നിഷേധശക്തികളായ അസുരന്മാരെ നിഗ്രഹിച്ച്, തിന്മയുടെ മേല്‍ നന്മയുടെ വിജയമാണ് നവരാത്രി ആഘോഷം. നിങ്ങളില്‍ ഉറങ്ങിക്കിടക്കുന്ന ആസുരിക ശക്തികളുണ്ട്. ആര്‍ത്തി, വെറുപ്പ് – ഇവ രണ്ട് അസുരന്മാരാണ്. അവ വിപരീതവുമാണ്. മധുവും കൈടഭനും. കൂടാതെ രക്തബീജാസുരന്‍. അത് നിങ്ങളുടെ ഗുണമാത്ര അഥവാ, വാസനാവാഹികളിലുണ്ട്. രക്തബീജാസുരന്റെ പിടിയില്‍ നിന്നുള്ള മോചനത്തിനായി മരുന്നും ധ്യാനവും വേണ്ടി വന്നേക്കും.
പിന്നെയുള്ളത് മഹിഷാസുരനാണ്. അതാണ് തേജോമാന്ദ്യം അഥവാ ഉന്മേഷരാഹിത്യം. തേജോമാന്ദ്യം എന്നത് ഒരു എരുമയെപ്പോലെയാണ്. ഈ അവസ്ഥയെ അതിജീവിക്കാനായി നിങ്ങള്‍ക്ക് ‘ശക്തി’ (ഊര്‍ജം) ആവശ്യമായി വരുന്നു. ശക്തി വരുമ്പോള്‍ ആലസ്യം നിങ്ങളില്‍ നിന്ന് പുറത്തെറിയപ്പെടുന്നു. ശുംഭനും നിശുംഭനും: ശുംഭന് എന്നാല്‍ തന്നെത്തന്നെ സംശയിക്കുന്നവന്. നിശുംഭനെന്നാല്‍ മറ്റുള്ളവരെ സംശയിക്കുന്നവന്. ഓരോ കാര്യത്തിലും സംശയം. ഇന്നത്തെ കാലത്ത് ആളുകള്‍ പൊതുവെ വളരെ തിരക്കിലാണ്. മനസ്സ് വളരെയേറെ സംശയം നിറഞ്ഞിരിക്കുകയാണ്. അവനവനെക്കുറിച്ചുതന്നെ ചിന്തിക്കാന്‍ നേരമില്ല. അതുകൊണ്ട് സംശയത്തെ ദൂരീകരിക്കുക.
ചണ്ഡനും മുണ്ഡനും! ചണ്ഡന്‍ എന്നാല്‍ തല തിരിഞ്ഞവന്. നിങ്ങള്‍ എന്തു പറഞ്ഞാലും അതിനു വിപരീതമേ ചണ്ഡന്‍ ചെയ്യുകയുള്ളൂ. മുണ്ഡന് ‘തല’യേ ഉണ്ടാവില്ല. എന്തു പറഞ്ഞാലും അയാളുടെ തലയില്‍ കയറില്ല. പിന്നെ ഒരു ധ്രൂമലോചനന്‍ കൂടിയുണ്ട്. പുകമറ പോലുള്ള കണ്ണുകള്‍ ഉള്ളവന്. അവര്‍ ഓരോന്നും മൂടല്‍മഞ്ഞ്
പോലെയാണ് കാണുന്നത്. ഈ പറഞ്ഞ അസുരന്മാരെല്ലാം തന്നെ ശക്തിയുടെ കുറവു കാരണമാണ് നമ്മില്‍ കൂടുന്നത്. നിങ്ങളുടെ ഊര്‍ജനില പൂര്ണമായിരുന്നാല് ഈ രാക്ഷസന്മാര്ക്കും നിങ്ങളിലേക്ക് കയറിവരാന്‍ കഴിയില്ല.
നവരാത്രിയിലെ ഒന്‍പതു ദിവസങ്ങളിലും പ്രപഞ്ചത്തെ സൃഷ്ടിച്ചിരിക്കുന്ന മൂന്ന് പ്രബല ഗുണങ്ങളെ കൊണ്ടാടാനുള്ള അവസരമാണുള്ളത്. നവരാത്രിയിലെ ആദ്യത്തെ മൂന്നു ദിവസം തമോഗുണത്തിന്റെ ധര്‍മമാണ്; അടുത്ത മൂന്നു ദിവസം രജോഗുണത്തിന്റെ ധര്‍മവും. അവസാന മൂന്നു ദിവസമാണ് സത്വഗുണത്തിന്റെ ധര്‍മം.
നവരാത്രിക്കാലത്ത് ദേവി ഒമ്പതു വ്യത്യസ്ത രൂപങ്ങളില്‍ പ്രകാശിതയാകുന്നു – സൂക്ഷ്മവും അഗാധവുമായ അര്‍ഥങ്ങളെയാണ് ഓരോ രൂപവും ദ്യോതിപ്പിക്കുന്നത്. ഒമ്പതു ദുര്‍ഗമാരുടെ നിഗൂഢാര്ഥങ്ങളെന്തൊക്കെയാണെന്നു നോക്കാം.
ശൈലപുത്രി: നവദുര്‍ഗമാരില്‍ ആദ്യത്തെ ദുര്‍ഗയാണ് ശൈലപുത്രി. ഈ ദേവീരൂപത്തെ പ്രാര്‍ഥിക്കുകവഴി ശിലയുടെ ശക്തിയാണ് ലഭിക്കുക. ബ്രഹ്മചാരിണി: ബ്രഹ്മചര്യം ശക്തി നല്കുന്നു. നിങ്ങളുടെ അനന്തമായ പ്രകൃതത്തെ അറിയലാണത്.
ചന്ദ്രഘണ്ട: നവരാത്രിയുടെ മൂന്നാം ദിവസം ദേവിയെ ചന്ദ്രഘണ്ടയായി ആരാധിക്കുന്നു. ചന്ദ്രന്റെ ആകൃതിയിലുള്ള മണി (ഘണ്ട) പോലെ യുള്ള ആഭരണമാണ് ദേവി ധരിച്ചിരിക്കുന്നത്. ചന്ദ്രന് ഏറ്റക്കുറച്ചിലുകള്‍ ഉള്ളതുപോലെ, മനസ്സും ചാഞ്ചാടിക്കൊണ്ടിരിക്കും. ഈ ദേവിയുടെ നാമം ജപിക്കുന്നതിലൂടെ വര്‍ധിച്ച ജാഗരൂകതയും മനോനിയന്ത്രണവും ഉണ്ടാകും.
കൂശ്മാണ്ഡ: ‘കൂശ്മാണ്ഡം’ എന്നാല്‍ ‘കുമ്പളങ്ങ’ എന്നാണര്‍ഥം. കൂശ്മാണ്ഡയായ ദേവിയില്‍ സൃഷ്ടി മുഴുവന്‍ അടങ്ങിയിരിക്കുന്നു. ഏറ്റവും കൂടുതല്‍ പ്രാണശക്തി നല്കുന്ന ദേവീഭാവമാണ് കൂശ്മാണ്ഡ. സ്കന്ദമാതാ: സ്കന്ദന്റെ (സുബ്രഹ്മണ്യന്റെ) അമ്മയാണ് സ്കന്ദമാതാ. ഇത് ധൈര്യത്തെയും കാരുണ്യത്തെയും സൂചിപ്പിക്കുന്നു.
‘സ്കന്ദ’ എന്നു പറഞ്ഞാല്‍ ‘നൈപുണ്യമുള്ളയാള്‍’ എന്നും അര്‍ഥമുണ്ട്.
കാത്യായനി: ദേവിയുടെ പോഷണസ്വഭാവമാണ് ഇത് സൂചിപ്പിക്കുന്നത്. പങ്കിടലിന്റെയും കരുതലിന്റേയും മൂര്‍ത്തരൂപമാണ് കാത്യായനി. യുവതികള്‍ നല്ല ഭര്‍ത്താവിനെ ലഭിക്കാന്‍ കാത്യായനിയെ പ്രാര്‍ഥിക്കുന്നു.
കാളരാത്രി: ‘കാള’ എന്നാല്‍ ‘കാലം’ എന്നാണര്‍ഥം. സൃഷ്ടിയിലുള്ള എല്ലാം തന്നെ കാലം വിഴുങ്ങുന്നു. അതോടൊപ്പം തന്നെ കാലം എല്ലാത്തിനും സാക്ഷിയുമാണ്. രാത്രി എന്നാല്‍, ശരീരത്തിന്റെയും മനസ്സിന്റെയും ആത്മാവിന്റെയും തലങ്ങളിലുള്ള പൂര്‍ണ വിശ്രമമാണ്. ചലനാത്മകത ലഭിക്കുന്നതിനാവശ്യമായ ആഴത്തിലുള്ള വിശ്രാന്തിയെയാണ് കാളരാത്രി സൂചിപ്പിക്കുന്നത്.
മഹാഗൗരി: ‘ഗൗരവര്‍ണം’ എന്നാല്‍ വെളുത്തനിറം എന്നാണര്‍ഥം. വെളുപ്പ് വിശുദ്ധിയെ സൂചിപ്പിക്കുന്നു. മഹാഗൗരി, ധിഷണയുടെയും നിഷ്കളങ്കതയുടേയും സംയോജനമാണ്. ‘
സിദ്ധിദാത്രി: എല്ലാ സിദ്ധികളും നല്കുന്നവളാണ് സിദ്ധിദാത്രി. സിദ്ധി എന്നാല്‍, ‘പൂര്‍ണത’ എന്നാണര്‍ഥം. സിദ്ധിദാത്രി എല്ലാ ആഗ്രഹങ്ങളും സാധിപ്പിച്ച് സ്വാഭാവികമായും ശക്തിപ്രദാനം ചെയ്യുന്നു. സിദ്ധിദാത്രിയുടെ സമ്മാനങ്ങളാണ് പൂര്‍ണതയും ആത്മജ്ഞാനവും.
ശ്രീശ്രീ രവിശങ്കര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: