കോഴിക്കോട്: മാവൂര്‍ റോഡ് ചാളത്തറ ശ്മശാന നവീകരണത്തിന്റെ ഭാഗമായി പരമ്പരാഗത ആചാരപ്രകാരം മൃതദേഹം സംസ്കരിക്കുന്നതിനാവശ്യമായ ചൂള സംവിധാനം നിലനിര്‍ത്തില്ലെന്ന മേയര്‍ ഉള്‍പ്പെടെയുള്ള സ്റ്റിയറിംഗ് കമ്മറ്റി യോഗ തീരുമാനത്തില്‍ പ്രതിഷേധിച്ച് ബിജെപി കൗണ്‍സിലര്‍മാര്‍ കോര്പറേഷന് കൗണ്‍സില്‍ യോഗം ബഹിഷ്കരിച്ചു.
തിങ്കളാഴ്ച രാവിലെ ഓണ്‍ലൈനായി നടന്ന കൗണ്‍സില്‍ യോഗ നടപടികളാണ് ബിജെപി കൗണ്‍സിലര്‍മാരായ നമ്പിടി നാരായണന്, ഇ. പ്രശാന്ത്കുമാര്‍, നവ്യ ഹരിദാസ്, നെല്ലിക്കോട്ട് സതീഷ് കുമാര്‍, പൊന്നത്ത് ഷൈമ എന്നിവര്‍ ബഹിഷ്കരിച്ചത്. ഓണ്‍ലൈനില്‍ യോഗം ആരംഭിച്ച ഉടന്‍ ബിജെപി കൗണ്‍സില്‍ പാര്‍ട്ടി ലീഡര്‍ നമ്പിടി നാരായണന് വിഷയം ഉന്നയിക്കുകയായിരുന്നു. കഴിഞ്ഞ കൗണ്‍സില്‍ യോത്തില്‍ ഉന്നയിച്ച മാവൂര്‍ റോഡ് ശ്മശാനവിഷയത്തിന് വ്യക്തമായ മറുപടി നല്‍കണമെന്നും അല്ലാത്തപക്ഷം യോഗന ടപടികളുമായി സഹകരിക്കാനാവില്ലെന്നും അദ്ദേഹം അറിയിച്ചു. തുടര്‍ന്ന് ബിജെപി കൗണ്‍സിലര്‍മാര്‍ പ്രതിഷേധ മുദ്രാവാക്യം വിളിക്കുകയും യോഗം ബഹിഷ്കരിക്കുകയും ചെയ്തു.
പ്രതിഷേധത്തിന്റെ ഭാഗമായി, ക്വാറന്റൈനിലുള്ള തോട്ടപ്പായില്‍ അനില്‍കുമാര്‍, ജിഷ ഗിരീഷ് എന്നിവര്‍ ഒഴികെയുള്ള ബിജെപി കൗണ്‍സിലര്‍മാര്‍ കോര്പ്പറേഷന് ഓഫീസിനു മുന്നില്‍ സത്യഗ്രഹം സംഘടിപ്പിച്ചു. ബിജെപി സംസ്ഥാന സെക്രട്ടറി പി. രഘുനാഥ് സമരം ഉദ്ഘാടനം ചെയ്തു. മാവൂര്‍ റോഡിലെ വന്‍കിട വ്യവസായികള്‍ക്കും ചില മതസ്ഥാപനങ്ങള്‍ക്കും വേണ്ടി ഹൈന്ദവ സമൂഹത്തിന്റെ വികാരം മാനിക്കാതെ ചാളത്തറ ശ്മശാനം അടച്ചുപൂട്ടാനുള്ള കോര്പ്പറേഷന് അധികാരികളുടെ ഗൂഢനീക്കത്തെ എന്തുവില കൊടുത്തും നേരിടുമെന്നും ഹൈന്ദവ സംഘടനകള്‍ നടത്തുന്ന സമരങ്ങള്‍ക്ക് നേതൃത്വം നല്കാന് ബിജെപി തയ്യാറാകുമെന്നും രഘുനാഥ് പറഞ്ഞു. ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി എം. മോഹനന്, വൈസ് പ്രസിഡന്റ് അഡ്വ. കെ.വി. സുധീര്‍, മേഖലാ സെക്രട്ടറി അജയ് നെല്ലിക്കോട്, ഹിന്ദുഐക്യവേദി സംസ്ഥാന സെക്രട്ടറി കെ. ഷൈനു എന്നിവര്‍ സംസാരിച്ചു.
ബിജെപി നേതാക്കള്‍ പി. രഘുനാഥിന്റെ നേതൃത്വത്തില്‍ മേയര്‍ തോട്ടത്തില്‍ രവീന്ദ്രനെ ചേംബറില്‍ എത്തി കാണുകയും പ്രതിഷേധം അറിയിക്കുകയും ചെയ്തു. കോഴിക്കോട്ടെ ഹൈന്ദവ നേതാക്കളുടേയും രാഷ്ട്രീയ പാര്‍ട്ടികളുടെയും യോഗം വിളിച്ചു ചേര്‍ത്ത് ശ്മശാന കാര്യത്തില്‍ തീരുമാനമെടുക്കണമെന്ന നേതാക്കളുടെ ആവശ്യം മേയര്‍ അംഗീകരിച്ചതിന്റെ അടിസ്ഥാനത്തില്‍ കൗണ്‍സിലര്‍മാര്‍ സമരം അവസാനിപ്പിക്കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: