍ന്ന മധുരച്ചിരി. ചിലര്‍ക്ക് അപരിചിതത്വത്തിന്റെ കരച്ചില്. അരിയും പൂവും ചേര്‍ത്ത പാത്രത്തില്‍ ചൂണ്ടുവിരലൂന്നി ആദ്യക്ഷരം കുറിച്ചപ്പോള്‍ ചിലര്‍ക്ക് നീരസവും സങ്കടവും.
കോവിഡ് പശ്ചാത്തലത്തില്‍ വീടുകളിലായിരുന്നു ഇത്തവണ കുരുന്നുകളെ എഴുത്തിനിരുത്തിയത്. പരിമിതമായ എണ്ണത്തില്‍ ആനന്ദവല്ലീശ്വരം, കൊട്ടാരക്കര മഹാഗണപതി, കൊല്ലം പുതിയകാവ്, പട്ടത്താനം ശ്രീകൃഷ്ണസ്വാമി ക്ഷേത്രങ്ങളിലും പട്ടാഴി ദേവീക്ഷേത്രം, തലവൂര്‍ തൃക്കന്നമര്കോട് ദേവീക്ഷേത്രം, കരവാളൂര്‍ പീഠിക ഭഗവതിക്ഷേത്രം, അഗസ്ത്യക്കോട് മഹാദേവക്ഷേത്രം, കുളത്തൂപ്പുഴ ധര്‍മശാസ്താക്ഷേത്രം, കടയ്ക്കല്‍-അഞ്ചല്‍ കളരീ ദേവീക്ഷേത്രങ്ങള്‍, ചടയമംഗലം മഹാദേവര്‍ ക്ഷേത്രം, പണ്ടുനലൂര്‍ കൃഷ്ണന്‍കോവില്‍, ഭരണിക്കാവ് ദേവീക്ഷേത്രം, അറയ്ക്കല്‍ ദേവീക്ഷേത്രം എന്നിവിടങ്ങളിലും കുരുന്നുകള്‍ അറിവിന്റെ ലോകത്തേക്ക് പിച്ചവച്ചു.
വീടുകളില്‍ സരസ്വതീദേവിയുടെ ചിത്രത്തിന് മുന്നില്‍ പ്രാര്‍ഥിച്ച് മന്ത്രങ്ങളുരുവിട്ട് മടിയിലിരുത്തിയാണ് കുരുന്നുകള്‍ക്ക് മുതിര്‍ന്നവര്‍ അക്ഷരം ചൊല്ലിക്കൊടുത്തത്. ഓരോ വീടുകളിലും അച്ഛനും അമ്മയും അപ്പൂപ്പനും അമ്മൂമ്മയുമെല്ലാം കുരുന്നുകളെ മടിയിലിരുത്തി നാവില്‍ മോതിരമുപയോഗിച്ച് ആദ്യം ഹരിശ്രീ കുറിച്ചു. പിന്നീട് അരിയിലും മണലിലും കുരുന്നിന്റെ വിരല്‍പിടിച്ച് ഹരിശ്രീ ഗണപതയേ നമ എഴുതിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: