(തുടര്‍ച്ച)
ആഘാതത്താല്‍ തലയ്‌ക്ക് ക്ഷതമേറ്റ് ബോധമറ്റ് വീഴുകയും ബോധം തെളിഞ്ഞാല്‍ പിച്ചും പേയും പറയുകയും ഓര്‍മ നഷ്ടപ്പെടുകയും ശരീരത്തിന്റെ തുലനാവസ്ഥ നഷ്ടമാവുകയും ചെയ്താല്‍ താഴെ പറയുന്ന തൈലം വളരെ പ്രയോജനകരമാണ്.
ഭൂനാഗം (വയലില്‍ നിന്നു കിട്ടുന്ന വലിയ ഞാഞ്ഞൂല്‍) 1കിലോ 200 ഗ്രാം, കരിങ്കുറിഞ്ഞി വേര് 600 ഗ്രാം എന്നിവയെടുക്കുക. ഭൂനാഗം മോരില്‍ അര മണിക്കൂര്‍ ഇട്ട ശേഷം കഴുകിയെടുത്ത് കരിങ്കുറിഞ്ഞി വേരും ചേര്‍ത്ത് 45 ലിറ്റര്‍ വെള്ളത്തില്‍ വെന്ത് 10 ലിറ്ററായി വറ്റിച്ച് പിഴിഞ്ഞെടുത്ത് അത് രണ്ടര ലിറ്റര്‍ എള്ളെണ്ണയും താഴെ പറയുന്ന കല്‍ക്കം അരച്ചതും ചേര്‍ത്ത് മെഴുകു പാകത്തില്‍ കാച്ചിയരച്ച് തേയ്‌ക്കുക.
കല്‍ക്കത്തിന്: കരിങ്കുറിഞ്ഞി വേര്, ഭൂനാഗം ഇവ ഓരോന്നും 60 ഗ്രാമും ചുക്ക്, അരത്ത, വെളുത്തുള്ളി, ദേവതാരം, കുറുന്തോട്ടി വേര് ഇവ ഓരോന്നും 30 ഗ്രാം വീതവും അരച്ചു ചേര്‍ത്ത് എണ്ണ തിളപ്പിക്കുക. ഈ തൈലം മൂന്നു പ്രാവശ്യം ആവര്‍ത്തിച്ചാല്‍ 10 മില്ലി വീതം ഉള്ളില്‍ കഴിക്കാനും കൊടുക്കാവുന്നതാണ്.
ആവര്‍ത്തിക്കുകയെന്നാല്‍ ആദ്യം കാച്ചിയെടുത്ത തൈലത്തില്‍ കഷായവും കല്‍ക്കവും വീണ്ടും ഉണ്ടാക്കി ചേര്‍ക്കുകയെന്ന് അര്‍ഥം. (ആദ്യമുണ്ടാക്കുന്നത് എണ്ണയിലാണ്. പിന്നീട് ആ തൈലമാണ് എണ്ണയ്‌ക്കു പകരം ഉപയോഗിക്കേണ്ടത്).
ഇങ്ങനെ മൂന്നു തവണ ആവര്‍ത്തിച്ചെടുത്ത തൈലം 10 മില്ലി ഉള്ളില്‍ കഴിക്കുകയും ആദ്യതവണ എണ്ണമാത്രമുപയോഗിച്ചുണ്ടാക്കിയ തൈലം തേയ്‌ക്കുകയും ചെയ്താല്‍ തലയ്‌ക്കേറ്റ ക്ഷതത്താലുണ്ടായ ചിത്തഭ്രമവും ഓര്‍മക്കുറവും മാറി ആരോഗ്യം പൂര്‍വാവസ്ഥയിലെത്തും. ലേഖകന്‍ ഇത് പ്രയോഗിച്ച് ഭേദപ്പെടുത്തിയിട്ടുള്ളതാണ്.
ക്ഷതത്താലോ വാതത്താലോ ഉണ്ടാകുന്ന ഞരമ്പു പിടിത്തം (ഞരമ്പു പിടിത്തമെന്നാല്‍ ഞരമ്പുകളുടെ ചലനശക്തി നഷ്ടമായി ഒരേ അവസ്ഥയിലിരിക്കുന്നത്) , ക്ഷതത്താലുള്ള മെലിച്ചില്‍ എന്നിവയ്‌ക്ക് താഴെ പറയുന്ന തൈലം വളരെ ശ്രേഷ്ഠമാണ്.
പഴുത്തുവീണ മടത്തല (തെങ്ങിന്റെ മടലിന്റെ തടിച്ച ഭാഗം) യില്‍ നിന്നെടുത്ത ചോറ് അരക്കിലോയും, ഉലുവ, മുതിര 250 ഗ്രാം വീതവും എടുത്ത് കിഴികെട്ടി 12 ലിറ്റര്‍ വെള്ളത്തില്‍ വെന്ത് മൂന്ന് ലിറ്റര്‍ ആകുമ്പോള്‍ വാങ്ങി കിഴികള്‍ നന്നായി പിഴിഞ്ഞ് അരിച്ചെടുത്ത് അതില്‍ രണ്ട് കിലോ ആനയടി ഇടിച്ചു പിഴിഞ്ഞ നീര് ഒരു ലിറ്റര്‍ ചേര്‍ത്ത് 35 ഗ്രാം കരിങ്കുറിഞ്ഞി വേര് കല്‍ക്കവും ചേര്‍ത്ത് മുക്കാല്‍ ലിറ്റര്‍ എള്ളെണ്ണയില്‍ മെഴുകു പാകത്തില്‍ കാച്ചിയരിച്ച് തേയ്‌ക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: