ന്യൂദല്‍ഹി : കൊറോണ വ്യാപനത്തെ തുടര്‍ന്ന് രാജ്യത്ത് ഏര്‍പ്പെടുത്തിയ വിസ നിയന്ത്രണങ്ങള്‍ക്ക് അയവ് വരുത്തുന്നു. ഓവര്‍സീസ് സിറ്റിസണ്‍ ഓഫ് ഇന്ത്യ (ഒസിഐ) കാര്‍ഡ് ഉടമകള്‍ക്കും വിദേശികള്‍ക്കും വിനോദസഞ്ചാരം ഒഴികെയുള്ള കാര്യങ്ങള്‍ക്ക് ഇന്ത്യയിലേക്ക് വരാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം അനുമതി നല്കി.
നിലവിലുള്ള വിസകളുടെ കാലാവധിയും പുനഃസ്ഥാപിച്ചിട്ടുണ്ട്. നിയന്ത്രണങ്ങളില്‍ അയവ് വരുത്തുന്നതോടെ ഇന്ത്യയിലേക്ക് വരാന്‍ ആഗ്രഹിക്കുന്ന സ്വദേശികള്‍ക്കും വിദേശികള്‍ക്കും വിസ ചട്ടങ്ങളില്‍ ഇളവുകള്‍ കൊണ്ടുവരാന്‍ തീരുമാനിച്ചിട്ടുണ്ട്. ഘട്ടം ഘട്ടമായിട്ടാകും ഇളവുകള്‍ നല്‍കുന്നത്. ഇലക്ട്രോണിക് വിസ, ടൂറിസ്റ്റ് വിസ, മെഡിക്കല്‍ വിസ എന്നിവ ഒഴികെ മറ്റെല്ലാ വിസകളുടെയും കാലാവധി എത്രയും പെട്ടെന്ന് നീട്ടിനല്‍കാനും കേന്ദ്രം തീരുമാനിച്ചിട്ടുണ്ട്.
ഇതു പ്രകാരം ഒസിഐ കാര്‍ഡുള്ളവര്‍ക്കും വിദേശികള്‍ക്കും തുറമുഖങ്ങള്‍ വഴിയും വിമാനത്താവളങ്ങള്‍ വഴിയും രാജ്യത്തേക്ക് പ്രവേശിക്കാം. വന്ദേ ഭാരത് ദൗത്യത്തിലെ വിമാനങ്ങളിലൂടെയും നോണ്‍ ഷെഡ്യൂള്‍ഡ് കൊമേഴ്സ്യല്‍ വിമാനങ്ങളിലൂടെയും വരാം.
അതേസമയം ഇന്ത്യയിലേക്ക് വരുന്ന മുഴുവന്‍ ആളുകളും ആരോഗ്യ മന്ത്രാലയത്തിന്റെ കൊറോണ മാനദണ്ഡങ്ങള്‍ കര്‍ശ്ശനമായി പാലിച്ചിരിക്കണം. കൊറോണ വ്യാപനത്തെ തുടര്‍ന്ന് ഫെബ്രുവരിയിലാണ് രാജ്യത്ത് വ്യോമ ഗതാഗതത്തിന് നിയന്ത്രണം കൊണ്ടുവന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: