കൊല്ലം: കൊട്ടിയത്ത് വന്‍ മയക്കുമരുന്നുവേട്ട. മൂന്നരക്കിലോ കഞ്ചാവും കാറും പിടികൂടി. രണ്ടുപേര്‍ അറസ്റ്റില്‍. മുഖ്യപ്രതി ഓടി രക്ഷപ്പെട്ടു.
കൊട്ടിയം പട്ടരുമുക്കില്‍ നിന്നാണ് മൂന്നരക്കിലോ കഞ്ചാവുമായി പള്ളിമുക്ക് പീടികയില്‍ വീട്ടില്‍ നൗഫല്‍, തമിഴ്നാട്ടിലെ മധുര മൊട്ടമല ശ്രീനിവാസ് കോളനിയില്‍ സെല്‍വകുമാര്‍ എന്നിവരെ കൊല്ലം എക്സൈസ് സ്പെഷ്യല്‍ സ്ക്വാഡ് സിഐ ഐ. നൗഷാദും സംഘവും ചേര്‍ന്ന് പിടികൂടിയത്. പ്രധാനപ്രതിയും നിരവധി ക്രിമിനല്‍കേസുകളിലെ പ്രതിയുമായ പട്ടരുമുക്ക് കുടിയിരിത്ത് വയല്‍, വയലില്‍ പുത്തന്‍വീട്ടില്‍ റഫീഖ് സംഭവസ്ഥലത്തുനിന്ന് ഓടിരക്ഷപ്പെട്ടു.
പട്ടരുമുക്ക് കുണ്ടുകുളം കേന്ദ്രീകരിച്ച് റഫീഖിന്റെ നേതൃത്വത്തില്‍ കഞ്ചാവ് വില്‍ക്കുന്നുണ്ടെന്ന് ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ സനുവിന് പരാതി ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ എക്സൈസ് സ്പെഷ്യല്‍ സ്ക്വാഡ് പ്രത്യേക ഷാഡോസംഘത്തെ രൂപീകരിച്ച് നിരീക്ഷണം ആരംഭിച്ചു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പ്രതികള്‍ പിടിയിലായത്. മധുരയില്‍ നിന്ന് സെല്‍വകുമാര്‍ അഞ്ചുകിലോ കഞ്ചാവ് കൊണ്ടുവരികയും റഫീഖ്, നൗഫല്‍ എന്നിവര്‍ ചേര്‍ന്ന് അതില്‍ നിന്നും രണ്ടു കിലോയോളം കഞ്ചാവ് ചെറിയ പൊതികളാക്കി രണ്ടുദിവസമായി വിറ്റു. ഈ സംഘം കുണ്ടുകുളം കേന്ദ്രീകരിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തിരുന്നു. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
എക്സൈസ് സംഘത്തെ കണ്ട് റഫീഖ് സംഭവസ്ഥലത്തുനിന്നും ഓടിപ്പോയി. ഇക്കഴിഞ്ഞ മെയ് മാസത്തില്‍ പോലീസിനെ ആക്രമിച്ച് കനാലിലെ തുരങ്കത്തില്‍ ഒളിച്ച റഫീഖിനെ അന്ന് സാഹസികമായാണ് പോലീസ് പിടികൂടിയത്. അതിനുശേഷം ജയിലില്‍ നിന്നും ഇറങ്ങിയ റഫീഖ് നൗഫലുമായി ചേര്‍ന്ന് കഞ്ചാവ് വില്‍ക്കുകയായിരുന്നു. സെല്വകുമാറില് നിന്ന് കിലോക്ക് ഇരുപതിനായിരംരൂപ നിരക്കിലാണ് ഇവര്‍ കഞ്ചാവ് വാങ്ങിയിരുന്നത്.
സംസ്ഥാനാതിര്‍ത്തിയിലെ ഇടറോഡുകള്‍ വഴിയാണ് സെല്‍വകുമാര്‍ കഞ്ചാവ് കടത്തിയത്. കഞ്ചാവ് തൂക്കുന്ന ഡിജിറ്റല്‍ ത്രാസും കണ്ടെടുത്തു. കഞ്ചാവ് കടത്താന്‍ ഉപയോഗിച്ച റഫീഖിന്റെ കാര്‍ മേവറം ബൈപ്പാസിനു സമീപത്തുള്ള വര്‍ക്ഷോപ്പിന്റെ മുന്നില്‍ നിന്നും എക്സൈസ് സംഘം കസ്റ്റഡിയിലെടുത്തു. ഈ കാറില്‍ നിന്നും 100 ഗ്രാം കഞ്ചാവും കണ്ടെടുത്തു. കാറിന്റെ ഡ്രൈവര്‍ സീറ്റിനടിയില്‍ രഹസ്യ അറ നിര്‍മിച്ച് അതിനുള്ളിലാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. പിടികൂടിയ നൗഫലും നിരവധി മോഷണക്കേസുകളിലെ പ്രതിയാണ്.
കഞ്ചാവിന്റെ ഉറവിടം കണ്ടെത്തുന്നതിനും റഫീഖിനെ പിടികൂടുന്നതിനുമായി അസിസ്റ്റന്റ് എക്സൈസ് കമ്മീഷണര്‍ ബി. സുരേഷിന്റെ നേതൃത്വത്തില്‍ പ്രത്യേകസംഘം രൂപീകരിച്ചു. ചെറുകിട കച്ചവടക്കാര്‍ക്ക് മാത്രമേ റഫീഖ് കഞ്ചാവ് വില്‍ക്കാറുള്ളൂ. 100 ഗ്രാം 7000 രൂപയ്ക്കാണ് വില്‍ക്കുന്നത്. പരിശോധനയില്‍ എക്സൈസ് ഇന്‍സ്പെക്ടര്‍ ടി. രാജീവ്, പ്രിവന്റീവ് ഓഫീസര്‍മാരായ എസ്. നിഷാദ്, പി. വിധുകുമാര്‍, ബിനുലാല്‍, സിവില്‍ എക്സൈസ് ഓഫീസറന്മാരായ പി.എസ്. ശരത്, ആര്. വിഷ്ണു, മനു കെ. മണി, ഡ്രൈവര്‍ ആര്. നിതിന്‍ എന്നിവര്‍ പങ്കെടുത്തു.
പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ വശീകരിച്ച് കഞ്ചാവിന്റെ അടിമകളാക്കുകയും അങ്ങനെ അടിമകളാകുന്നവര്‍ക്ക് കഞ്ചാവും പണവും മറ്റും നല്കി കൂടെനിര്‍ത്തി അവരെ കൊണ്ടു കഞ്ചാവ് വില്‍പ്പിക്കുകയും ചെയ്യുന്നതാണ് റഫീഖിന്റെ രീതി. എട്ടും പൊട്ടും തിരിയാത്ത പ്രായത്തിലുള്ള നിരവധി കുട്ടികളാണ് റഫീഖിന്റെ വലയില്‍പ്പെട്ടിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: