കൊച്ചി: സ്വര്‍ണക്കടത്ത് കേസിലെ പണമിടപാടിന്റെ തെളിവായി മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിന്റെ വാട്സ്ആപ്പ് ചാറ്റുകള്‍. ഹൈക്കോടതിയില്‍ എന്‍ഫോഴ്സ്മെന്റ് മുദ്രവച്ച കവറില്‍ സമര്‍പ്പിച്ച രേഖകളിലാണ് ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ് വേണുഗോപാലുമായുള്ള വാട്സ്ആപ്പ് ചാറ്റുകള്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ചാറ്റുകള്‍ കേസിലെ സുപ്രധാന തെളിവാകും. ശിവശങ്കറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ കോടതി ഇക്കാര്യം പരിഗണിക്കാനാണ് സാധ്യത. സ്വപ്നയ്ക്ക് വേണ്ടി ബാങ്കില്‍ പണം നിക്ഷേപിച്ചത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചാറ്റിലുണ്ട്. 2018 നവംബര്‍ മുതലാണ് ഇരുവരും വാട്സ്ആപ്പ് ചാറ്റ് ആരംഭിക്കുന്നത്. കഴിഞ്ഞ ജൂലൈ 11നാണ് സ്വപ്ന സുരേഷിനെ എന്‍ഐഎ അറസ്റ്റ് ചെയ്തത്. ഇതിനു 10 ദിവസത്തിനു ശേഷം ഇരുവരും തമ്മിലുള്ള വാട്സ്ആപ്പ് സന്ദേശങ്ങളാണ് നിര്‍ണായകമാവുന്നത്.
സ്വപ്ന 30 ലക്ഷം രൂപ ബാങ്കില്‍ നിക്ഷേപിച്ചതിനെക്കുറിച്ച് അറിയില്ലെന്നും സ്വപ്നയുടെ സാമ്പത്തിക ഇടപാടുകളിലൊന്നും താന്‍ പങ്കാളിയല്ലെന്നുമായിരുന്നു ശിവശങ്കര്‍ അന്വേഷണ ഏജന്‍സികള്‍ക്ക് നല്കിയ മൊഴി. ഇത് തെറ്റെന്ന് തെളിയിക്കുന്നതാണ് ഇഡി ശേഖരിച്ച വാട്സ്ആപ്പ് ചാറ്റ് വിവരങ്ങള്‍. ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റുമായി ചേര്‍ന്ന് സ്വപ്ന തുറന്ന സംയുക്ത ലോക്കറിനെക്കുറിച്ചുള്ള ആശങ്കകളാണ് ചാറ്റുകളില്‍ കൂടുതലും. സാമ്പത്തിക ഇടപാടുകളുടെ വാര്‍ത്തകള്‍ പുറത്തു വന്നതിന് പിന്നാലെ മാധ്യമങ്ങളില്‍ നിന്ന് രക്ഷപ്പെടാന്‍ കേരളം വിട്ടു പോകുന്നതാണ് നല്ലതെന്ന് വേണുഗോപാലിനെ ഉപദേശിക്കുന്നുമുണ്ട് ശിവശങ്കര്‍. സ്വപ്ന ഓരോ തവണ വേണുഗോപാലിനെ കാണുമ്പോഴും ശിവശങ്കറിനു സന്ദേശങ്ങള്‍ കൈമാറിയിരുന്നു. അന്വേഷണ ഏജന്‍സികള്‍ തന്റെ സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച് അന്വേഷണം ആരംഭിച്ചതായി ശിവശങ്കറിന് സൂചന ലഭിച്ചിരുന്നതായും വാട്ട്സാപ്പ് സന്ദേശങ്ങളില്‍ നിന്ന് വ്യക്തമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: