പുലര്‍ച്ചയ്‌ക്ക് ഉണര്‍ന്ന് ഈയാഴ്ച ‘സംഘപഥ’ത്തില്‍ എന്തെഴുതണമെന്നാലോചിച്ചിരുന്നപ്പോഴാണ് മഹാകവി അക്കിത്തം കാലധര്‍മ്മം പ്രാപിച്ചുവെന്ന വിവരം അറിഞ്ഞത്. കഴിഞ്ഞ ദിവസം അദ്ദേഹം ആശുപത്രിയിലാക്കപ്പെട്ടുവെന്ന വാര്‍ത്തയറിയുകയും കൂടുതല്‍ അന്വേഷിക്കുകയും ചെയ്തപ്പോള്‍ അദ്ദേഹം വെന്റിലേറ്റര്‍ സപ്പോര്‍ട്ടിലാണെന്ന് മനസ്സിലായി. അതിനാല്‍ വാര്‍ത്ത അപ്രതീക്ഷിതമായിരുന്നില്ല. കേരളത്തിലെ സമകാലീന കവികളുടെ കുലകൂടസ്ഥനായിരുന്നല്ലോ അദ്ദേഹം.
കോഴിക്കോട്ട് ആകാശവാണിയിലായിരുന്ന അക്കിത്തത്തെ മറ്റു പല സാഹറിത്യ-സാംസ്‌കാരിക നായകന്മാരെയുംപോലെ എം.എ. സാറിലൂടെയാണ് പരിചയപ്പെട്ടത്. ഞാന്‍ അക്കാലത്ത് കോഴിക്കോട്ട് ജനസംഘത്തിന്റെ സംഘടനാ കാര്യദര്‍ശിയായിരുന്നു. ജനസംഘ കാര്യാലയത്തിന്റെ തൊട്ടുതാഴത്തെ നിലയിലെ ‘കേസരി’യുടെ ഒരു മുറിയില്‍ പത്രാധിപര്‍ എം.എ. കൃഷ്ണന്‍ വിരാജിച്ചിരുന്നു. ഡോ. ശ്യാമപ്രസാദ് മുഖര്‍ജി രക്തസാക്ഷിദിനം പ്രമാണിച്ച് അഖണ്ഡഭാരതദിനത്തില്‍ ഒരു സംവാദം നടത്താമെന്ന പരമേശ്വര്‍ജിയുടെ അഭിപ്രായപ്രകാരം അതില്‍ സംസാരിക്കാന്‍ എന്‍.വി. കൃഷ്ണവാര്യരെ ക്ഷണിക്കാന്‍ ഒപ്പം വന്നത് എംഎ സാറാണ്.
അന്നുതന്നെ അക്കിത്തത്തേയും പരിചയപ്പെട്ടു. പ്രസന്നമായ മുഖവും കുലീന ബ്രാഹ്മണന്റെ വിനയവുമാണെന്നെ ആകര്‍ഷിച്ചത്. അഗ്നിഹോത്രം ചെയ്യാന്‍ അധികാരമുള്ള വംശമാണ് അദ്ദേഹത്തിന്റേതെന്നു മനസ്സിലായി. അത്തരക്കാരെ അക്കിത്തര് എന്നാണ് സാധാരണ സംബോധന ചെയ്തുവന്നത്. അദ്ദേഹത്തിന്റെ ഇല്ലത്തിനുതന്നെ അക്കിത്തം എന്ന് പേരായി. ആ യജ്ഞത്തില്‍ മുഖ്യകര്‍മ്മിയാവാന്‍ അദ്ദേഹം പരിശീലിക്കാന്‍ സാധ്യതയില്ല. വാജപേയം ചെയ്യാന്‍ നമ്മുടെ വാജപേയിക്കറിയാതിരുന്നതുപോലെ.
കേസരിയില്‍ എംഎ സാറുമൊത്ത് ഇരിക്കുമ്പോള്‍ അക്കിത്തത്തെപ്പറ്റി കൂടുതല്‍ അറിഞ്ഞു. അദ്ദേഹത്തിന്റെ കവിതകളും ലേഖനങ്ങളും വായിച്ചുപോന്നു. ആശയങ്ങളുടെ ഗരിമയും പ്രതിപാദനത്തിന്റെ സരളതയുമാണ് ഏറെ ആകര്‍ഷിച്ചത്. അവര്‍ക്കിടയിലെ സംഭാഷണത്തിന്റെ സാക്ഷിയാകാനേ അക്കാലത്ത് കഴിഞ്ഞുള്ളൂ. അടിയന്തരാവസ്ഥയില്‍ എംഎ സാറിന്റെ സന്ദര്‍ശനം അദ്ദേഹത്തിന്റെ മനസ്സിനെ കുളിര്‍പ്പിച്ചിരിക്കണം.
ജന്മഭൂമി അടിയന്തരാവസ്ഥയ്‌ക്കുശേഷം എറണാകുളത്ത് പുനഃപ്രസിദ്ധീകരണം ആരംഭിച്ചപ്പോള്‍ സന്തോഷിച്ചവരില്‍ അക്കിത്തം പെട്ടിരുന്നു. ഒന്നാം വര്‍ഷം ആയി ഓണക്കാലത്ത് വിശേഷാല്‍ പ്രതി ഇറക്കിയപ്പോള്‍ ഒരു കവിത അയച്ചുതരാന്‍ അഭ്യര്‍ത്ഥിച്ചുകൊണ്ട് അദ്ദേഹത്തിനു കത്തയച്ചു. ഒരാഴ്ചക്കുള്ളില്‍ സ്രഗ്ധരാവൃത്തത്തിലുള്ള ഒരു ശ്ലോകവും ജന്മഭൂമിക്ക് ആശംസകളുമായി, ഒരു ഇന്‍ലാന്‍ഡ് ലഭിച്ചു. ജയപ്രകാശ് നാരായണന്റെ മുഖചിത്രവും, അക്കിത്തത്തിന്റെ ശ്ലോകവുമായി പുറത്തിറങ്ങിയ ആ വിശേഷാല്‍ പതിപ്പ് എന്റെ ശേഖരത്തില്‍ എത്ര തപ്പിയിട്ടും കാണാന്‍ കഴിഞ്ഞില്ല. അന്നു മുതല്‍ എല്ലാ വാര്‍ഷികപതിപ്പുകളിലും അദ്ദേഹം എഴുതിയിരുന്നു.
ജന്മഭൂമി എറണാകുളത്ത് എളമക്കരയിലെ ഇപ്പോഴത്തെ സ്ഥലത്തുനിന്ന് പ്രസിദ്ധീകരണമാരംഭിച്ചപ്പോള്‍ മുഖ്യപത്രാധിപര്‍ പ്രൊഫ. എം.പി. മന്മഥന്‍സാറിന്റെ ഭാഷയില്‍ ‘പ്രതാധിപ ഭീഷ്മാചാര്യ’നായ വി.എം. കൊറാത്ത് ആയിരുന്നു. തൊട്ടടുത്ത വീട്ടില്‍ അദ്ദേഹം കുടുംബവുമായി താമസിച്ചപ്പോള്‍, ജന്മഭൂമിയും ആ വീടും കേരളത്തിലെ, സാഹിത്യ പത്രപ്രവര്‍ത്തനരംഗങ്ങളിലെ പ്രമുഖരുടെ സമ്മേളനവേദിയായി. അവരില്‍ അക്കിത്തവും ഒരു പ്രമുഖനായിരുന്നു.
സംഘത്തിന്റെ തത്വങ്ങളുമായി വിയോജിപ്പില്ലാത്ത കലാ, സാഹിത്യ, സാംസ്‌കാരിക രംഗങ്ങളില്‍ പ്രവര്‍ത്തിച്ചുവന്നവരുടെ കൂട്ടായ്മയായി അപ്പോഴേക്കും തപസ്യ കലാ സാംസ്‌കാരികവേദി പ്രസിദ്ധിയാര്‍ജിച്ചിരുന്നു. അക്കൂട്ടത്തില്‍ അക്കിത്തം മുന്നിലുണ്ടായിരുന്നുവെന്നു പറയേണ്ടതില്ലല്ലോ. ഇത്തരം വിവിധ സംസ്ഥാനങ്ങളിലുള്ളവരെ, ഇന്ന് പ്രജ്ഞാവാഹ് എന്ന അനൗപചാരിക കൂട്ടായ്മയായി പിന്നീട് പരിഗണിച്ചുതുടങ്ങി. അവരുടെ ഒരു അഖിലഭാരത തലത്തിലുള്ള സമാഗമം 1988 ലോ 89 ലോ നാഗ്പൂരില്‍ ചേര്‍ന്നിരുന്നു. അക്കൂട്ടത്തില്‍ അക്കിത്തവും ഉള്‍പ്പെട്ടു.
സംഘാഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന പരിപാടികളില്‍ പങ്കെടുക്കുന്നവര്‍ക്ക്, താമസസൗകര്യങ്ങള്‍ വീടുകളില്‍ ഏര്‍പ്പെടുത്തുന്നതാണ് കീഴ്വഴക്കം. അതിന്‍പ്രകാരം 1964 ന് മുന്‍പ് കേരളം-തമിഴ്നാട് പ്രാന്തപ്രചാരകനായിരുന്ന ദത്താജി ഡിഡോള്‍ക്കറുടെ വീട്ടിലായിരുന്നു അക്കിത്തത്തിന് താമസമൊരുക്കിയത്. 1948 ല്‍ കോഴിക്കോട്ടും 1953 ല്‍ തിരുവനന്തപുരത്തും പ്രചാരകനായിരുന്ന ദത്താജിക്ക് മലയാളം നന്നായി വഴങ്ങുമായിരുന്നു. സാഹിത്യത്തിലെ അഭിരുചി മൂലം ചരിത്ര നോവലുകളും കവിതകളും കാണാതെ പഠിച്ചിരുന്നു. പഴഞ്ചൊല്ലുകളും അവസരോചിതമായി പ്രയോഗിച്ചുവന്നു. സഞ്ജയന്റെ ഹാസ്യാഞ്ജലിയും സിവിയുടെ മാര്‍ത്താണ്ഡവര്‍മയും ഞാന്‍തന്നെ വായിച്ചുകേള്‍പ്പിച്ചിരുന്നു. മാര്‍ത്താണ്ഡവര്‍മയിലെ സുന്ദരയ്യനും കമ്യൂണിസ്റ്റുകാരെപ്പറ്റിയുള്ള സഞ്ജയന്റെ കവിതയുമാണദ്ദേഹത്തിനിഷ്ടപ്പെട്ടത്. ദത്താജിയുടെ ഉച്ചാരണത്തിലുള്ള മലയാളവും ശ്ലോകങ്ങളും അക്കിത്തത്തിന് ‘ക്ഷ’ പിടിച്ചുവെന്നു പറയാതെവയ്യ. കേരള സമ്പ്രദായത്തിലുള്ള മുറുക്കും ഉണ്ടായിരുന്നു. നമ്പൂതിരിയാണ് അതിഥിയെന്നറിഞ്ഞപ്പോള്‍ വെറ്റിലപാക്കും പുകയിലയുംകൂടി ദത്താജി തയ്യാറാക്കിയത്രേ. ദത്താജി എന്നെയും പരാമര്‍ശിച്ചിരുന്നുവെന്ന് അക്കിത്തം പറഞ്ഞു. ആ നാഗ്പൂര്‍ കൂട്ടായ്മ അക്കിത്തത്തെ ഏറെ സംതൃപ്തനാക്കിയതായി മനസ്സിലാക്കി.
ജന്മസാഫല്യം എന്നദ്ദേഹം കരുതിയത് ജ്ഞാനപീഠ പുരസ്‌കാരത്തെയല്ല, ശ്രീ ഭാഗവത പുരാണത്തിന്റെ വൃത്താനുവൃത്ത പരിഭാഷ പൂര്‍ത്തിയാക്കാന്‍ സാധിച്ചതിനെയാണ്. സംസ്‌കൃതത്തിലും മലയാളത്തിലുമുള്ള പാണ്ഡിത്യത്തിനും കവിത്വത്തിനും പുറത്ത് അനിര്‍വചനീയമായ ഒരു ആത്മസിദ്ധികൂടി വേണമല്ലോ അതിന്. ഇതുവരെ തുഞ്ചത്തെഴുത്തച്ഛന്റെ കിളിപ്പാട്ട് വായിച്ചുവന്നവര്‍ക്ക് അതിന്റെ മൂലരൂപംതന്നെ നേരിട്ട് അറിയത്തക്ക വിധത്തിലാക്കി അക്കിത്തം സാഫല്യം അനുഭവിച്ച് സായുജ്യം നേടി. അദ്ദേഹത്തിന്റെ കൃതികള്‍ പാല്‍ക്കടല്‍പോലെ പരപ്പും ആഴവുമായി നമ്മുടെ മുന്നിലുണ്ട്. ”കുലാന്തഭാഗേ തിരവന്നടിക്കും ആ പാലാഴിതന്നില്‍ പരിചോ വിളങ്ങുന്ന” അക്കിത്തത്തെ നമിച്ചുകൊണ്ട് ഇത്തവണത്തെ സംഘപഥം നിര്‍ത്താം.
ഒരു കുറിപ്പ്
കഴിഞ്ഞ ലക്കം സംഘപഥത്തില്‍ അടല്‍ജി പങ്കെടുത്ത പരിപാടിയെപ്പറ്റി പരാമര്‍ശിച്ചതില്‍ ഒരു പിശക് സംഭവിച്ചതായി കെ.ജി. വേണുഗോപാല്‍ അറിയിച്ചു. അതില്‍ വിവരിച്ച പരിപാടിയില്‍ പങ്കെടുത്തത് രാഷ്‌ട്രപതി ശങ്കര്‍ദയാല്‍ ശര്‍മ്മ, ഗവര്‍ണര്‍, മുഖ്യമന്ത്രി, ഹൈക്കോടതി ജഡ്ജിമാര്‍ തുടങ്ങിയവരായിരുന്നു. എറണാകുളത്ത് ഒരു വിവേകാനന്ദകേന്ദ്രം സ്ഥാപിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ സ്ഥലവും പണവും അനുവദിക്കുമെന്നു വാഗ്ദാനം ചെയ്തിരുന്നു. അതിന്റെ ഉദ്ഘാടനകര്‍മം ഫൈന്‍ ആര്‍ട്സ് സൊസൈറ്റി ഹാളിലായിരുന്നു. ദക്ഷിണ നാവികാസ്ഥാനത്തുനിന്ന് എന്തോ പരിപാ
ടിക്കു വന്ന അടല്‍ജി വിവരമറിഞ്ഞെത്തിയപ്പോഴേക്കും വിശിഷ്ടാതിഥികള്‍ സ്ഥാനഗ്രഹണം കഴിഞ്ഞിരുന്നു. രാഷ്‌ട്രപതി വന്നതിനുശേഷം ആരെയും അകത്തുകയറ്റില്ലെന്ന ചട്ടം അടല്‍ജിക്കുവേണ്ടി മാറ്റിവയ്‌ക്കപ്പെട്ടു. രാഷ്‌ട്രപതിയും മുഖ്യമന്ത്രിയും ക്ഷണിച്ചിട്ടും അദ്ദേഹം വേദിയില്‍ വരാതെ ഒരു പിന്‍ ഇരിപ്പിടത്തില്‍ ഇരുന്നു.
പരിപാടിക്കുശേഷം പരമേശ്വര്‍ജിയും രാജേട്ടനും മറ്റു ബിജെപി നേതാക്കന്മാരും അടല്‍ജിയുമായി സംസാരിച്ചു. കലൂരിലെ ശ്രീരാമകൃഷ്ണ സേവാശ്രമം സന്ദര്‍ശിക്കാന്‍ അദ്ദേഹത്തെ വേണുഗോപാലും ആശ്രമം കാര്യദര്‍ശി സി.എസ്. മുരളീധരനും ക്ഷണിച്ചു. അപ്പോള്‍ അദ്ദേഹം കാലടി സമീപത്താണല്ലോ അവിടെ പോകാം എന്ന് ആഗ്രഹം പ്രകടിപ്പിച്ചു. കാലടി ആശ്രമത്തിന്റെ മുഖ്യസ്വാമിജി അവിടെയുണ്ടായിരുന്നു. പിറ്റേന്ന് താന്‍ ആശ്രമത്തില്‍ വരാന്‍ ആഗ്രഹിക്കുന്നുവെന്ന് അടല്‍ജി സ്വാമിജിയെ അറിയിച്ചു. സംഘത്തോട് പൊതുവേ വൈമുഖ്യം പുലര്‍ത്തിവന്ന സ്വാമിജി, ‘ബട്ട് റ്റുമാറോ ഐ വില്‍ നോട്ട് ബി ഇന്‍ കാലടി’ എന്ന് അറിയിച്ചു. ‘ബട്ട് കാലടി വില്‍ബി ദെയര്‍?’ എന്ന് അടല്‍ജി മറുപടി പറഞ്ഞു. മറ്റൊരു സ്വാമിജി അടല്‍ജിയെ കാലടി ആശ്രമത്തില്‍ സ്വീകരിച്ചു. അദ്ദേഹം കാര്യവ്യഗ്രതയില്ലാതെ ആശ്രമവും പരിസരങ്ങളും അതിനെ തഴുകിയൊഴുകുന്ന പൂര്‍ണാനദിയും മുതലക്കടവും കണ്ട് ശ്രീരാമകൃഷ്ണ മന്ദിരത്തില്‍ തൊഴുത് പ്രാര്‍ഥിച്ചു മടങ്ങി.
ഡോ. ലക്ഷ്മീകുമാരി നയിച്ച വിവേകാനന്ദ വിശ്വപരിക്രമണ ശതാബ്ദിയാത്രയുടെ വിവരണത്തില്‍ കാര്യമായ വ്യത്യാസമില്ല. രണ്ട് പരിപാടികളിലും സന്നിഹിതനായിരുന്ന വേണുഗോപാലന് ഹൃദയംഗമമായ നന്ദി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: