തൊടുപുഴ: പള്ളിവാസല്‍ വിപുലീകരണ പദ്ധതിയുടെ മുടങ്ങികിടന്ന ജനറേറ്റിംഗ് സ്റ്റേഷന്റെ നിര്‍മാണ ജോലികള്‍ ആരംഭിച്ചു. സംസ്ഥാനത്ത് വൈദ്യുതി ബോര്‍ഡിനു കീഴില്‍ നിര്‍മാണത്തിലിരിക്കുന്ന ഏറ്റവും വലിയ ജലവൈദ്യുത പദ്ധതിയാണിത്.
പദ്ധതിയുടെ ഭാഗമായ ജനറേറ്റിംഗ് സ്റ്റേഷന്റെ നിര്‍മ്മാണോദ്ഘാടനം മന്ത്രി എം.എം. മണി വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിച്ചു. 30 മെഗാവാട്ടിന്റെ 2 ജനറേറ്ററുകളാണ് പദ്ധതിയുടെ ഭാഗമായി വൈദ്യുതി ഉത്പാദനത്തിന് സജ്ജമാക്കുന്നത്. പദ്ധതി പൂര്‍ത്തിയാകുന്നതോടെ ആഭ്യന്തര വൈദ്യുതി ഉത്പാദനം വര്‍ധിപ്പിക്കാനാകും. പ്രതിവര്‍ഷം 153 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാനാകുമെന്നാണ് കെഎസ്ഇബിയുടെ കണക്കുകൂട്ടല്‍.
67 കോടിയാണ് പുനര്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി വകയിരുത്തിയത്. 2021 മെയ് മാസത്തില്‍ ആദ്യ ജനറേറ്റര്‍ പ്രവര്‍ത്തനക്ഷമമാക്കി വൈദ്യുതി ഉത്പാദിപ്പിക്കാനാണ് കെഎസ്ഇബിയുടെ തീരുമാനം. പദ്ധതിയുടെ ഭാഗമായ ടണലിന്റെയും പെന്‍സ്റ്റോക്കിന്റെയും നിര്‍മ്മാണം പുരോഗമിക്കുകയാണ്.
നാലുവര്‍ഷത്തിനുള്ളില്‍ നിര്‍മ്മാണം പൂര്‍ത്തീകരിക്കുകയെന്ന ലക്ഷ്യത്തോടെ 2006 ഡിസംബര്‍ 26നു തുടക്കംകുറിച്ച പള്ളിവാസല്‍ വിപുലീകരണ പദ്ധതിയാണ് 14 വര്‍ഷം പിന്നിട്ടിട്ടും പൂര്‍ത്തിയാകാത്തത്. ഇവിടെ എത്തിച്ച ജനറേറ്ററുകളും ടര്‍ബൈനുകളും കൃത്യമായി സൂക്ഷിക്കുന്ന കാര്യത്തില്‍ അധികൃതര്‍ക്ക് വീഴ്ച സംഭവിക്കുന്നതായും ആരോപണം ഉയര്‍ന്നിരുന്നു.
പദ്ധതിയുടെ ഒഴിവാക്കിയ കരാറുകാരായ എസ്.ആര്. ഗ്രൂപ്പ് ഹൈക്കോടതിയില്‍ ഫയല്‍ ചെയ്ത കേസ് നിലനില്‍ക്കെയാണ് കോടതിയുടെ പ്രത്യേക അനുമതിയോടെ പദ്ധതി പൂര്‍ത്തീകരിക്കുന്നതിനായി വൈദ്യുതി ബോര്‍ഡ് റീ ടെണ്ടര്‍ ക്ഷണിച്ചത്. 268.01 കോടി എസ്റ്റിമേറ്റില്‍ തുടങ്ങിയ പദ്ധതിക്ക് ഇപ്പോള്‍ തന്നെ 250 കോടിയോളം ചെലവഴിച്ചു കഴിഞ്ഞു.
പള്ളിവാസല്‍ എക്സ്റ്റന്‍ഷന്‍ സ്കീം കാര്യാലയത്തില്‍ ചേര്‍ന്ന യോഗത്തില്‍ കെഎസ്ഇബി ട്രാന്സ്മിഷന് ഡയറക്ടര്‍ ആര്. സുകു അദ്ധ്യക്ഷനായി. സിവില്‍ ആന്റ് ജനറേഷന് ഡയറക്ടര്‍ ബിബിന്‍ ജോസഫ്, കണ്‍സ്ട്രക്ഷന്‍ ചീഫ് എഞ്ചിനീയര്‍ ഷാനവാസ്, ജനറേഷന് ചീഫ് എഞ്ചിനീയര്‍ സിജി ജോസ് തുടങ്ങിയവര്‍ സംസാരിച്ചു.
2021 മേയില്‍ പദ്ധതിയുടെ ആദ്യ ജനറേറ്റര്‍ പ്രവര്‍ത്തനക്ഷമമാക്കുകയാണ് ലക്ഷ്യം. മുടങ്ങികിടന്ന നിര്‍മാണ ജോലികള്‍ പൂര്‍ത്തീകരിക്കുന്നതിനായി മീന്‍കട്ട് സിവില്‍ സര്‍ക്കിള്‍ ഡെപ്യൂട്ടി ചീഫ് എന്‍ജിനിയര്‍ 70.45 കോടിയുടെ അനുബന്ധ ടെണ്ടര്‍ ക്ഷണിച്ചത്. നേരത്ത നാലു പ്രാവശ്യം ടെണ്ടര്‍ ക്ഷണിച്ചിരുന്നെങ്കിലും കരാറുകാരെ ലഭിച്ചില്ല. തുടര്‍ന്ന് അഞ്ചാമത് ക്ഷണിച്ചതിലാണ് ടെണ്ടര്‍ തുകയെക്കാള്‍ 2.613 കോടി രൂപ കുറവില്‍ നിലവില്‍ കരാര്‍ നല്‍കിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: