തിരുവനന്തപുരം: വിവാദങ്ങള്‍ക്കൊടുവില്‍ സുരേഷ് ഗോപിയുടെ 250-ാം ചിത്രത്തിന്റെ പേര് പ്രഖ്യാപിച്ചു. ‘ഒറ്റക്കൊമ്പന്‍’ എന്നാണ് സിനിമയുടെ പേര്. മോഹന്‍ലാലും മമ്മൂട്ടിയും അടക്കം 100 താരങ്ങള്‍ ഒരുമിച്ചാണ് സുരേഷ് ഗോപി സിനിമയുടെ പുതിയ പേര് പ്രഖ്യാപിച്ചത്. എന്നാല്‍, മലയാളത്തിലെ സൂപ്പര്‍താരങ്ങളെല്ലാം ഉള്ള പട്ടികയില്‍ നിന്ന് നടന്‍ പൃഥ്വിരാജിനെ ഒഴിവാക്കിയിരുന്നു.
നേരത്തേ, തന്റെ 250ാം ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ സൂപ്പര്‍താരം സുരേഷ് ഗോപി പുറത്തുവിട്ടിരുന്നു. ചിത്രത്തിന്റെ പേര് ഉടന്‍ പ്രഖ്യാപിക്കുമെന്ന് പോസ്റ്ററില്‍ വ്യക്തമാക്കിയിരുന്നു. ഒരു ബൈബിള്‍ വചനത്തില്‍ നിന്നുമെടുത്ത ലഘുവാക്യത്തിനൊപ്പമാണ് സുരേഷ് ഗോപി ഈ പോസ്റ്റര്‍ പങ്കുവച്ചത്. ‘പ്രതികാരം എന്റേതാണ്, ഞാന്‍ തിരിച്ചടിക്കും’ എന്ന കുറിപ്പോടെ സുരേഷ് ഗോപി പങ്കുവച്ചിരിക്കുന്ന പോസ്റ്ററില്‍ ടൈറ്റില്‍ ഉടന്‍ എത്തുമെന്ന് വ്യക്തമാക്കിയിരുന്നു.
കടുവ എന്ന സിനിമയുടെ വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ കൂടിയായിരുന്നു സുരേഷ് ഗോപിയുടെ പുതിയ പോസ്റ്റ്. പ്രഖ്യാപന ദിവസം മുതല്‍ വിവാദങ്ങളില്‍ ഉള്‍പ്പെട്ട രണ്ട് ചിത്രങ്ങളായിരുന്നു കടുവയും സുരേഷ് ഗോപിയുടെ പുറത്തിറങ്ങാന്‍ പോകുന്ന പുതിയ ചിത്രവും. ഒരേ കഥാപാത്രവും കഥാപശ്ചാത്തലവും കടന്നുവരുന്നു എന്ന ആരോപണത്താലാല്‍ രണ്ട് സിനിമകളുടെയും അണിയറപ്രവര്‍ത്തകര്‍ അടുത്തിടെ നിയമ വ്യവഹാരവും നടത്തിയിരുന്നു. പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് പ്രഖ്യാപിച്ച ‘കടുവ’യും സുരേഷ് ഗോപിയെ നായകനാക്കി നവാഗതനായ മാത്യൂസ് തോമസ് സംവിധാനം ചെയ്യുന്ന ചിത്രവുമാണ് ഇത്തരത്തില്‍ വാര്‍ത്താപ്രാധാന്യം നേടിയത്.
തനിക്ക് പകര്‍പ്പവകാശമുള്ള കഥാപാത്രങ്ങളും പശ്ചാത്തലവും അനുമതിയില്ലാതെ ഉപയോഗിക്കുന്നു എന്നാരോപിച്ച് ‘കടുവ’യുടെ തിരക്കഥാകൃത്ത് ജിനു എബ്രഹാം ആണ് കോടതിയെ സമീപിച്ചത്. കേസ് പരിഗണിച്ച എറണാകുളം ജില്ലാ കോടതി സുരേഷ് ഗോപി നായകനാവുന്ന ചിത്രത്തിന് വിലക്ക് ഏര്‍പ്പെടുത്തുകയും ചെയ്തിരുന്നു. എന്നാല്‍ ‘കടുവ’ തന്റെ ജീവിതം സിനിമയാക്കുന്ന ചിത്രമാണെന്നും തന്റെ അനുമതിയില്ലാതെ പ്രദര്‍ശനം നടത്താന്‍ അനുവദിക്കില്ലെന്നും പ്രഖ്യാപിച്ച് പാലാ സ്വദേശി കുരുവിനാക്കുന്നേല്‍ കുറുവച്ചന്‍ എന്ന വ്യക്തിയും രംഗത്തെത്തിയിരുന്നു. ചിത്രത്തിന്റെ തിരക്കഥയിലോ അഭിനേതാക്കളിലോ ഒരു മാറ്റവും ഉണ്ടാകില്ലെന്ന് നിര്‍മാതാവ് ടോമിച്ചന്‍ മുളകുപാടം ഇന്ന് അറിയിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: