തിരുവനന്തപുരം: തത്സമയ ചാനല്‍ ചര്‍ച്ചകളില്‍ പച്ചത്തെറി വിളമ്പിയ സിപിഎം നേതാക്കള്‍ക്കെതിരേ വിമര്‍ശനം ശക്തമാകുന്നു. മാതൃഭൂമി ന്യൂസ്, ഏഷ്യാനെറ്റ് ന്യൂസ് എന്നീ ചാനലുകളുടെ രാത്രി ചര്‍ച്ചയിലാണ് സിപിഎം നേതാക്കളായ വി.പി.പി. മുസ്തഫ, എസ്.കെ. സജീഷ് എന്നിവര്‍ തെറി പറഞ്ഞത്. മുസ്ലിം ലീഗിന്റെ സൈബര്‍ നേതാവായ പ്രവാസി യാസിര്‍ എടപ്പാളിനെ നാടുകടത്താന്‍ മന്ത്രി ജലീല്‍ ശ്രമിച്ചെന്ന ആരോപണവുമായി ബന്ധപ്പെട്ടായിരുന്നു ചര്‍ച്ച. ഈ ചര്‍ച്ചയിലാണ് യാസിര്‍ പണ്ട് ഫേസ്ബുക്കില്‍ ഒരു പോസ്റ്റിനിട്ട തെറി കമന്റ് അതേപടി സിപിഎം നേതാക്കള്‍ ആവര്‍ത്തിച്ചത്. ഒരു സിപിഎം നേതാവ് യാദൃശ്ചികമായി പറഞ്ഞ കാര്യമായി ഇതിനെ കണക്കാക്കാന്‍ ആകില്ല എന്നാണ് വിമര്‍ശനം. രണ്ടു പേരും ഒരുപോലെ തെറി കമന്റ് തത്സമയ ചര്‍ച്ചയില്‍ ആവര്‍ത്തിക്കുകായായിരുന്നു. അവതാരകരായ മാധ്യമപ്രവര്‍ത്തകര്‍ തടയാന്‍ ശ്രമിച്ചെങ്കില്‍ സിപിഎം നേതാക്കള്‍ ശബ്ദമുയര്‍ത്തി വീണ്ടും തെറി പറഞ്ഞുകൊണ്ടേയിരിക്കുക ആയിരുന്നു. യാസിറിന്റെ സ്ത്രീവിരുദ്ധത ഉയര്‍ത്തിക്കാട്ടാനാണ് തെറി ആവര്‍ത്തിച്ചതെന്നാണ് ഇവരുടെ വാദം.
അതേസമയം, വിഷയത്തെ രൂക്ഷമായി വിമര്‍ശിച്ച ചര്‍ച്ചയില്‍ പങ്കെടുത്ത സംവാദകന്‍ ശ്രീജിത്ത് പണിക്കര്‍ രംഗത്തെത്തി. എല്ലാ പ്രായത്തിലുമുള്ള മനുഷ്യര്‍ കാണുന്ന തല്‍സമയ ചര്‍ച്ചകളില്‍ ഏതുതരം ഭാഷ ഉപയോഗിക്കണം എന്നുള്ള തിരിച്ചറിവ് ഉണ്ടാകുന്നതിന് ‘സാമാന്യബോധം’ എന്നുപറയും. വെള്ളം തൊടാതെ വിഴുങ്ങിയ ക്യാപ്‌സൂള്‍ പുറത്തേക്ക് വമിപ്പിച്ച വക്താക്കള്‍ വെളിവാക്കിയതും ഇതേ സാമാന്യബോധത്തിന്റെ ന്യൂനതയാണ് തങ്ങളുടെ അടിസ്ഥാന പ്രശ്‌നമെന്നാണെന്ന് ശ്രീജിത് ഫേസ്ബുക്കില്‍ കുറിച്ചു.
പോസ്റ്റിന്റെ പൂര്‍ണരൂപം-
ന്യായീകരിച്ചു ന്യായീകരിച്ച് ഒരു പ്രസ്ഥാനം എത്രത്തോളം അധഃപതിച്ചെന്നതിന്റെ ദൃഷ്ടാന്തമാണ് ഇന്നലത്തെ ചാനൽ ചർച്ചകൾ. എല്ലാ പ്രായത്തിലുമുള്ള മനുഷ്യർ കാണുന്ന തൽസമയ ചർച്ചകളിൽ ഏതുതരം ഭാഷ ഉപയോഗിക്കണം എന്നുള്ള തിരിച്ചറിവ് ഉണ്ടാകുന്നതിന് ‘സാമാന്യബോധം’ എന്നുപറയും. വെള്ളം തൊടാതെ വിഴുങ്ങിയ ക്യാപ്സൂൾ പുറത്തേക്ക് വമിപ്പിച്ച വക്താക്കൾ വെളിവാക്കിയതും ഇതേ സാമാന്യബോധത്തിന്റെ ന്യൂനതയാണ് തങ്ങളുടെ അടിസ്ഥാന പ്രശ്നമെന്നാണ്.
ഒരാൾ മാത്രം കാട്ടുന്ന വിവരക്കേട് ആയിരുന്നെങ്കിൽ അത് ആ ആളിന്റെ മാത്രം സാമാന്യബോധത്തിന്റെ പ്രശ്നമാണെന്ന് ഞാൻ കരുതിയേനേ. അതിന്റെ പേരിൽ ആ പ്രസ്ഥാനത്തെ കുറ്റപ്പെടുത്തുമായിരുന്നില്ല. എന്നാൽ പല ചാനലുകളിലും അശ്ലീലം പറയുകയും സ്ക്രീൻഷോട്ട് കാണിക്കുകയും ചെയ്യുക വഴി സംഭവം ആസൂത്രിതമായിരുന്നെന്ന ചിന്ത ബലപ്പെടുകയാണ്.
ലോകമെങ്ങുമുള്ള മലയാളികളെ അപമാനിച്ച പ്രസ്ഥാനം മാപ്പുപറയണമെന്നൊക്കെ ഒരു ഭംഗിക്ക് ആവശ്യപ്പെടാം. എന്നാൽ ഒരു നിമിഷത്തിൽ സംഭവിച്ച കാര്യമല്ല അതെന്നും അതിനു പിന്നിൽ ഒരു ആസൂത്രണം ഉണ്ടായിരുന്നിരിക്കാം എന്നതും പരിഗണിച്ചാൽ മാപ്പുനൽകാൻ കഴിയുന്ന അപരാധമല്ല ആ പ്രസ്ഥാനം ചെയ്തതെന്ന് മനസ്സിലാകും. എന്തായാലും പ്രസ്ഥാനത്തിന്റെ സ്വന്തം ആളെക്കുറിച്ച് ഒരുവൻ ഫേസ്ബുക്കിൽ കുറിച്ച തെറി ലോകമാകെ എത്തിച്ച നിങ്ങളെ സമ്മതിക്കണം. നിങ്ങൾ ഇനിയും തെറി പറയൂ; മലയാളികൾ കാണുന്നുണ്ട്. നിങ്ങൾ പോകും; എല്ലാം ശരിയാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: