തൊടുപുഴ: കൊറോണ ബാധിച്ച് കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന എസ്ഐ മരിച്ചു. തൊടുപുഴ സ്റ്റേഷനിലെ എസ്ഐ കുടയത്തൂര്‍ കോളപ്ര ചിറയ്ക്കല്‍ സി.കെ. രാജു(55) വാണ് മരിച്ചത്. തൊടുപുഴയ്ക്ക് സമീപം വെങ്ങല്ലൂരിലാണ് താമസം. സംസ്ഥാനത്ത് കൊറോണ ബാധിച്ച് മരിക്കുന്ന രണ്ടാമത്തെ പോലീസ് ഉദ്യോഗസ്ഥനാണ്. മൂന്നാഴ്ചയായി ഇദ്ദേഹം കൊറോണ ബാധിതനായി ചികിത്സയിലായിയിരുന്നു.
പ്രമേഹ രോഗമുള്ളതിനാല്‍ തൊടുപുഴയില്‍ നിന്നും കോട്ടയത്തേയ്ക്ക് മാറ്റുകയായിരുന്നു. നില വഷളായതിനെ തുടര്‍ന്ന് പിന്നാലെ ഐസിയുവില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. നാല് ദിവസം മുന്‍പ് കൊറോണ പരിശോധന നടത്തിയപ്പോള്‍ ഫലം നെഗറ്റീവായിരുന്നു. പിന്നാലെ രക്തത്തിലെ ഓക്സിജന്റെ അളവ് കുറയുകയും സ്ഥിതി വീണ്ടും ഗുരുതരമാകുകയുമായിരുന്നു.
ഞായറാഴ്ച രാത്രി 9ന് മരണത്തിന് കീഴടങ്ങി. ഇന്നലെ നടത്തിയ പരിശോധനയിലും ഫലം നെഗറ്റീവായിരുന്നെങ്കിലും കൊറോണ പ്രോട്ടോക്കോള്‍ പാലിച്ച് വൈകിട്ട് 4 മണിയോടെ കോളപ്രയിലെ വീട്ടില്‍ മൃതദേഹം ദഹിപ്പിക്കുകയായിരുന്നു. പോലീസുദ്യോഗസ്ഥര്‍ ഗാര്‍ഡ് ഓഫ് ഓണര്‍ നല്കി അന്തിമോപചാരം അര്‍പ്പിച്ചു.
1990ല്‍ സര്‍വ്വീസില്‍ പ്രവേശിച്ച രാജു മികച്ച റൈറ്ററും അന്വേഷണ ഉദ്യോഗസ്ഥനുമായിരുന്നു. അടുത്ത മെയ് 31ന് വിരമിക്കാനിരിക്കെയാണ് മരണം തട്ടിയെടുത്തത്. പോലീസ് ഓഫീസേഴ്സ് അസോസിയേഷന് ഇടുക്കി ജില്ലാ കമ്മിറ്റി അംഗം കൂടിയാണ്. ഭാര്യ: മായ. മക്കള്‍:നവനീത്, മാളവിക. ഇടുക്കി സ്പെഷല്‍ബ്രാഞ്ച് എസ്ഐ ആയിരുന്ന പൂച്ചപ്ര സ്വദേശി സി.പി. അജിതന് ജൂലൈ 31ന് കൊറോണ ബാധിച്ച് മരിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: