കോഴിക്കോട്: നവീകരണത്തിന്റെ പേരില്‍ മാവൂര്‍ റോഡ് ശ്മശാനത്തിലെ പരമ്പരാഗത ചൂളകള്‍ പൊളിക്കാനുള്ള കോര്‍പറേഷന്റെ നീക്കം ഹിന്ദുഐക്യവേദി, ബിജെപി പ്രവര്‍ത്തകര്‍ തടഞ്ഞു. ഇന്നലെ രാവിലെ ഏഴു മണിയോടെ ഹിന്ദുഐക്യവേദി, ബിജെപി പ്രവര്‍ത്തകര്‍ ശ്മശാനത്തില്‍ എത്തിയിരുന്നു. നടക്കാവ് സിഐ ബിശ്വാസിന്റെ നേതൃത്വത്തില്‍ വന്‍പോലീസ് സംഘവും സ്ഥലത്ത് നിലയുറപ്പിച്ചിരുന്നു.
പരമ്പരാഗത ചൂളകള്‍ പൊളിക്കാനായി ജെസിബി അടക്കമുള്ള വാഹനങ്ങളുമായി ഊരാളുങ്കല്‍ ലേബര്‍ കോണ്ട്രാക്റ്റ് സൊസൈറ്റി ജീവനക്കാര്‍ എത്തിയതോടെ ഹിന്ദുഐക്യവേദി, ബിജെപി പ്രവര്‍ത്തകര്‍ തടഞ്ഞു. സ്ഥലത്ത് നിന്ന് മാറില്ലെന്നും ചര്‍ച്ച നടത്തി തീരുമാനമാകാതെ പൊളിച്ചു നീക്കാന്‍ അനുവദിക്കില്ലെന്നും പറഞ്ഞതോടെ സിഐ കോര്പറേഷന് അധികൃതരുമായി ഫോണില്‍ സംസാരിക്കുകയും ഇന്നലെ നിര്‍മ്മാണ പ്രവര്‍ത്തനം ആരംഭിക്കില്ലെന്ന് അറിയിക്കുകയും ചെയ്തു. ചര്‍ച്ചയ്ക്ക് സംവിധാനം ഒരുക്കാമെന്ന പോലീസ് നിര്‍ദ്ദേശത്തെ തുടര്‍ന്ന് പ്രതിഷേധം താല്‍ക്കാലികമായി നിര്‍ത്തുകയും പൊളിക്കാന്‍ എത്തിയവര്‍ മടങ്ങുകയും ചെയ്തു.
ഹിന്ദുഐക്യവേദിയുടെ നേതൃത്വത്തില്‍ നടന്ന ഹൈന്ദവരോഷാഗ്നി പ്രതിഷേധപന്തം ജ്വലിപ്പിച്ച് സംസ്ഥാനസെക്രട്ടറി കെ. ഷൈനു ഉദ്ഘാടനം ചെയ്തു. ഹിന്ദുഐക്യവേദി ജില്ലാ അദ്ധ്യക്ഷന്‍ ദാമോദരന്‍ കുന്നത്ത്, ജില്ലാ ജനറല്‍ സെക്രട്ടറി സതീഷ് മലപ്രം, ജില്ലാ സെക്രട്ടറി സുനില്‍ കുമാര്‍ പുത്തൂര്‍മഠം, ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി എം. മോഹനന്, വൈസ് പ്രസിഡണ്ട് അഡ്വ. കെ.വി. സുധീര്‍, സെല്‍ കോ-ഓര്‍ഡിനേറ്റര്‍ പ്രശോഭ് കോട്ടൂളി, നോര്‍ത്ത് മണ്ഡലം പ്രസിഡണ്ട് കെ. ഷൈബു, എസ്എന്‍ഡിപി യോഗം കോഴിക്കോട് സിറ്റി യൂണിയന് കണ്‍വീനര്‍ സതീഷ് കുറ്റിയില്‍, ബിജെപി കൗണ്‍സില്‍ പാര്‍ട്ടി ലീഡര്‍ നമ്പിടി നാരായണന്, യുവമോര്‍ച്ച ജില്ലാ പ്രസിഡണ്ട് ടി. റെനീഷ് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: