തൊടുപുഴ: ലൈസന്‍സ് വ്യവസ്ഥകള്‍ ലംഘിച്ച് രാത്രിയിലും മദ്യ വില്‍പ്പന, തൊടുപുഴ റിവര്‍ വ്യൂ പാപ്പൂട്ടി ബിയര്‍ ആന്റ് വൈന്‍ പാര്‍ലറിനെതിരെ കേസെടുത്തു.
ഞായറാഴ്ച രാത്രി തൊടുപുഴ എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ സുദീപ് കുമാറിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് കേസെടുത്തത്. ബാര്‍ മാന്‍ പാലക്കാട് ആലത്തൂര്‍ സ്വദേശി സലീം, ലൈസന്‍സികളായ കോലാനി പുളിമൂട്ടില്‍ ഡാനി എബ്രഹാം, ഡെനി എബ്രഹാം എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്.
തുടര്‍ന്ന് ഷോപ്പ് താല്‍ക്കാലികമായി അടച്ചു. ലൈസന്‍സ് നിയമങ്ങള്‍ക്കും ചടങ്ങള്‍ക്കും വിരുദ്ധമായി മദ്യ വില്‍പ്പന നടത്തിയെന്നതാണ് കുറ്റം. എക്‌സൈസ് കമ്മീഷണര്‍ ചുമത്തുന്ന പിഴ അടച്ചില്ലെങ്കില്‍ ലൈസന്‍സ് റദ്ദാകും. നേരത്തെ ഇത്തരത്തില്‍ മദ്യം വില്‍പ്പന നടത്തുന്നു എന്ന വിവരത്തെ തുടര്‍ന്ന് സ്ഥലത്തെത്തിയെങ്കിലും എക്‌സൈസ് വാഹനം കണ്ടതോടെ ഇവര്‍ കൗണ്ടര്‍ പൂട്ടി സ്ഥലം വിട്ടിരുന്നു.
പിന്നീടാണ് ഞായറാഴ്ച രാത്രി എട്ടിന് മഫ്തിയില്‍ സംഘം സ്ഥലത്തെത്തിയത്.ഈ സമയം 16 പേര്‍ മദ്യപിക്കാൻ സ്ഥലത്തുണ്ടായിരുന്നു. നിലവില്‍ കൊറോണ മാനദണ്ഡ പ്രകാരം രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ച് വരെയാണ് സംസ്ഥാനത്ത് മദ്യശാല വില്‍പ്പന ശാലകള്‍ക്കും ബാറുകള്‍ക്കും പ്രവര്‍ത്തനാനുമതി. ഇരുന്ന് മദ്യം കഴിക്കാന്‍ കള്ളു ഷാപ്പിലടക്കം ഒരിടത്തും അനുവദി നല്‍കിയിട്ടുമില്ല.
എന്നാല്‍ ഇതെല്ലാം ലംഘിച്ച് ഇരട്ടി വിലയീടാക്കി പരിസരത്ത് ഇരുന്ന് തന്നെ മദ്യം കഴിക്കാന്‍ അനുമതി നല്‍കിയെന്നും കണ്ടെത്തി. ഇതോടെയാണ് നടപടിയുമായി എക്‌സൈസ് സംഘം എത്തിയത്. എക്‌സൈസിന്റെ അന്വേഷണ സംഘത്തില്‍ സെബാസ്റ്റ്യന്‍, റിനേഷ്, ബാലു, ജോര്‍ജ്, അബിന്‍ ഷാജി എന്നിവരും ഉണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: