കൊച്ചി: തെരഞ്ഞെടുപ്പു ചൂടിലേക്ക് സംസ്ഥാനം നീങ്ങുമ്പോള്‍ എല്‍ഡിഎഫ്-യുഡിഎഫ് മുന്നണികളെ പിന്തുണയ്ക്കുന്ന കാര്യത്തില്‍ ക്രൈസ്തവ സഭകളില്‍ കടുത്ത തര്‍ക്കം. ഇരു മുന്നണികളും കൂടുതല്‍ പരിഗണന നല്‍കുന്നത് മുസ്ലിം വിഭാഗത്തിനാണെന്ന തിരിച്ചറിവാണ് ഇതിനു കാരണം. ഇടതു, വലതു മുന്നണികളെ പിന്തുണയ്ക്കുന്നതിനെക്കുറിച്ച് സഭയില്‍ അതൃപ്തിയും ആശയക്കുഴപ്പവും രൂപപ്പെട്ടിട്ടുണ്ട്. മുസ്ലിം വിഭാഗത്തിന്റെ വോട്ടു ലക്ഷ്യമിടുന്ന ഇടതു വലതു മുന്നണികള്‍ ന്യൂനപക്ഷങ്ങളില്‍ നാല്‍പ്പതു ശതമാനം വരുന്ന ക്രിസ്തീയ സമൂഹത്തെ അവഗണിക്കുകയാണെന്നാണ് സഭകളുടെ വിലയിരുത്തല്‍. തെരഞ്ഞെടുപ്പടുക്കുമ്പോള്‍ ആര്‍ക്കൊപ്പം നില്‍ക്കണമെന്നതാണ് ഇപ്പോള്‍ ആശയക്കുഴപ്പം.
ക്രിസ്തീയ സഭാ നേതൃത്വം രാഷ്ട്രീയ നിലപാട് വോട്ടെടുപ്പു വേളയില്‍ കൈക്കൊള്ളാറുണ്ടെന്നത് പരസ്യമായ രഹസ്യമാണ്. കേരള കോണ്‍ഗ്രസ് പാര്‍ട്ടിയിലൂടെയാണ് സഭയുടെ രാഷ്ട്രീയം നടപ്പാക്കാറ്. ആര് ഏതു മുന്നണിയിലായാലും ഏതു മുന്നണി ഭരിച്ചാലും സഭാ താല്പര്യങ്ങള് സാധിച്ചെടുക്കാന്‍ സംവിധാനമുണ്ടായിരുന്നു. എന്നാല്‍, കേരള കോണ്‍ഗ്രസ് രാഷ്ട്രീയത്തിന്റെ കടിഞ്ഞാണ്‍ പിടിച്ചിരുന്ന, സഭയുടെ ഉപദേശകനായിരുന്ന കെ.എം. മാണിയുടെ വിയോഗം സഭയുടെ രാഷ്ട്രീയ നിയന്ത്രണ ശേഷിയെ ബാധിച്ചു.
കേന്ദ്ര സര്‍ക്കാരിന്റെ ന്യൂനപക്ഷ ക്ഷേമ പദ്ധതികളും സഹായങ്ങളും ഏറെയാണ്. അവ സംസ്ഥാന സര്‍ക്കാര്‍ വഴിയാണ് വിതരണം. പക്ഷേ, കമ്യൂണിസ്റ്റ് സര്‍ക്കാരിന്റെ താല്പര്യം മുസ്ലിം ന്യൂനപക്ഷത്തോടാണ്. സംസ്ഥാനത്ത് ന്യൂനപക്ഷ ക്ഷേമ ഫണ്ട് ഉള്‍പ്പെടെ സര്‍ക്കാര്‍ വിതരണം ചെയ്യുന്നത് 80 ശതമാനം മുസ്ലിം വിഭാഗത്തിനും 20 ശതമാനം മറ്റ് എല്ലാ ന്യൂനപക്ഷങ്ങള്‍ക്കും എന്ന അനുപാതത്തിലാണ്.
വി.എസ്. അച്യുതാനന്ദന്റെ നേതൃത്വത്തിലുള്ള കമ്യൂണിസ്റ്റ് സര്‍ക്കാര്‍ നിയോഗിച്ച പാലൊളി മുഹമ്മദ്കുട്ടി കമ്മീഷന് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്ത് കൊണ്ടുവന്ന നയമാണ് ഈ അനുപാതത്തിന് അടിസ്ഥാനം. കേന്ദ്രത്തിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ മന്‍മോഹന്‍സിങ്ങിന്റെ ഭരണത്തില്‍ അവതരിപ്പിച്ച സച്ചാര്‍ കമ്മീഷന് റിപ്പോര്‍ട്ടിന്റെ നടപ്പിലാക്കലിനാണ് പാലൊളി കമ്മിറ്റിയെ വച്ചത്. എന്നാല്‍, ക്രിസ്ത്യന്‍ സഭകളുടെ വോട്ടുവാങ്ങി അധികാരത്തില്‍ വന്ന ഉമ്മന്‍ചാണ്ടി സര്‍ക്കാരും പാലൊളി കമ്മീഷന് പിന്തുടര്ന്നു. ഇപ്പോള്‍ പിണറായി സര്‍ക്കാര്‍ അതിനുമപ്പുറം കടന്ന് മുസ്ലിം വോട്ടിന് പ്രവര്‍ത്തിക്കുന്നുവെന്നാണ് സഭാ നേതൃത്വത്തിന്റെ ഔദ്യോഗിക പരാതികള്‍. സിനഡിലും ബിഷപ്സ് കൗണ്‍സില്‍ മീറ്റിങ്ങിലും പ്രമേയ രൂപത്തില്‍ ന്യൂനപക്ഷങ്ങളിലെ ഭൂരിപക്ഷ-ന്യൂനപക്ഷ വിവേചനത്തിനെതിരേ പ്രമേയങ്ങള്തന്നെയുണ്ടായി.
ലൗ ജിഹാദ്, വിദ്യാഭ്യസ നയം തുടങ്ങിയ കാര്യങ്ങളില്‍ എല്‍ഡിഎഫിന്റേയും യുഡിഎഫിന്റേയും മുസ്ലിംപ്രീണന നയത്തിനെതിരെ കുറച്ചു നാളായി സഭകള്‍ പ്രത്യക്ഷമായും പരോക്ഷമായും പ്രചാരണം നടത്തുന്നുണ്ട്. സഭ നേരിട്ടു വരാതെ വിശ്വാസികളുടെ കൂട്ടായ്മകളിലൂടെയും പ്രസിദ്ധീകരണങ്ങളിലൂടെയും നിലപാടുകള്‍ ശക്തമായി അറിയിച്ചിരുന്നു. ഇതിനു തുടര്‍ച്ചയാണ് ഇപ്പോള്‍ ഉടലെടുത്തിരിക്കുന്ന തര്‍ക്കവും അതൃപ്തിയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: