തിരുവനന്തപുരം: കുമ്മനം രാജശേഖരനെതിരായ കേസിന് പിന്നില്‍ പ്രവര്‍ത്തിച്ചിരിക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയന്റെ കുബുദ്ധിയാണെന്ന് ബിജെപി മുന്‍ അധ്യക്ഷന്‍ പി. കെ. കൃഷ്ണദാസ്. അനുദിനം പുറത്തു വരുന്ന അഴിമതിക്കഥകള്‍ സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കുമ്പോള്‍ അതില്‍ നിന്ന് രക്ഷപ്പെടാനുള്ള ഒളിയുദ്ധമാണ് പോലീസിനെ ഉപയോഗിച്ചുള്ള ഈ വ്യാജക്കേസെന്നും തികഞ്ഞ ത്യാഗിയും യോഗിയുമായ കുമ്മനത്തിനെതിരായ ആരോപണം അരിഭക്ഷണം കഴിക്കുന്ന മനുഷ്യര്‍ വിശ്വസിക്കില്ല കൃഷ്ണദാസ് കുറ്റപ്പെടുത്തി. പരാതിയില്‍ പോലും കുമ്മനത്തിനെതിരെ കേസെടുക്കാന്‍ തക്ക പരാമര്‍ശങ്ങള്‍ ഇല്ല.
സ്വര്‍ണക്കള്ളക്കടത്തും ലൈഫ് മിഷന് അഴിമതിയും മന്ത്രിമാരുടെ പ്രോട്ടോക്കോള്‍ ലംഘനവും ഉള്‍പ്പെടെ അഴിമതികളുടെ കൂത്തരങ്ങായി മാറിയ പിണറായി ഭരണത്തിനെതിരെ മുന്നില്‍ നിന്ന് പട നയിക്കുന്ന കുമ്മനത്തെ പോലുള്ള ജനനായകരെ വ്യാജക്കേസുകൊണ്ട് ഒതുക്കാമെന്നുള്ളത് സി.പി.എമ്മിന്റെ വ്യാമോഹം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. കയ്യില്‍ ഉള്ളതെല്ലാം സമാജത്തിന് വേണ്ടി ത്യജിച്ചു മാത്രമേ കുമ്മനത്തിന് ശീലമുള്ളു, അദ്ദേഹത്തെ കുറിച്ച് മെനയുന്ന ഇല്ലാക്കഥകള്‍ക്ക് കാലവും പ്രകൃതിയും മറുപടി നല്‍കുമെന്നും കൃഷ്ണദാസ് കുറ്റപ്പെടുത്തി.
സിപിഎം നേതാക്കള്‍ പ്രതികളായ 150 ഓളം കേസുകള്‍ എഴുതിതള്ളാന്‍ തീരുമാനിച്ച് ദിവസം തന്നെ ബിജെപി നേതാവിനെതിരെ കള്ളക്കേസ്സെടുത്തതിന്റെ രാഷ്ട്രീയം ജനങ്ങള്‍ക്കറിയാം. വ്യാജക്കേസിനെ നിയമപരമായും രാഷ്ട്രീയമായും ബി ജെ പി നേരിടും, പൊതു സമൂഹവും കുമ്മനത്തോടൊപ്പമാണെന്ന് പ്രതികരണങ്ങളില്‍ നിന്ന് വ്യക്തമാണെന്നും കൃഷ്ണദാസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: