കണ്ണൂര്‍: സ്തനാര്‍ബുദരോഗ ബോധവല്‍ക്കരണവുമായി ബന്ധപ്പെട്ട് കണ്ണൂരിലെ ഡോക്ടര്‍മാരുടെ കൂട്ടായ്മ തയ്യാറാക്കിയ ഹ്രസ്വചിത്രം ദേശീയ അംഗീകാരത്തിന്റെ നിറവില്‍. കണ്ണൂരിലെ ഗൈനക്കോളജിസ്റ്റുകള്‍ തയ്യാറാക്കിയ ‘ജസ്റ്റ് 5 മിനിറ്റ്സ്’ എന്ന ഷോര്‍ട് ഫിലിമാണ് ദേശീയ ശ്രദ്ധ പിടിച്ചു പറ്റിയിരിക്കുന്നത്. ഗൈനക്കോളജിസ്റ്റുകളുടെ ദേശീയ സംഘടനായ ഫോഗ്സി സംഘടിപ്പിച്ച ഷോര്‍ട് ഫിലിം മത്സരത്തില്‍, വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള 70 ഓളം ഹ്രസ്വചിത്രങ്ങളോട് മത്സരിച്ചാണ് ഏറ്റവും മികച്ച ചിത്രത്തിനുള്ള ദേശീയ പുരസ്കാരം നേടിയത്. പതിനായിരം രൂപയും, പ്രശംസാ പത്രവുമാണ് പുരസ്കാരം.
സാധാരണ കണ്ടുവരാറുള്ള രീതിയില്‍ നിന്നും വിത്യസ്തമായ ഒരു പ്രമേയമാണ് ‘ജസ്റ്റ് 5 മിനിറ്റ്സ് ‘ ചര്‍ച്ച ചെയ്യുന്നത്. ബോധവത്കരണം തുടങ്ങേണ്ടത് വീട്ടില്‍ നിന്നാണ്. അതിനാല്‍, ഒരു സ്ത്രീയെ ബോധവത്കരിക്കുന്നതില്‍ സ്വന്തം പങ്കാളിക്കും, കുട്ടികള്‍ക്കും എന്ത് പങ്ക് വഹിക്കാന്‍ പറ്റും എന്ന പ്രമേയം ചിത്രം മുന്നോട്ടു വെയ്ക്കുന്നു.
ഓരോ 4 മിനിറ്റിലും ഒരു സ്തനാര്‍ബുദരോഗം കണ്ടുപിടിക്കപ്പെടുന്ന നമ്മുടെ രാജ്യത്ത് ഒരു സ്ത്രീ സ്വയ പരിശോധനക്ക് വേണ്ടി മാറ്റിവെക്കേണ്ട 5 മിനിറ്റിനെ ചിത്രം ഓര്‍മപ്പെടുത്തുന്നു. ഹ്രസ്വചിത്രത്തിന്റെ കഥ, തിരകഥ, സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് കണ്ണൂരിലെ ഗൈനക്കോളജിസ്സ്റ്റായ ഡോ. ഷൈജസ്സാണ്. അദ്ദേഹവും, അദ്ദേഹത്തിന്റെ മകളായ നിഹാരിക ഷൈജസ്സും കണ്ണൂരിലെ തന്നെ ഗൈനക്കോളജിസ്റ്റായ ഡോ. ഷോണി തോമസ്സും, മകളായ ഐറിന് മരിയ റോയിയുമാണ് ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്. ഹ്രസ്വ ചിത്രത്തിന്റെ ക്യാമറ ജിജു ഭാസ്കരനും, എഡിറ്റിംഗ് എം,വി, ജനിതും, ഡ്രോണ്‍ സംഗീതും, സംഗീതം റിജോ ജോസഫുമാണ് നിര്‍വഹിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: