വിപ്ലവാത്മകമായി ചിന്തിക്കാനും ധീരമായി പ്രവര്‍ത്തിക്കാനും കഴിഞ്ഞ വി.ടി.ഭട്ടതിരിപ്പാടിനെപ്പോലെയുള്ള നവോത്ഥാനനായകര്‍ ചുരുങ്ങും. നമ്പൂതിരി സമുദായത്തെ അക്ഷരാര്‍ത്ഥത്തില്‍ അടുക്കളയില്‍നിന്ന് അരങ്ങത്തേക്കുകൊണ്ടുവരാന് വി.ടി ശ്രമിച്ചപ്പോള്‍ അക്കിത്തം ഒപ്പമുണ്ടായിരുന്നു.
വി.ടി.ഭട്ടതിരിപ്പാട്, ഇഎംഎസ്, ഒ.എം.സി മുതലായവരുടെ കൂടെ യോഗക്ഷേമ സഭയില്‍ പ്രവര്‍ത്തിക്കുകയാണ് ഞാന്‍ ചെയ്തത്. അതിന് കാരണം കാലോചിതമെന്ന് എനിക്ക് തോന്നിയ ഇംഗ്ലീഷ് വിദ്യാഭ്യാസത്തിനും മറ്റും കുടുംബാന്തരീക്ഷത്തിലെ യാഥാസ്ഥിതികത്വം തടസ്സം സൃഷ്ടിച്ചു എന്നതാണ്. വി.ടിയും എന്റെ അച്ഛന് വാസുദേവന്‍ നമ്പൂതിരിയും കൂടല്ലൂര്‍ ഗുരുകുലത്തില്‍ ഒന്നിച്ച് പഠിച്ചവരായിരുന്നു. അച്ഛന് വയസ്സ് കൂടും.
എംആര്‍ബി, വി.ടി തുടങ്ങിയവരുമൊത്തുള്ള ഓര്‍മകളുടെ തുടക്കം എവിടെനിന്നാണ്?
‘ഉല്‍ബുദ്ധകേരളം’ എന്ന വി.ടിയുടെ പത്രത്തിന്റെ ആസ്ഥാനം കൊടുമുണ്ട ഗ്രാമത്തിലെ ‘കോളനി’ എന്ന സങ്കേതമായിരുന്നു. അവിടെ ഒരു പ്രസ് പ്രവര്‍ത്തിച്ചിരുന്നു. അവിടെ അടുത്താണ് എന്റെ അമ്മാത്ത്, ചേകൂര്മന. മാത്രമല്ല, കോളനിയില്‍ വി.ടി, എംആര്‍ബി, ആര്യാപള്ളം, മിസിസ്സ് എംആര്‍ബി മുതലായവരുടെ കൂടെ എന്റെ അമ്മയുടെ ജ്യേഷ്ഠത്തിയുടെ മകന് നരിപ്പറ്റ കേശവന് ഭട്ടതിരിപ്പാട് ഉണ്ടായിരുന്നു. അമ്മയുടേയും ദാസിയുടേയും കൂടെ നടന്നുകൊണ്ട് തോണിയില്‍ വെള്ളിയാങ്കല്ല് പുഴ കടന്ന് വീണ്ടും തൃത്താല പാടത്തുകൂടി നടന്നുകൊണ്ട് പത്തുനാഴിക ദൂരെയുള്ള എന്റെ ഇല്ലത്തേക്ക് വരിക പതിവായിരുന്നു. ആ സമയത്ത് കൊടുമുണ്ട പാടത്തുവെച്ചോ തൃത്താല പാടത്തുവെച്ചോ ഓവുപാലത്തിന്മേല് ഇരുന്ന് സംസാരിക്കുന്ന വി.ടി, എംആര്‍ബി, നരിപ്പറ്റ കേശവേട്ടന് എന്നിവരെ കാണുമായിരുന്നു. ”ആത്തേമാരോളുടെ കുട തല്ലിപൊളിക്കുന്ന ആളാണ് ആ പാലത്തിന്മേലിരിക്കണത്” എന്ന് അമ്മ പറഞ്ഞ നിമിഷം ഓര്‍മയിലേക്ക് കടന്നുവരുന്നു. വി.ടിയെയാണ് അമ്മ ഉദ്ദേശിച്ചത്. അപ്പോള്‍ ഓലക്കുടയുടെ പുറത്തേക്ക് അമ്മയുടെ ഒക്കത്തിരുന്നുകൊണ്ട് ഞാന്‍ എത്തിനോക്കിയത് ഓര്‍മയിലുണ്ട്. പ്രേംജി എന്റെ ശ്രദ്ധയില്‍ വന്നത് പിന്നീടാണ്. ഒറ്റപ്പാലം ഒ.എം.ഹൗസില്‍ യോഗക്ഷേമസഭ പുനരുദ്ധാരണയോഗത്തില് വച്ചാണ് അത് സംഭവിച്ചത്. 1941 ല്‍ ആണെന്നാണ് ഓര്മ. അതില്‍ ഇഎംഎസ് പങ്കെടുത്തിട്ടുണ്ട്.
സാമൂഹ്യ പരിഷ്കരണവുമായി രംഗത്തുവന്നവരില്‍ പലരും പില്ക്കാലത്തെ ഇഎംഎസ് നമ്പൂതിരിപ്പാടിനെ രാഷ്ട്രീയമായി പിന്‍പറ്റുകയുണ്ടായി. എന്നാല്‍ അക്കിത്തം ഈ വഴിയല്ല തെരഞ്ഞെടുത്തത്. എന്തായിരുന്നു വേറിട്ട ഈ തീരുമാനത്തിന് പിന്നില്‍?
ഇഎംഎസ്, വി.ടി, ഒഎംസി ഇവരൊന്നും സാമുദായിക രംഗത്ത് പറയത്തക്ക വ്യത്യസ്തരായിരുന്നില്ല. എന്നാല്‍ എന്റെ വീക്ഷണത്തിന് പിറകില്‍ നാലാപ്പാടന്‍, വി.ടി, ഒഎംസി, ഇടശ്ശേരി, കുട്ടികൃഷ്ണമാരാര്, ഏര്‍ക്കര എന്നിവരാണ് കൂടുതല്‍ പ്രകാശിച്ചത് എന്നുവേണമെങ്കില്‍ പറയാം. സാമ്പത്തിക സമത്വം എന്റെ വിദൂര ലക്ഷ്യങ്ങളില്‍ മുഖ്യമായ ഒന്നാണ്. ഇപ്പോള്‍ അമേരിക്കയും ഫ്രാന്‍സ് പോലെയുമുള്ള രാജ്യങ്ങള്‍കൂടി നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന കാര്യമാണ് സാമ്പത്തികസമത്വം എന്ന ആശയം. എന്നെ അതിലേക്ക് വികസിപ്പിച്ചതില്‍ ഇഎംഎസിന്റെ ‘സോഷ്യലിസം എന്തിന്’ എന്ന ലേഖനം, സി. അച്ചുതമേനോന്റെ ‘സോവിയറ്റ് നാട്’ എന്ന പു
സ്തകം, വെന്‍ഡല്‍ വില്ക്കിയുടെ ‘ഏകലോകം’ എന്ന പുസ്തകം ഇതിനൊക്കെ വലിയ പ്രാധാന്യമുണ്ട്. എല്ലാറ്റിനും പുറകില്‍ ഞാന്‍ ഏഴരവയസ്സുമുതല് ചൊല്ലിപ്പഠിച്ച ഋഗ്വേദത്തിലെ സംവാദ സൂക്തത്തിനും.
”സമാനോമന്ത്ര സ്സമിതിസ്സമാനീ സമാനം മനസ്സഹചിത്താമേഷാം” എന്നൊക്കെ പറയുന്ന ആ മന്ത്രം ഇന്നും ഞാന്‍ ഓരോ ദിവസവും ഉപാസിക്കുന്നു. എന്റെ വഴി ഈ രാജ്യത്തിന്റെ സംസ്കാരവുമായി ചേര്‍ന്ന വഴിയാണ്. ഞാന്‍ ആരേയും അനുകരിച്ചിട്ടില്ല. അനുകരിക്കരുത് എന്നാണ് ഇടശ്ശേരി പഠിപ്പിച്ചത്. അദ്ദേഹത്തെപ്പോലും അനുകരിക്കരുത് എന്ന്! എന്റെ ചുറ്റുപാടുകളില്‍ ശരി എന്ന് തോന്നിയ വഴി തെരഞ്ഞെടുത്തു. അതും ശരിയാണോ, പറയാന്‍ ആളല്ല.
വി.ടി നയിച്ച സാമൂഹ്യപരിഷ്കരണം വലിയൊരു സാഹിത്യലോകംതന്നെ മുന്നോട്ടുകൊണ്ടുവരികയുണ്ടായി. അക്കിത്തത്തിന്റെ കാര്യത്തില്‍ സാംസ്കാരിക പ്രവര്‍ത്തനവും സാഹിത്യസപര്യയും എങ്ങനെയാണ് ആരംഭിച്ചത്? ഇതില്‍ പൊന്നാനിക്കളരിയുടെ പങ്കെന്താണ്?
എന്റെ ആദ്യകാല കൃതികളെല്ലാം ഏറിയകൂറും നമ്പൂതിരിസമുദായ പരിഷ്കരണത്തെ പറ്റിയായിരുന്നു- വീരവാദം, വളകിലുക്കം, മനോരഥം, മനസ്സാക്ഷിയുടെ പൂക്കള്‍ എന്നിങ്ങനെയുള്ള പുസ്തകങ്ങളില്‍ ആ കൃതികളാണല്ലോ സമാഹരിക്കപ്പെട്ടത്. അവയെല്ലാം ഇടശ്ശേരി നോക്കിത്തന്നവയാണ്. ”ജന്മനാ ഏതുമനുഷ്യനും
നല്ലവനാണ്” എന്ന് എന്നെ പഠിപ്പിച്ചത് ഇടശ്ശേരിയാണ്. ജന്മനാ ഓരോ മനുഷ്യനും
നല്ലവനാണ്, അല്ലെങ്കില്‍ നല്ലവളാണ് എന്ന ബോധം തന്നെയല്ലേ പൊന്നാനിക്കളരിയുടെ ആണി വേര്?
”വഹ്നി സന്തപ്ത ലോഹസ്ഥാം
ബുബിന്ദുനാ
സന്നിഭം മര്‍ത്യജന്മം ക്ഷണഭംഗുരം”
എന്ന എഴുത്തച്ഛന്റെ ഈരടിവരെ പുറകോട്ടുപോകുന്നതാണ് ആ വേര്.
പൊന്നാനി കേന്ദ്രകലാസമിതി എന്നുവച്ചാല്‍ പൊന്നാനി താലൂക്ക് കേന്ദ്രകലാസമിതി എന്നായിരുന്നു അര്‍ത്ഥം. ഫോര്‍ട്ട് കൊച്ചിപോലും പൊന്നാനി താലൂക്കിന്റെ ഭാഗമായിരുന്നു. തവനൂര്‍ കുന്നത്തെ കേളപ്പജിയുടെ സന്നിധിയില്‍വച്ച് ഇടശ്ശേരിയും എം.ഗോവിന്ദനും പി.സി.കുട്ടികൃഷ്ണനും കുട്ടികൃഷ്ണമാരാരും എന്‍.വി.കൃഷ്ണവാരിയരും സി.ജെ.തോമസും ചിറക്കല്‍ ടി.ബാലകൃഷ്ണന് നായരും കെ.എ.കൊടുങ്ങല്ലൂരും എം.വി.ദേവനും ടാറ്റാപുരം സുകുമാരനും
എന്‍.ഗോവിന്ദന്‍കുട്ടിയും എഡ്ഡിയും പി.എ.സെയ്ത് മുഹമ്മദും പി.ജെ.ആന്റണിയും എല്ലാം ചേര്‍ന്ന് നടത്തിയ മൂന്നുദിവസത്തെ ഉത്സവം കേരളത്തെ മുഴുവന്‍ പിടിച്ചു കുലുക്കി. ഇടശ്ശേരിയുടെ ‘കൂട്ടുകൃഷി’ മാത്രമല്ല ‘നീ മനുഷ്യനെ കൊല്ലരുത്’ എന്ന എം.ഗോവിന്ദന്റെ നാടകം, ‘തീകൊണ്ട് കളിക്കരുത്’ എന്ന പി.സി.കുട്ടികൃഷ്ണന്റെ നാടകം, കെ.ടി.മുഹമ്മദിന്റെ പല നാടകങ്ങള്‍. ഇങ്ങനെ എത്രയോ സാഹിത്യകൃതികള്‍ക്ക് കാരണമായ കോഴിക്കോട്ടെ മലബാര്‍ കേന്ദ്രകലാസമിതിക്ക് കാരണം പൊന്നാനി കേന്ദ്രകലാസമിതിയായിരുന്നു. എം.എന്‍.റോയിയുടെ ‘ന്യൂ ഹ്യൂമനിസം’ ആയിരുന്നു ആ നവോത്ഥാനത്തിന്റെ പുറകിലുള്ള ഒരു മുഖ്യ പ്രചോദനം. കേന്ദ്ര കലാസമിതിയുടെ പുറകിലെ പ്രവര്‍ത്തനം ”സ്വാതന്ത്ര്യം തന്നെ അമൃതം” എന്ന ബോധം എന്നില്‍ ബലപ്പെടുത്തി.
കേരളത്തിന്റെ നവോത്ഥാന പരിശ്രമങ്ങളെ ഗാന്ധിയന്‍ മൂല്യങ്ങളുമായി കണ്ണിചേര്ത്തവരില് പ്രമുഖനാണ് കേളപ്പജി. എന്താണ് തോന്നിയിട്ടുള്ളത്?
കേളപ്പജിയുടെ പ്രവര്‍ത്തനത്തിന്റെ രണ്ടാംഘട്ടം മുഴുവന്‍ തിരുന്നാവായ മണപ്പുറത്തുനിന്ന് ജന്മമെടുത്തതായിരുന്നു. കേരളത്തിലെ സര്‍വോദയ പ്രസ്ഥാനം, വിനോബ ഭാവേയുടെ ഭൂദാനപ്രസ്ഥാനം, അങ്ങാടിപ്പുറത്ത് തളിക്ഷേത്ര പുനരുദ്ധാരണം ഇങ്ങനെ പില്ക്കാലത്തുണ്ടായ സംഭവങ്ങളത്രയും കേളപ്പജി എന്ന മഹാത്മാവിന്റെ മനസ്സുമായി ബന്ധപ്പെട്ടതാണല്ലോ. അതുമായി നാഭീനാളബന്ധം പുലര്‍ത്തിയ കവിയായിരുന്നു ഇടശ്ശേരി. അദ്ദേഹത്തിന്റെ കവിതകള്‍തന്നെ അതിന് സാക്ഷ്യം വഹിക്കുന്നു. നെഹ്റുവിന്റെ ഉദാരതയില്നിന്നുണ്ടായ സിലോണ്‍ ഗവര്‍ണര്‍ പദവിയെ തട്ടിത്തെറിപ്പിക്കാന്‍ കഴിഞ്ഞ ആളാണ് കേളപ്പജി. കേരളത്തിലെ ക്ഷേത്രങ്ങള്‍ക്ക് വര്‍ഷാശനം നല്കുന്നില്ലെങ്കില് തനിക്ക് രണ്ടാമതൊരു നിരാഹാരസത്യാഗ്രഹം നടത്തേണ്ടിവരുമെന്ന് തിരുവനന്തപുരത്ത് പോയി ഇഎംഎസിനോട് പറഞ്ഞ ആളാണ് കേളപ്പജി. സത്യഗ്രഹം വേണ്ടിവന്നില്ല.
അടിയന്തരാവസ്ഥക്കാലത്ത് ‘തപസ്യ’ എന്ന സംഘടനയിലേക്കുള്ള വരവ് അക്കിത്തത്തിന്റെ ജീവിതത്തിലെ നാഴികക്കല്ലുകളിലൊന്നായിരുന്നു. ആകാശവാണിയിലൂടെയാണ് ഈ വരവെന്ന് കേട്ടിട്ടുണ്ട്. അക്കാലത്തെ എങ്ങനെയാണ് ഓര്‍ക്കുന്നത്?
1950 കളില്‍ കോഴിക്കോട് റേഡിയോ നിലയം തൃശ്ശൂര്‍ ടൗണ്‍ഹാളില്‍ നടത്തിയ ഒരു കവി സമ്മേളനത്തില്‍ ഞാന്‍ അവതരിപ്പിച്ച ‘മഹിഷാസുരമര്ദിനി’ എന്ന കവിത മിനിട്ടുകളോളം നീണ്ടുനിന്ന കയ്യടിക്ക് കാരണമായി. സ്റ്റേഷന് ഡയറക്ടര്‍ പി.വി. കൃഷ്ണമൂര്‍ത്തി വന്ന് എന്നെ കെട്ടിപ്പിടിച്ചു. സദസ്സ് കയ്യടി തുടര്‍ന്നു. ഇങ്ങനെയൊരു സംഭവം ഉണ്ടായില്ലെങ്കില്‍ ഞാന്‍ കോഴിക്കോട്ട് നിലയത്തില്‍ ഉദ്യോഗസ്ഥനാവുമായിരുന്നില്ല. കൃഷ്ണമൂര്‍ത്തിയുടെ നിര്‍ദ്ദേശപ്രകാരം എന്നെ ആകാശവാണിയുമായി ബന്ധിപ്പിച്ചത് അന്ന് അവിടുത്തെ സ്ക്രിപ്റ്റ് റൈറ്ററായിരുന്ന പി.സി.കുട്ടികൃഷ്ണനാണ്, പില്ക്കാലത്തെ ഉറൂബ്.
ആകാശവാണി കോഴിക്കോട് നിലയത്തില്‍ ജോലിക്കാരനായത് 1956ല്‍ ആയിരുന്നു. വളരെ താമസിയാതെ കേസരി പത്രാധിപര്‍ എം.എ.കൃഷ്ണനുമായി അടുത്തബന്ധമുളവായി. 1975ല്‍ തൃശ്ശൂരില്‍ വന്നു. ആ എഴുപത്തിയഞ്ചിലാണ് കോഴിക്കോട് തപസ്യ രൂപം കൊണ്ടത്. എന്‍.എന്‍. കക്കാടാണ് തപസ്യയെപ്പറ്റി തൃശ്ശൂരിലുള്ള എനിക്ക് വിവരം തന്നത്. ”തപസ്യയുടെ പുറകിലുള്ള ശക്തി അടിയന്തരാവസ്ഥയെ ഉടനെ തെറിപ്പിക്കു”മെന്ന് അദ്ദേഹം ഫോണില്‍ പറഞ്ഞു. 1980നു ശേഷം തപസ്യ വാര്‍ഷികം തൃശ്ശൂരില്‍ നടന്നു. അന്നത്തെ സ്വാഗതസംഘത്തില്‍ ഞാനും തൃക്കൂര് പി.എസ്.വാരിയരെന്ന വാദ്യവിദഗ്ദ്ധനും ഉണ്ടായിരുന്നു. തപസ്യയുമായുള്ള ബന്ധം ദൃഢമായി. ഊഷ്മള സൗഹൃദത്തിന്റെ ഒരു കാലം.
നമ്മുടെ കാവ്യഭാവുകത്വത്തില്‍ ആധുനികത പിറക്കുന്നതിന് മുന്നെ ഉണ്ടായ ആധുനിക കവിതയാണ് ‘ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം’ എന്ന് കരുതാം. ആധുനികതയും ഉത്തരാധുനികതയുമൊക്കെ കടന്നുപോയ ഇന്നും മനുഷ്യരാശി പങ്കുവെയ്ക്കുന്ന ഉല്‍ക്കണ്ഠകള്‍ ആ കവിത ഉന്നയിക്കുന്നുണ്ട്. ഈ കവിതയുടെ ആവിര്‍ഭാവത്തെക്കുറിച്ച്?
1951 ല്‍ കുമരനല്ലൂരില്‍ ഇരുന്നുകൊണ്ടാണ് ‘ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം’ എഴുതിയത്. അതിന് മുമ്പത്തെ ഒരു പതിറ്റാണ്ടില്‍ എനിക്കുണ്ടായ അനുഭവങ്ങളില്‍നിന്നാണ് അത് പൊട്ടിത്തെറിച്ചത്. വാസ്തവത്തില്‍ അങ്ങനെയൊന്ന് ഞാന്‍ എഴുതണമെന്ന് തൃശ്ശൂരിലെ യോഗക്ഷേമം ആപ്പീസ് സെക്രട്ടറിയായിരുന്ന ശാസ്തൃശര്‍മന്‍ കരിക്കാട് എന്നെ ഉദ്ബോധിപ്പിച്ചുകൊണ്ടിരുന്നു. എനിക്ക് എഴുതാന്‍ ഭയമായിരുന്നു. ‘കല്‍ക്കത്താ തീസിസ്സ്’ എന്ന പ്രസിദ്ധമായ രണദിവെ പ്രസ്ഥാനമായിരുന്നു ആ കൃതിയിലൂടെ എതിര്‍ക്കപ്പെട്ടത്. അഞ്ച് വയസ്സുമുതല്‍ എന്റെ മനസ്സില്‍ കടന്നുകൂടിയ പ്രേരണയാണ് മഹാത്മജി എന്ന ഇളിച്ചിവായന്‍. ‘ഇളിച്ചിവായന്‍’ എന്ന് ഒരു കവിതതന്നെ ഞാന്‍ പില്ക്കാലത്ത് എഴുതി. അഹിംസയില്‍ അധിഷ്ഠിതമായ കമ്യൂണിസമേ എനിക്ക് ദഹിക്കുകയുള്ളൂ.
ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസത്തില്‍നിന്ന് ഭാഗവത വിവര്‍ത്തനത്തിലേക്കുള്ള കാവ്യപ്രയാണത്തെ എങ്ങനെയാണ് കാണുന്നത്?
ഭാരതത്തിലെ എല്ലാ സാഹിത്യവും ‘സത്യം ശിവം സുന്ദരം’ എന്ന ത്രിത്ത്വത്തിന്റെ അടിസ്ഥാനത്തിലുള്ളതായിരിക്കും എന്നാണ് തോന്നിയിട്ടുള്ളത്. അതൊരു പ്രിസം പോലെയാണ്. ഒരു ഭാഗത്തുനിന്നുനോക്കിയാല്‍ സത്യം. മറ്റൊരു ഭാഗത്തുനിന്നുനോക്കിയാല്‍ സുന്ദരം. എങ്കില്‍
”നിരുപാധികമാം സ്നേഹം
ബലമായിവരും ക്രമാല്‍
ഇതാണഴകി, തേ സത്യം
ഇത് ശീലിക്കല്‍ ധര്‍മവും”
എന്ന വരികള്‍ക്ക് വളരെ പ്രാധാന്യമുണ്ട് എന്ന് വരും. അവിടെനിന്ന് പുറപ്പെട്ടാല്‍ ഭാഗവതത്തിലെ
”അഹമേവാസമേവാഗ്രേ
നാന്യദ്യല് സദസല്പരം
പശ്ചാദഹം യദേതച്ച
യോവശിഷ്യേത സോസ്മ്യഹം”
എന്ന ശ്ലോകത്തിലല്ലാതെ ആര്‍ക്കും എത്താന്‍ കഴിയില്ല.
മഹര്‍ഷി അരവിന്ദന്റെ ഉത്തരപ്പാറ പ്രസംഗം മൊഴിമാറ്റിയിട്ടുണ്ടല്ലോ. അരവിന്ദ ദര്‍ശനത്തിന്റെ അടിസ്ഥാനത്തില്‍ ഭാരതത്തിന്റെ ഭാവിയെ എങ്ങനെയാണ് നോക്കിക്കാണുന്നത്?
മഹര്‍ഷി അരവിന്ദന് ജയിലില്‍ എങ്ങോട്ട് തിരിഞ്ഞപ്പോഴും കണ്ടത് നാരായണനെയായിരുന്നു.
”നാരായണാക്ഷരം പുണ്യം
ജിഹ്വാഗ്രേ യസ്യ വര്‍ത്തതേ
നാരായണസ്തമന്യേതി
വത്സം ഗൗരിവ വത്സലാ”
എന്ന ഭാരതശ്ലോകത്തിന്റെ വിപുലീകരണമാണ് വ്യാസന് പിന്നീട് എഴുതിയ ഭാഗവതം എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. അതുപോലെ മഹര്‍ഷി അരവിന്ദന്റെ ‘സാവിത്രി’യിലെ എനിക്ക് മനസ്സിലായ കാര്യങ്ങളില്‍ പ്രധാനം ഇതാണെന്നും തോന്നിയിട്ടുണ്ട്.
“A Conscious power has drawn the plan of life,
There is a meaning in each curve and line.’’
നമുക്ക് ആവശ്യം സമത്വസുന്ദരമായ ഒരു ലോകമാണ്. അതിന് കമ്യൂണിസം വിഭാവനം ചെയ്ത സാമ്പത്തിക സമത്വം വേണമെന്നത് ശരിയുമാണ്. പക്ഷേ, അതുകൊണ്ടുമാത്രം നിലനില്‍പ്പില്ല എന്നതാണ് ഇരുപതാംനൂറ്റാണ്ട് നമുക്ക് നല്കിയ പാഠം. ഈ സാഹചര്യത്തില്‍ അരവിന്ദന്റെ ദര്‍ശനം പരീക്ഷിച്ചുനോക്കാവുന്നതാണ്; എല്ലാ ജനാധിപത്യ വിശ്വാസികളും കൂടിച്ചേര്‍ന്ന് വ്യക്തികളെ ശുദ്ധീകരിക്കുന്ന ഒരു പ്രസ്ഥാനം. അരവിന്ദന്റെ അതിമാനുഷന്‍ (Superman) ഉണ്ടായിത്തീരണം. മനുഷ്യന് ചന്ദ്രനിലും ചൊവ്വയിലും അധിവാസമുറപ്പിക്കുമെന്ന മുന്‍ രാഷ്ട്രപതി അബ്ദുള്‍കലാമിന്റെ സങ്കല്‍പ്പം നടപ്പില്‍വരണമെങ്കില്‍ ആദ്യം ഇന്ത്യയിലെ 100 കോടിയിലേറെ മനുഷ്യരേയും അതിമാനുഷരുടെ പാതയില്‍ അണിനിരത്തണം. ഞാനെന്ന ഭാവം ഉപേക്ഷിക്കുകയാണ് ഇതിന് ആദ്യം വേണ്ടത്. ഓരോ കക്ഷിയും ഉണ്ടായി വരുന്നത് ഞാനെന്ന ഭാവത്തില്‍നിന്നാണ്. സനാതനധര്‍മം മാത്രമാണ് ഇതിനുള്ള പോംവഴി.
മനുഷ്യജീവിതത്തിലെ സകലപ്രശ്നങ്ങളും ഉള്ളടങ്ങിയ മഹാഭാരതം എഴുതി മുഴുമിപ്പിച്ചിട്ടും വ്യാസന്റെ മുഖം മ്ലാനമായിരുന്നു. ”എന്താ മുഖത്തൊരുമ്ലാനത?” എന്ന് നാരദ മഹര്‍ഷിക്ക് ചോദിക്കേണ്ടിവന്നു. ”ഞാന്‍ ഇവിടെ കയ്യുയര്‍ത്തി നിലവിളിക്കുന്നു. പക്ഷേ ഒരാളും എന്റെ ശബ്ദം കേള്‍ക്കുന്നില്ല” എന്നായിരുന്നു വ്യാസന്റെ ദുഃഖം.
ഭാരതത്തില്‍ വ്യാസന് ചെയ്തത് കഥാപാത്രങ്ങളെയെല്ലാം വേറെവേറെ വ്യക്തികളായിട്ട് കാണുകയാണ്. ഓരോ വ്യക്തിയിലും പ്രവര്‍ത്തിക്കുന്നത് ഭഗവാനാണ്. ഭഗവാന്റെ വേഷപ്പകര്‍ച്ചകള്‍ മാത്രമാണ് ലോകത്തിലെ സകല ജീവജാലങ്ങളും. അങ്ങനെയാണ് ഈ ഉലകം നാടകമായിത്തീരുന്നത്. ഈ വസ്തുത തെളിയിക്കാനായിട്ട് വ്യാസന് രണ്ടാമതൊരു ‘ഭാരതം’ എഴുതേണ്ടിവന്നു. അതാണ് ‘ഭാഗവതം.’
ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം എഴുതിപൂര്‍ത്തിയാക്കിയ കവി പിന്നീടും കവിതകളെഴുതുകയും അതിപ്പോള്‍ ‘ശ്രീമദ് ഭാഗവത’ത്തിന്റെ വിവര്‍ത്തനത്തില്‍ വിശ്രാന്തികൊള്ളുകയും ചെയ്യുന്നതില്‍ വ്യാസജന്മത്തിന്റെതന്നെ ഒരു അനുരണനമുണ്ട്.
”ഞാന്റെയും വമിയ്ക്കുന്ന
കാമക്രോധാദിതന് ചളി
പോയിത്തെളിഞ്ഞ ഹൃത്തെന്ന-
മദുഃഖം, അസുഖം സമം”
(കാമമോഹാദിയില്നിന്ന് വിമുക്തമായ മനസ്സിന് ദുഃഖവും സുഖവുമില്ല. തുല്യമാണ് രണ്ടും.)
പ്രതികരിക്കാൻ ഇവിടെ എഴുതുക: