തിരുവനന്തപുരം: വിമാനത്താവളത്തിന്റെ നടത്തിപ്പ് അദാനി ഗ്രൂപ്പിന് നല്‍കിയ നടപടി ശരിവച്ചുകൊണ്ടുള്ള ഹൈക്കോടതി വിധി പിണറായി സര്‍ക്കാരിനേറ്റ കനത്ത തിരിച്ചടിയും, പരസ്പരം എതിര്‍ക്കുന്നതായി ഭാവിക്കുമ്പോഴും ഇടതു-വലതു മുന്നണികള്‍ പുലര്‍ത്തുന്ന അവിശുദ്ധ സഖ്യത്തെ തുറന്നുകാട്ടുന്നതുമാണ്. വ്യവസ്ഥാപിതമായും സുതാര്യമായും നടന്ന ടെന്‍ഡര്‍ നടപടികളില്‍ പങ്കെടുത്തശേഷം കരാര്‍ കിട്ടാതെ വന്നപ്പോള്‍ അത് ലഭിച്ച കമ്പനിക്കെതിരെ പരാതിയുമായെത്തുന്നത് അംഗീകരിക്കാനാവില്ലെന്നാണ് കോടതി വ്യക്തമാക്കിയത്. കിട്ടാത്ത മുന്തിരി പുളിക്കുമെന്ന് പറയുന്നതുപോലെയാണിതെന്ന് സര്‍ക്കാരിന്റെയും മറ്റും ഹര്‍ജികള്‍ തള്ളിക്കൊണ്ടുള്ള വിധിയില്‍ പരിഹസിച്ചത് വികസനത്തിന്റെ കാര്യത്തില്‍പ്പോലും തരംതാണ രാഷ്‌ട്രീയം കളിക്കുന്നവരുടെ തനിനിറം പുറത്തുകൊണ്ടുവരുന്നതാണ്. സംസ്ഥാനത്തുതന്നെ മറ്റ് വിമാനത്താവളങ്ങള്‍ പൊതു-സ്വകാര്യ ഉടമസ്ഥതയില്‍ പ്രവര്‍ത്തിക്കുന്നതിനോട് എതിര്‍പ്പില്ലാത്തവര്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍ മാത്രം അത് പാടില്ലെന്ന് പറഞ്ഞുകൊണ്ടാണ് കോലാഹലങ്ങള്‍ സൃഷ്ടിച്ചത്. സ്ഥാപിത താല്‍പര്യം മുന്‍നിര്‍ത്തി അധികാരത്തിന്റെ ബലത്തില്‍ സംസ്ഥാനത്തിന്റെ വികസനം തടയുന്ന പണിയാണ് ഇക്കാര്യത്തില്‍ പിണറായി സര്‍ക്കാര്‍ കാണിച്ചത്.
തിരുവനന്തപുരം വിമാനത്താവളം അദാനിയില്‍നിന്ന് പിടിച്ചെടുക്കാന്‍ സര്‍ക്കാര്‍ ഏതറ്റം വരെയും പോകുമെന്ന് മന്ത്രിമാര്‍ തന്നെ പ്രഖ്യാപിക്കുന്ന അവസ്ഥയുണ്ടായി. വിമാനത്താവളം വഴി സ്വര്‍ണം കള്ളക്കടത്തു നടത്തിയത് സര്‍ക്കാരിന്റെ ഒത്താശയോടെയാണെന്നും, മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്നയാള്‍ക്കും മുഖ്യമന്ത്രിക്കു തന്നെയും അതില്‍ പങ്കുണ്ടെന്നും ആരോപണമുയര്‍ന്ന സാഹചര്യത്തില്‍ ആ ജാള്യത മറച്ചുപിടിക്കാന്‍ കൂടിയാണ് അദാനിയെ മുഖ്യശത്രുവാക്കി യുദ്ധം പ്രഖ്യാപിച്ചത്. ഇതിന്റെ പാരമ്യതയാണ് നിയമസഭയില്‍ ഇടതു-വലതു മുന്നണികള്‍ ചേര്‍ന്ന് പ്രമേയം പാസ്സാക്കിയത്. അബ്ദുള്‍ നാസര്‍ മദനിയെ ജയില്‍ മോചിതനാക്കാനും, ആദിവാസികളുടെ അന്യാധീനപ്പെട്ട ഭൂമി തിരിച്ചുനല്‍കാതിരിക്കാനുമാണ് ഇതിനു മുന്‍പ് ഇരു മുന്നണികളും കൈകോര്‍ത്ത് സംയുക്ത പ്രമേയങ്ങള്‍ പാസ്സാക്കിയത്. ആദ്യത്തേത് വര്‍ഗീയ പ്രീണനത്തിനും, രണ്ടാമത്തേത് സാമൂഹ്യനീതി നിഷേധിക്കുന്നതിനുമായിരുന്നെങ്കില്‍, വികസനത്തെ അട്ടിമറിക്കുന്നതിനും സ്വര്‍ണകള്ളക്കടത്തു പോലുള്ള നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് സുരക്ഷിത പാത ഒരുക്കുന്നതിനുമായിരുന്നു വിമാനത്താവളത്തിന്റെ നടത്തിപ്പ് കൈവിട്ടു പോകാതിരിക്കാനുള്ള പ്രമേയം.
കേന്ദ്ര വിരുദ്ധ സമീപനവും സമരവും സിപിഎമ്മിന്റെ കൂടപ്പിറപ്പാണ്. സ്വന്തം സര്‍ക്കാരുകളുടെ ഭരണപരാജയവും ആശയപാപ്പരത്തവും മൂടിവയ്‌ക്കാന്‍ പാര്‍ട്ടി ഇത് സമര്‍ത്ഥമായി ഉപയോഗിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് കേന്ദ്രം ഭരിച്ചിരുന്ന കാലത്ത് ഇതിന് പ്രസക്തിയുണ്ടായിരുന്നു. എന്നാല്‍ രാജ്യത്തിന്റെ ഫെഡറല്‍ സംവിധാനത്തെ പൂര്‍ണമായി അംഗീകരിച്ചുകൊണ്ടുള്ള ഭരണമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തുന്നത്. സംസ്ഥാനങ്ങള്‍ക്ക് ബജറ്റു വിഹിതം നല്‍കുന്നതിലും വികസന പദ്ധതികളില്‍ ഉള്‍പ്പെടുത്തുന്നതിലും യാതൊരുവിധത്തിലുള്ള വിവേചനവും മോദി സര്‍ക്കാര്‍ കാണിക്കുന്നില്ല. ഈ നയത്തിന്റെ ഗുണഭോക്താവാണ് കേരളവും. എന്നിട്ടും കേന്ദ്ര വിരോധം കുത്തിപ്പൊക്കി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് പിണറായി സര്‍ക്കാരും സിപിഎമ്മും ശ്രമിക്കുന്നത്. ഇതിന്റെ ഭാഗമായിരുന്നു തിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപ്പിന് നല്‍കിയത് കേരളത്തിന്റെ താല്‍പ്പര്യത്തിനു വിരുദ്ധമായ നടപടിയാണെന്ന ദുഷ്പ്രചാരണവും. സ്വകാര്യ പങ്കാളിത്തം അനുവദിക്കാന്‍ എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയ്‌ക്ക് അധികാരമുണ്ടെന്ന് ചൂണ്ടിക്കാട്ടി കേന്ദ്ര സര്‍ക്കാരിന്റെ നടപടിയെ പൂര്‍ണമായും ശരിവച്ചുകൊണ്ടുള്ള കോടതിവിധിയുടെ പശ്ചാത്തലത്തില്‍, ദുഷ്പ്രചാരണം നടത്തിയ ഇടതു-വലതു മുന്നണികള്‍ ജനങ്ങളോട് മാപ്പ് പറയണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: