കേരളത്തിലെ അതിപ്രശസ്തമായ സരസ്വതി ക്ഷേത്രമാണ് എറണാകുളം ജില്ലയില്‍ വടക്കന്‍ പറവൂരിലുള്ള ദക്ഷിണമൂകാംബികക്ഷേത്രം. താമര പൊയ്കയുടെ നടുവില്‍ സ്ഥിതി ചെയ്യുന്ന വിദ്യാരൂപിണിയും ഐശ്വര്യദായികയുമായ ദേവിയുടെ ചൈതന്യം അന്യസംസ്ഥാനങ്ങളില്‍ നിന്നു പോലും ഭക്തജനങ്ങളെ ക്ഷേത്രത്തിലേക്ക് ആകര്‍ഷിക്കുന്നു. പത്ത് നാള് നീളുന്ന നവരാത്രിയോടനുബന്ധിച്ച് ലക്ഷക്കണക്കിന് ഭക്തജനങ്ങളാണ് ക്ഷേത്ര ദര്‍ശനത്തിനായി ഒഴുകിയെത്തുന്നത്. അന്നേ ദിവസം ആയിരക്കണക്കിന് കുരുന്നുകളാണ് വിദ്യാരംഭം കുറിക്കുന്നത്.
രാജഭരണകാലത്ത് നാടു വാണിരുന്ന പറവൂര്‍ തമ്പുരാന്, കൊല്ലൂര്‍ മൂകാംബികയുടെ പരമ ഭക്തനായിരുന്നു. പതിവ് തെറ്റാതെ അദ്ദേഹം കൊല്ലൂരില്‍ ക്ഷേത്ര ദര്‍ശനം നടത്തിയിരുന്നു. പ്രായാധിക്യവും ക്ഷീണവും കലശലായപ്പോള്‍ ക്ഷേത്ര ദര്‍ശനം മുടങ്ങുമോ എന്ന് ഭയന്ന് ഒരിക്കല്‍ തിരുനടയില്‍ വച്ച് അദ്ദേഹം മനസുരുകി പ്രാര്‍ഥിച്ചു. അപ്പോള്‍, ദര്‍ശനത്തിനായി ഇനി കൊല്ലൂരില്‍ വരേണ്ടതില്ലെന്നും കൊട്ടാരത്തിനടുത്തുള്ള കുളത്തില്‍ കാണുന്ന താമരപ്പൊയ്കയില്‍ എന്നെ ദര്‍ശിക്കാം എന്ന് അശരീരി കേള്‍ക്കുകയും ചെയ്തു. കൊട്ടാരത്തില്‍ തിരിച്ചെത്തിയ തമ്പുരാന് കുളത്തിന് നടുവിലെ താമരപ്പൊയ്കയില്‍ ദേവിയെ ദര്‍ശിക്കുകയും ആ സ്ഥലത്ത് അദ്ദേഹം ക്ഷേത്രം പണി കഴിപ്പിക്കുകയും ദേവിയെ പ്രതിഷ്ഠിക്കുകയും ചെയ്തു. പ്രതിഷ്ഠയോടനുബന്ധമായി കൊല്ലൂര്‍ ക്ഷേത്രത്തിലെ ഉപദേവതമാരേയും അതേ സ്ഥാനങ്ങളില്‍ തന്നെ ഇവിടെയും പ്രതിഷ്ഠിച്ചു എന്നതാണ് ക്ഷേത്ര ഐതിഹ്യം.
വിശാലമായ താമര പൊയ്കയുടെ നടുവിലാണ് ശ്രീകോവില്‍. അകത്ത് നാലമ്പലത്തിനുള്ളില്‍ കന്നിമൂലയില്‍ ഗണപതിയും പുറത്ത് പ്രദക്ഷിണ വഴിയില്‍ സുബ്രഹ്മണ്യന്, മഹാവിഷ്ണു, യക്ഷി, ഹനുമാന് കൂടാതെ വീരഭദ്രന് തുടങ്ങിയവരെയും പ്രതിഷ്ഠിച്ചിരിക്കുന്നു. പുറത്ത് അതിവിശാലമായ ക്ഷേത്രക്കുളത്തിനടുത്ത് മറ്റൊരു ഗണപതി കോവിലുമുണ്ട്. പുലര്‍ച്ചെ നാല് മണിക്ക് പള്ളിയുണര്‍ത്തലോടെ ക്ഷേത്ര ചടങ്ങുകള്‍ ആരംഭിക്കും. വിദ്യാ വരദായിനിയുടെ ഈ ക്ഷേത്രത്തില്‍ സരസ്വതി പൂജയും കഷായ നിവേദ്യവും, കളഭവുമാണ് പ്രധാന വഴിപാടുകള്‍. കഷായം അത്താഴപൂജക്ക് ശേഷം സൗജന്യമായി വിതരണം ചെയ്യുന്നുണ്ട്.
ഇത് മാറാവ്യാധികള്‍ക്കും കുട്ടികളുടെ ബുദ്ധി വികാസത്തിനും മറ്റും സിദ്ധൗഷധമായി കണക്കാക്കുന്നു.
ശശി പെരുമ്പടപ്പില്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: