കോഴിക്കോട്: എംഇഎസിന്റെ ഭൂമി വില്‍പ്പനയില്‍ സ്പെഷ്യല്‍ ബ്രാഞ്ച് അന്വേഷണം തുടങ്ങി. കോഴിക്കോട് നഗരത്തിലെ ഭൂമി വില്പ്പനയെക്കുറിച്ചാണ് അന്വേഷണം. ഒരു കോടി വിപണി മൂല്യമുള്ള ഭൂമി ചുരുങ്ങിയ വിലയ്ക്ക് വിറ്റുവെന്ന ആരോപണത്തെ തുടര്‍ന്നാണിത്. നേരത്തെ കോടതി നിര്‍ദേശത്തെ തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ ഇത് വ്യക്തമായിരുന്നു. വില്‍പ്പനയുടെ കാര്യം എംഇഎസ് പ്രസിഡന്റ് ഫസല്‍ ഗഫൂര്‍ മറച്ചുവച്ചതായും പോലീസ് റിപ്പോര്‍ട്ടില്‍ ഉണ്ട്.
എംഇഎസിന്റെ ഫണ്ട് വിവിധ അക്കൗണ്ടുകളിലേക്ക് ക്രമവിരുദ്ധമായി കൈമാറിയതുമായി ബന്ധപ്പെട്ട് നടക്കാവ് പോലീസ് കേസെടുത്തിട്ടുണ്ട്. കേസില്‍ ഫസല്‍ ഗഫൂര്‍ ഒന്നാം പ്രതിയും എംഇഎസ് ജനറല്‍ സെക്രട്ടറി പ്രൊഫ.പി.ഒ.ജെ. ലബ്ബ രണ്ടാം പ്രതിയുമാണ്. പരാതിക്കാരന് ആദ്യം പോലീസിനെ സമീപിച്ചെങ്കിലും കേസെടുക്കാന്‍ വിസമ്മതിച്ചു. തുടര്‍ന്ന് ഹൈക്കോടതിയെ സമീപിച്ചപ്പോഴാണ് കേസെടുക്കാന്‍ പോലീസ് നിര്‍ബന്ധിതമായത്.
ഫസല്‍ ഗഫൂര്‍ ഉള്‍പ്പെടെയുള്ള എംഇഎസ് ഭാരവാഹികള്‍ക്കെതിരെ കേസെടുത്തതിനെത്തുടര്‍ന്ന് സംഘടനയ്ക്കുള്ളില്‍ അഭിപ്രായഭിന്നത രൂക്ഷമായി. സംഘടനയുടെ കഴിഞ്ഞ പത്തു വര്‍ഷത്തെ സാമ്പത്തിക ഇടപാടുകള്‍ സ്വതന്ത്ര ഏജന്‍സി ഓഡിറ്റ് ചെയ്യണം. അതോടൊപ്പം സാമൂഹിക ഓഡിറ്റും വേണം. ഭൂമി ഇടപാടുകളില്‍ അന്വേഷണം വേണം. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി എംഇഎസിലെ ഒരു വിഭാഗം മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്കി.
കോടതിയെ സമീപിക്കാനും തീരുമാനമായി. എംഇഎസിന്റെ ഫണ്ട് ക്രമവിരുദ്ധമായി ലഭിച്ച കമ്പനിയുടെ ഭൂമി ഫസല്‍ ഗഫൂറിന്റെ പേരില്‍ കൈമാറ്റം ചെയ്തതായി നേരത്തെ പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് സ്പെഷ്യല്‍ ബ്രാഞ്ച് അന്വേഷണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: