കൊല്ലം: പുതിയ പെട്രോള്‍ പമ്പുകള്‍ക്ക് കളക്ടര്‍ നിര്‍മാണ അനുമതി നല്കുമ്പോള് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ നിലവിലുള്ള പൊതുജന സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കണമെന്ന് കൊല്ലം ജില്ലാ പെട്രോളിയം ഡീലേഴ്സ് അസോസിയേഷന്.
കേരളത്തില്‍ നിലവില്‍ 2500 പെട്രോള്‍ പമ്പുകള്‍ പ്രവര്‍ത്തിച്ചുവരുന്നു. ഇതില്‍ 80 ശതമാനം പമ്പുകളും മതിയായ കച്ചവടമില്ലാതെ നഷ്ടത്തിലാണ്. ഇതേ അവസ്ഥയാണ് കൊല്ലത്തും. കോവിഡ് കൂടിയായപ്പോള്‍ മിക്കവാറും എല്ലാ പമ്പുകളുടെയും പതനം ഉറപ്പായി. കൂടാതെ 2025 ഓടെ ബാറ്ററി, സോളാര്‍ വാഹനങ്ങള്‍ വരികയാണ്. ഇതിന് സര്‍ക്കാര്‍ പ്രോത്സാഹനവുമുണ്ട്. മലിനീകരണം കുറയ്ക്കുക എന്ന ഉദ്ദേശത്തോടെ പെട്രോള്‍, ഡീസല്‍ വാഹനങ്ങള്‍ നിരത്തില്‍ നിന്നും ഒഴിവാക്കാനാണിത്. ഈ സാഹചര്യത്തില്‍ നിലവിലുള്ള പെട്രോള്‍ പമ്പുകളുടെ സംരക്ഷണം ലക്ഷ്യമാക്കി മുഖ്യമന്ത്രി മുന്‍കൈയെടുത്ത് മന്ത്രി ജി. സുധാകരന്, തിലോത്തമന് എന്നീ മന്ത്രിമാര്‍ ഓയില്‍ കമ്പനി ഉദ്യോഗസ്ഥരും ട്രേഡ് യൂണിയന് നേതാക്കളും അസോസിയേഷന് ഭാരവാഹികളുമായി നടത്തിയ ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ ചില മാനദണ്ഡങ്ങള്‍ ഉണ്ടാക്കിയിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ വിജ്ഞാപനം അടുത്തിടെ ഇറങ്ങുമെന്നാണ് അറിയുന്നത്.
ഇതിനിടയിലാണ് ചില റവന്യു, പഞ്ചായത്ത് ഉദ്യോഗസ്ഥര്‍ ചിലയിടങ്ങളില്‍ നിയമങ്ങള്‍ക്ക് പുല്ലുവില നല്കി പുതിയ പമ്പുകള്‍ക്ക് നിര്‍മാണാനുമതി നല്‍കിവരുന്നത്. ഒരുവിഭാഗം സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ഈ നീക്കത്തിനെതിരെ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് അസോസിയേഷന് ഭാരവാഹികളായ മൈതാനം വിജയനും സഫ അഷറഫും അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: