തിരുവനന്തപുരം: ജോസ് കെ.മാണി രാജിവച്ച സീറ്റ് സിപിഎം ഏറ്റെടുക്കാന്‍ പോകുന്നുവെന്നത് കേരള കോണ്‍ഗ്രസ്സ് ജോസ് വിഭാഗത്തിന് എല്‍.ഡി.എഫില്‍ ഉണ്ടാകാന്‍ പോകുന്ന ദുരന്തത്തിന്റെ ആദ്യാനുഭവം ആയിരിക്കുമെന്ന് ഉമ്മന്‍ചാണ്ടി.
കോണ്‍ഗ്രസ്സിന് തികച്ചും അര്‍ഹമായ രാജ്യസഭാ സീറ്റ് അന്ന് ലോകസഭാംഗമായിരുന്ന ജോസ് കെ. മാണിക്ക് നല്‍കിയത് കെ എം മാണിക്ക് വേണ്ടി കോണ്‍ഗ്രസ്സ് നടത്തിയ വലിയ വിട്ടുവീഴ്ചയായിരുന്നു. യു.ഡി.എഫില്‍ നിന്ന് എം.പി. വീരേന്ദ്രകുമാര്‍ നേടിയ രാജ്യസഭാ സീറ്റ് രാജിവച്ച് അദ്ദേഹം എല്‍.ഡി.എഫിലേയ്ക്ക് പോയപ്പോള്‍ ആ സിറ്റ് അദ്ദേഹത്തിന് തന്നെ നല്‍കുകയും മരണശേഷം മകന് ശ്രേയാംസ്കുമാറിന് സീറ്റ് ലഭിക്കുകയും ചെയ്തു. എന്നാല്‍, ജോസ് കെ.മാണി രാജിവച്ച സീറ്റ് സിപിഎം ഏറ്റെടുക്കാന്‍ പോകുന്നു.
മാണി ക്കെതിരേ ഉന്നയിച്ച എല്ലാ ആരോപണങ്ങളും വിഴുങ്ങിയ സി.പി.എം അവസരവാദ രാഷ്ട്രീയത്തിന്റെ ഉദാഹരണമാണ്. മാണി തെറ്റുകാരനല്ലെന്ന് അറിഞ്ഞുകൊണ്ട് തന്നെയാണ് അദ്ദേഹത്തിനെതിരായ സി.പി.എം. സമരം നടത്തിയതെന്ന് പറയുന്ന എല്‍.ഡി.എഫ്. കണ്‍വീനര്‍ അദ്ദേഹത്തിന്റെ കല്ലറയില്‍ പോയി മാപ്പു പറയണമെന്നും ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടു.
ഇടതു മുന്നണി പ്രവേശനം കെ.എം.മാണി ഉയര്‍ത്തിപ്പിടിച്ച രാഷ്ട്രീയത്തിനുള്ള അംഗീകാരമാണെന്ന ജോസ് കെ മാണിയുടെ അവകാശവാദം മാണിയോടുള്ള അവഹേളനമാണ്. മാണിയെ സിപിഎം നിര്‍ദയം വേട്ടയാടിയത് ജോസ് കെ മാണി മറന്നാലും അദ്ദേഹത്തെ സ്നേഹിക്കുന്നവര്‍ മറക്കുകയോ പൊറുക്കുകയോ ചെയ്യില്ല.
കാണ്ടാമൃഗത്തെക്കാള്‍ തൊലിക്കട്ടിയുള്ളയാളാണെന്നാണ് മാണിയെ കോടിയേരി വിശേഷിപ്പിച്ചത്. കെടാത്ത തീയും ചാകാത്ത പുഴുവുമുള്ള നരകത്തില്‍ പോകുമെന്നാണ് വി.എസ് അച്യുതാന്ദന് പറഞ്ഞതത്. വീട്ടില്‍ നോട്ടെണ്ണുന്ന യന്ത്രമുണ്ടെന്നു വരെ പ്രചരിപ്പിച്ചു. കോഴവീരന്റെ ബജറ്റ് അവതരണം, മാണി ജനാധിപത്യത്തിനു തീരാക്കളങ്കം, മാണി മാനംകെട്ടു തുടങ്ങിയ തലക്കെട്ടുകള്‍ പാര്‍ട്ടി പത്രം നിരത്തി. ഇതെല്ലാം മറന്ന് നിസാര സംഭവങ്ങള്‍ ഊതിപ്പെരുപ്പിച്ച് സി.പി.എം. പാളയത്തില്‍ എത്തിയ ജോസ് കെ മാണിക്ക് കേരള കോണ്‍ഗ്രസ് അണികളോട് മറുപടി പറയേണ്ടി വരും.ഉമ്മന്‍ ചാണ്ടി പറഞ്ഞു
പ്രതികരിക്കാൻ ഇവിടെ എഴുതുക: