കണ്ണൂര്‍: പ്രവാസി വ്യവസായി സാജന് പാറയില്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആന്തൂര്‍ നഗരസഭയ്ക്കോ നഗരസഭാധ്യക്ഷയായ സിപിഎം നേതാവ് പി.കെ. ശ്യാമളക്കോ പങ്കില്ലെന്ന് ചൂണ്ടിക്കാട്ടി അന്വേഷണ സംഘം സമര്‍പ്പിച്ച റിപ്പോര്‍ട്ട് സംഭവവുമായി ബന്ധപ്പെട്ട് ആദ്യമുതല്‍ ഉയര്‍ന്ന നിരവധി ചോദ്യങ്ങള്‍ ബാക്കിവെക്കുന്നു.
ആന്തൂര്‍ നഗരസഭയ്ക്കെതിരെ സാജനെഴുതിയ കുറിപ്പ്, നഗരസഭാ ഉദ്യോഗസ്ഥര്‍ക്ക് തെറ്റുപറ്റിയെന്ന സിപിഎം നേതാക്കളുടെ ഏറ്റുപറച്ചില്‍, കണ്വെന്ഷന് സെന്ററിന് അനുമതി വൈകിയതിലെ മനോവിഷമമാണ് ആത്മഹത്യയ്ക്ക് കാരണമെന്ന അന്വേഷണ ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തല്‍ എന്നിവയെല്ലാം അന്വേഷണം അവസാനിപ്പിച്ചുവെന്ന് പോലീസ് പറയുമ്പോഴും സമൂഹത്തിന് മുന്നില്‍ ചോദ്യചിഹ്നമായി അവശേഷിക്കുകയാണ്. വികസന വിരുദ്ധരോട് പോരാടിച്ചു തോറ്റുവെന്നും പ്രവാസി ജീവിതത്തിലെ സമ്പാദ്യം മുഴുവനും പാഴായെന്നുമുളള സാജന്റെ കുറിപ്പ് അന്വേഷണ റിപ്പോര്‍ട്ടിലുണ്ടെന്നിരിക്കെ പിന്നെയെങ്ങനെ ആത്മഹത്യയ്ക്ക് കാരണക്കാരില്ലാതായി എന്ന ചോദ്യം അവശേഷിപ്പിക്കുകയാണ്.
ആത്മഹത്യാക്കുറിപ്പായി പരിഗണിക്കാവുന്ന ഈ വാക്കുകളെ മുഴുവന്‍ അന്വേഷണ സംഘം അവഗണിച്ചു. ഇതൊന്നും പരിഗാണിക്കാതെ സിപിഎം നേതൃത്വത്തിന്റെയും ആഭ്യന്തര വകുപ്പിലെ ഉന്നതരുടേയും നിര്‍ദ്ദേശാനുസരണം സിപിഎം സഹയാത്രികരായ നഗരസഭാ ഉദ്യോഗസ്ഥരേയും സിപിഎം നേതാവായ മുന്‍സിപ്പല്‍ ചെയര്‍പേഴ്സണേയും രക്ഷപ്പെടുത്താന്‍ പോലീസ് വളരെ തന്ത്രപൂര്‍വ്വം റിപ്പോര്‍ട്ട് തയ്യാറാക്കുകയും അന്വേഷണം അവസാനിപ്പിച്ചുവെന്ന് പ്രഖ്യാപിക്കുകയുമായിരുന്നുവെന്ന ആരോപണമാണ് ഉയരുന്നത്.
ആത്മഹത്യയുമായി ബന്ധപ്പെട്ട് സാജന്റെ കുടുംബം നഗരസഭയ്ക്കെതിരെ ആരോപണം ഉന്നയിച്ചപ്പോള്‍ ആന്തൂരില്‍ രാഷ്ട്രീയ വിശദീകരണയോഗം വിളിച്ച് ഉദ്യോഗസ്ഥര്‍ക്ക് തെറ്റുപറ്റിയെന്നും നഗരസഭാ അധ്യക്ഷയായ സിപിഎം നേതാവിന് ജാഗ്രതക്കുറവുണ്ടായെന്നും പറഞ്ഞത് നാട്ടുകാരോ മറ്റ് പാര്‍ട്ടിക്കാരോ ആയിരുന്നില്ല. സിപിഎം മുന്‍ ജില്ലാ സെക്രട്ടറി പി. ജയരാനായിരുന്നു. അന്വേഷണ സംഘത്തിന്റെ തലവനായിരുന്ന ഡിവൈഎസ്പി വി.എ. കൃഷ്ണദാസും കണ്വെന്ഷന് സെന്ററിന് അനുമതി വൈകിയതിലെ മനോവിഷമമാണ് സാജനെന്ന പ്രവാസി വ്യവസായിയുടെ മരണത്തിന് കാരണമെന്നും വ്യക്തമാക്കിയിരുന്നു. ഇതേതുടര്‍ന്നായിരുന്നു അദ്ദേഹത്തെ അന്വേഷണ സംഘത്തില്‍ നിന്നും മാറ്റിയതെന്ന പ്രതിപക്ഷ ആരോപണം ശരിയാണെന്ന് ഇപ്പോള്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലൂടെ തെളിയുകയാണ്. ആദ്യഘട്ടം മുതല്‍ സിപിഎം നേതൃത്വം സംഭവത്തില്‍ പങ്കില്ലെന്ന് ആവര്‍ത്തിച്ചുകൊണ്ടേയിരുന്നു. ഇക്കാര്യം ഭരണസ്വാധീനം ഉപയോഗിച്ച് റിപ്പോര്‍ട്ടിലൂടെ പുറത്തുവന്നതോടെ കമ്മ്യൂണിസ്റ്റ് ഭരണത്തില്‍ ഇരകള്‍ക്ക് എങ്ങനെ നീതി ലഭിക്കുമെന്ന ചോദ്യം അവശേഷിക്കുകയാണ്.
സാമ്പത്തികവും വ്യക്തിപരവുമായ പ്രശ്നങ്ങള്‍ മൂലമുള്ള മാനസിക പ്രയാസം സാജനുണ്ടായിരുന്നതായാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ആര്‍ക്കെതിരെയും ആത്മഹത്യാ പ്രേരണാക്കുറ്റം നിലനില്‍ക്കില്ലെന്ന കണ്ടെത്തലില്‍ അന്വേഷണം അവസാനിപ്പിക്കുന്നതായി കാണിച്ച് അന്തിമ റിപ്പോര്‍ട്ടാണ് കഴിഞ്ഞദിവസം തളിപ്പറമ്പ് ആര്‍ഡിഒയ്ക്ക് സമര്‍പ്പിച്ചത്. 2019 ജൂണ്‍ 18നാണ് പുതിയതെരുവിലെ വീട്ടില്‍ സാജന് ജീവനൊടുക്കിയത്. ആന്തൂര്‍ നഗരസഭയില്‍ നിര്‍മിച്ച പാര്‍ഥ കണ്വന്ഷന് സെന്ററിനു ലൈസന്‍സ് കിട്ടാത്തതില്‍ മനം നൊന്താണ് സാജന് ആത്മഹത്യ ചെയ്തതെന്ന് ചൂണ്ടിക്കാട്ടി കുടുംബം രംഗത്തെത്തുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: