ലാഹോര്‍ സാഹിത്യോത്സവത്തില്‍ വീഡിയോ കോണ്‍ഫറന്‍സിങ് വഴി പങ്കെടുത്ത് ശശി തരൂര്‍ എംപി നടത്തിയ ഭാരത വിരുദ്ധ പരാമര്‍ശങ്ങള്‍ അത്യന്തം അപലപനീയമാണെങ്കിലും കോണ്‍ഗ്രസ്സിന്റെ പാക്കിസ്ഥാനോടുള്ള പ്രേമം അറിയാവുന്നവര്‍ക്ക് അദ്ഭുതം തോന്നില്ല. കൊവിഡ് പ്രതിരോധത്തില്‍ പാക്കിസ്ഥാന് വിജയിക്കുകയാണെന്നും, ഭാരതത്തിന് ഇപ്പോഴും അതിന് കഴിഞ്ഞിട്ടില്ലെന്നുമാണ് തരൂര്‍ പറഞ്ഞത്. കോണ്‍ഗ്രസ്സ് നേതാവ് രാഹുല്‍ ഗാന്ധിയുടെ മുന്നറിയിപ്പ് അവഗണിച്ചതാണ് രോഗം വ്യാപിക്കാന്‍ കാരണമെന്നും, ദല്‍ഹിയില്‍ രോഗം പരത്താനിടയാക്കിയ തബ്ലീഗ് സമ്മേളനം മുസ്ലിങ്ങളെ ഒറ്റപ്പെടുത്താനും കുറ്റപ്പെടുത്താനും ഉപയോഗിക്കുകയാണെന്നും തരൂര്‍ പറയുകയുണ്ടായി. രണ്ടു രാജ്യങ്ങളിലെയും സ്ഥിതിഗതികളെ അങ്ങേയറ്റം ഉപരിപ്ലവമായി സമീപിച്ച് ജന്മനാടിനെ ലോകത്തിനു മുന്നില്‍ ഇകഴ്ത്തിക്കാണിക്കുകയാണ് തരൂര്‍ ചെയ്തിരിക്കുന്നത്. കൊവിഡ് വ്യാപനം തടയുന്നതില്‍ പരാജയപ്പെട്ട ഇമ്രാന് ഖാന്റെ നേതൃത്വത്തിലുള്ള പാക്കിസ്ഥാനിലെ സര്‍ക്കാര്‍ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് അവിടുത്തെ പ്രതിപക്ഷം സമരം നടത്തുമ്പോഴാണ്, ഈ മഹാമാരിയെ നേരിടുന്നതില്‍ വന്‍തോതില്‍ വിജയിച്ചുവെന്ന് ലോകാരോഗ്യ സംഘടനയും പല ലോക രാഷ്ട്രങ്ങളും പ്രശംസിച്ചുകൊണ്ടിരിക്കുന്ന നരേന്ദ്ര മോദി സര്‍ക്കാരിനെ ദുഷ്ടലാക്കോടെ അപഹസിക്കാന്‍ തരൂര്‍ തയ്യാറായത്.
ജനങ്ങള്‍ തെരഞ്ഞെടുത്ത സ്വന്തം രാജ്യത്തെ സര്‍ക്കാരിനോടുള്ള കോണ്‍ഗ്രസ്സിന്റെ അസഹിഷ്ണുതയാണ് ശശി തരൂരിലൂടെ പുറത്തുവരുന്നത്. കോണ്‍ഗ്രസ്സിന്റെ ‘കൈ’ പാക്കിസ്ഥാനൊപ്പമാണെന്ന് പലയാവര്‍ത്തി തെളിഞ്ഞിട്ടുള്ളതാണ്. പൊഖ്റാന്‍ അണുപരീക്ഷണ സമയത്തും, കാര്‍ഗില്‍ യുദ്ധകാലത്തും, ജമ്മുകശ്മീരിലെ പുല്‍വാമയില്‍ ഭീകരാക്രമണമുണ്ടായപ്പോഴും പാക്കിസ്ഥാന്റെ വാദമുഖങ്ങളെ പിന്തുണയ്ക്കുന്ന നിലപാടുകളാണ് കോണ്‍ഗ്രസ്സ് എടുത്തത്. മോദി സര്‍ക്കാരിനെ മാറ്റാന്‍ പാക്കിസ്ഥാന് സഹായിക്കണമെന്ന് ആ രാജ്യത്തുപോയി കോണ്‍ഗ്രസ്സ് നേതാവ് മണി ശങ്കരയ്യര്‍ ആവശ്യപ്പെട്ടത് വലിയ വിവാദമായതാണ്. ഇതേ അയ്യര്‍ തന്നെ പാക്കിസ്ഥാനില്‍ നടന്ന ‘തിങ്ക് ഫെസ്റ്റ്’ പരിപാടിയില്‍ പങ്കെടുത്ത് തിരിച്ചെത്തി പൗരത്വ നിയമ ഭേദഗതിക്കെതിരെ ദല്‍ഹിയില്‍ മുസ്ലിം മതമൗലികവാദികള്‍ നടത്തിയ ഷഹീന്‍ബാഗ് സമരത്തിന് പിന്തുണ പ്രഖ്യാപിക്കുകയുണ്ടായി. കോണ്‍ഗ്രസ്സിന്റെ നേതാക്കളായിരിക്കുമ്പോള്‍ തന്നെ പാക്കിസ്ഥാന്റെ പിണിയാളുകളായി അയ്യരുമാരും തരൂരുമാരും പ്രവര്‍ത്തിക്കുന്നുവെന്നാണ് ഇതില്‍ നിന്നൊക്കെ മനസ്സിലാക്കേണ്ടത്. പാക്കിസ്ഥാനോടൊപ്പം ചേര്‍ന്ന് ഇസ്ലാമിക ഭീകരതയെ ന്യായീകരിക്കുന്ന നേതാക്കളുടെ ഒരു നിരതന്നെ കോണ്‍ഗ്രസ്സിലുണ്ട്. രാജ്യദ്രോഹം കുറ്റമായി ഇവര്‍ കാണുന്നില്ല.
മുസ്ലിം വോട്ടുബാങ്കിന്റെ അനുഭാവം നേടുകയെന്നതാണ് കോണ്‍ഗ്രസ്സിന്റെ പാക്കിസ്ഥാന് പ്രേമത്തിനു പിന്നിലുള്ളത്. മതേതരമായി ചിന്തിക്കുന്ന മുസ്ലിങ്ങള്‍ പോലും വര്ഗീയവാദികളാകുന്നതില് കോണ്‍ഗ്രസ്സിന് സന്തോഷമാണ്. പാക്കിസ്ഥാനെ പിന്തുണയ്ക്കുകയും പ്രശംസിക്കുകയും ചെയ്യുന്ന പാര്‍ട്ടി നേതാക്കള്‍ക്ക് കോണ്‍ഗ്രസ്സ് നേതൃത്വത്തിന്റെ ഗുഡ്ബുക്കില്‍ സ്ഥാനം ലഭിക്കുന്നു. ശശി തരൂരിനും ഇങ്ങനെയൊരു ലക്ഷ്യമുണ്ട്. നേതൃമാറ്റം ആവശ്യപ്പെട്ട് സോണിയയ്ക്ക് കത്തെഴുതിയ കോണ്‍ഗ്രസ്സ് നേതാക്കളില്‍ തരൂരുമുണ്ടായിരുന്നുവല്ലോ. ഇതോടെ സോണിയയുടെയും രാഹുലിന്റെയും കണ്ണിലെ കരടായി താന്‍ മാറിയിട്ടുണ്ടെന്ന് തരൂരിന് നല്ലപോലെ അറിയാം. വീണ്ടും സോണിയ കോണ്‍ഗ്രസ്സിലെ വേണ്ടപ്പെട്ടവനായി മാറാനുള്ള അടവുനയമാണ് തരൂര്‍ പ്രയോഗിക്കുന്നത്. രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ ഗൗരവം മനസ്സിലാക്കാതെ നിരുത്തരവാദിത്വത്തോടെ സംസാരിക്കുകയും പെരുമാറുകയും ചെയ്യുന്ന രാഹുലിനെ വലിയ ബുദ്ധിമാനായി അവതരിപ്പിക്കുന്ന തരൂര്‍ സ്വയം വിഡ്ഢി വേഷം കെട്ടുകയാണ്. രാജ്യസ്നേഹത്തിന്റെ രാഷ്ട്രീയം കോണ്‍ഗ്രസ്സിന്റെ ഡിഎന്‍എയില്‍ ഇല്ലാത്തതാണ്. സ്വാര്‍ത്ഥമതികളായ നേതാക്കളിലൂടെ അത് ഇടക്കിടെ പുറത്തുവരുന്നു എന്നുമാത്രം. ഈ പരമാര്‍ത്ഥം ജനം തിരിച്ചറിയുന്നുവെന്നതിന്റെ ദൃഷ്ടാന്തമാണ് ആ പാര്‍ട്ടി നേരിടുന്ന തിരിച്ചടികള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: