ശാസ്താംകോട്ട: ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ച് ഒറ്റയ്ക്ക് മോഷണം നടത്തുന്ന യുവാവിനെ ശൂരനാട്ട് നടന്ന ഒരു ക്ഷേത്രമോഷണവുമായി ബന്ധപ്പെട്ട് ഒരു വര്‍ഷത്തിനുശേഷം പോലീസ് പിടികൂടി. അടൂര്‍ പള്ളിക്കല്‍ ചെറുകുന്നം തിരങ്കാലയില്‍ സുനിലി(27)നെയാണ് ശൂരനാട് പോലീസ് കഴിഞ്ഞദിവസം പിടികൂടിയത്. കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ ശൂരനാട് വടക്ക് തെക്കേമുറി എണ്ണശ്ശേരി മലനട ക്ഷേത്രത്തില്‍ നടത്തിയ മോഷണവുമായി ബന്ധപ്പെട്ടാണ് ഇയാള്‍ പിടിയിലായത്.
അന്ന് ക്ഷേത്രത്തിലെ കാണിക്കവഞ്ചി കുത്തിത്തുറന്ന് ഇയാള്‍ വന്‍തുക അപഹരിച്ചിരുന്നു. ക്ഷേത്രത്തില്‍ സ്ഥാപിച്ചിരുന്ന മൂന്ന് സിസി ടിവി ക്യാമറകളും കവര്‍ന്നു. അന്ന് പ്രതിയുടെ ചിത്രം ക്ഷേത്രത്തിലെ ക്യാമറയില്‍ പതിഞ്ഞിരുന്നു. ഇയാളുടെ വിരലടയാളത്തിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിന് ഒടുവിലാണ് പ്രതി പിടിയിലായത്.
ബൈക്കില്‍ ഒറ്റയ്ക്ക് കറങ്ങി ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ച് മോഷണം നടത്തുകയാണ് പ്രതിയുടെ രീതി. പകല്‍ ദര്‍ശനത്തിനെന്ന പേരില്‍ ക്ഷേത്രത്തിലെത്തി പരിശോധന നടത്തി മോഷണത്തിനുള്ള പദ്ധതി തയ്യാറാക്കും. രാത്രി ഒറ്റയ്ക്കെത്തി മോഷ്ടിക്കും. ഇതാണ് ഇയാളുടെ പതിവെന്ന് പോലീസ് പറഞ്ഞു.
നിരവധി ക്ഷേത്രങ്ങളില്‍ ഇയാള്‍ മോഷണം നടത്തിയിട്ടുണ്ട്. അടൂര്‍ ഉള്‍പ്പെടെ നിരവധി സ്റ്റേഷനുകളില്‍ ഇയാള്‍ പ്രതിയാണ്. ശാസ്താംകോട്ട കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. പ്രതിയെ കൂടുതല്‍ അന്വേഷണത്തിനായി കസ്റ്റഡിയില്‍ വാങ്ങാന്‍ കോടതിയില്‍ അപേക്ഷ നല്‍കിയിട്ടുണ്ടന്ന് പോലീസ് പറഞ്ഞു.
എസ്ഐമാരായ പണ്ടി. ശ്രീജിത്ത്, ചന്ദ്രമോഹന്, എഎസ്ഐ മധു, ഹര്‍ഷാദ് തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റുചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: