കോട്ടയം: ബാര്‍ കോഴയുടെ പ്രഭവകേന്ദ്രം എറണാകുളത്ത്. കെ.എം. മാണിക്കെതിരെ ഉയര്‍ന്ന ബാര്‍കോഴ ആരോപണത്തെക്കുറിച്ച് അന്വേഷിക്കുന്നതിന് കേരളാ കോണ്‍ഗ്രസ് (എം) സ്റ്റിയറിങ് കമ്മിറ്റി ചുമതലപ്പെടുത്തിയ ഏഴംഗ സമിതിയുടെ റിപ്പോര്‍ട്ടിലാണ് ഇത് വ്യക്തമാക്കുന്നത്.
കോണ്‍ഗ്രസിലെ ഐ വിഭാഗവും സിപിഎമ്മിലെ ഒരു വിഭാഗവും കൈകോര്‍ത്തുള്ള നീക്കങ്ങളാണ് ബാര്‍കോഴ വിഷയത്തിന് പിന്നിലെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഉമ്മന്‍ ചാണ്ടിയെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് പുറത്താക്കുന്നതിനു വേണ്ടി കെ.എം. മാണിയില്‍ സമ്മര്‍ദ്ദം ചെലുത്തുന്നതിനായി സൃഷ്ടിക്കപ്പെട്ടതാണ് കോഴയാരോപണമെന്നും വിശദീകരിക്കുന്നുണ്ട്.
അന്വേഷണ റിപ്പോര്‍ട്ട് 30 പേജും 40 പേജ് അന്നത്തെ സര്‍ക്കാര്‍ ഉത്തരവുകളും ചേര്‍ത്തുള്ള അന്വേഷണ റിപ്പോര്‍ട്ട് സമിതി അധ്യക്ഷന്‍ സി.എഫ്. തോമസ് എംഎല്‍എ ആണ് സമര്‍പ്പിച്ചിരിക്കുന്നത്. മറ്റൊരു രസകരമായ കാര്യം കേരളാ കോണ്‍ഗ്രസ് നേതൃത്വം ചുമതലപ്പെടുത്തിയ ബാര്‍ കോഴ ആരോപണം അന്വേഷിച്ച ഏഴംഗ കമ്മീഷനിലെ ഒരാള്‍പോലും ജോസ് കെ. മാണി നേതൃത്വം നല്കുന്ന കേരളാ കോണ്‍ഗ്രസില്‍ ഇല്ല എന്നതാണ്. പാര്‍ട്ടി കമ്മീഷനുവേണ്ടി സ്വകാര്യ ഏജന്‍സിയാണ് റിപ്പോര്‍ട്ട് തയാറാക്കിയതെങ്കിലും കമ്മീഷന് അധ്യക്ഷനായ സി.എഫ്. തോമസ് എംഎല്‍എ ഒപ്പിട്ടാണ് പാര്‍ട്ടി നേതൃത്വത്തിന് 2016 മാര്‍ച്ച് 31ന് നല്‍കിയത്.
പൂഞ്ഞാറുകാരനായ ഒരു വ്യക്തിയുടെ എറണാകുളത്തെ വീട്ടില്‍ ഫ്രെയിം ചെയ്യപ്പെട്ടതാണ് ബാര്‍കോഴ കേസ് എന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. രമേശ് ചെന്നിത്തല, ജോസഫ് വാഴ്യ്ക്കന്‍, പി.സി. ജോര്‍ജ്ജ്, അന്നത്തെ വിജിലന്‍സ് എഡിജിപി ജേക്കബ് തോമസ് എന്നിവരായിരുന്നു ഈ പദ്ധതിക്ക് പിന്നില്‍. ടെലിവിഷനില്‍ തെറിവിളിക്കുകയും അതേസമയം തന്നെ ബാര്‍ ഉടമകളുടെ വര്‍ക്കിങ് പ്രസിഡന്റ് ബിജു രമേശുമായി രഹസ്യ ധാരണയുമാണ് പി.സി. ജോര്‍ജിന് ഉണ്ടായിരുന്നതെന്നും റിപ്പോര്‍ട്ട് പറയുന്നു.
അന്നത്തെ അഡ്വക്കേറ്റ് ജനറല്‍ ദണ്ഡപാണിയും കമ്മീഷന് റിപ്പോര്‍ട്ടില്‍ ആരോപണ വിധേയനാണ്. കെ. എം. മാണിയെ സഹായിക്കാനെന്ന വ്യജേന കോണ്‍ഗ്രസ് നേതാക്കളുടെ മനോധര്‍മ്മം അനുസരിച്ചാണ് കോടതിയില്‍ ഇദ്ദേഹം നിലപാട് കൈക്കൊണ്ടത്. ഇത് പരിശോധിക്കപ്പെടണം. ബാര്‍കോഴ കേസില്‍ തുടരന്വേഷണത്തിന് ഉത്തരവിട്ട തിരുവനന്തപുരം വിജിലന്‍സ് ജഡ്ജിക്കെതിരെ പോലും പരാമര്‍ശങ്ങളുണ്ട്.
കേരളാ കോണ്‍ഗ്രസിന്റെ നിലനില്‍പ്പിനെ ചോദ്യം ചെയ്യും വിധത്തിലുള്ള കരുനീക്കങ്ങളുടെ പിന്നില്‍ മുഴുവനും രമേശ് ചെന്നിത്തലയെന്ന അദൃശ്യരൂപം ഉണ്ടെന്നതില്‍ അന്വേഷണ സമിതിക്ക് സംശയമില്ല. ഇതിനൊപ്പം പാര്‍ട്ടി പിടിച്ചെടുക്കുകയെന്ന തന്ത്രത്തില്‍ പി.സി. ജോര്‍ജ്ജും ഉണ്ടായിരുന്നു. മുണ്ടക്കയം സര്‍ക്കാര്‍ മന്ദിരത്തിലും ഗൂഢാലോചന അരങ്ങേറി. ഗൂഢാലോചന, വ്യാജ സിഡി നിര്‍മാണം, എസ്പി ആര്. സുകേശന്റ സാന്നിധ്യം, മാധ്യമ രംഗത്ത് നിന്നുള്ള ചിലരുടെ പങ്കാളിത്തം ഇവയെല്ലാം വിശദമായി പരിശോധിക്കപ്പെടേണ്ടതാണ്. അടൂര്‍ പ്രകാശും ബിജും രമേശും തമ്മിലുള്ള ബന്ധുത്വവും റിപ്പോര്‍ട്ടില്‍ പ്രധാന പരാമര്‍ശമാണ്.
എളമരം കരീമുമായി ബന്ധപ്പെട്ട ചക്കിട്ടപ്പാറ വിജിലന്‍സ് കേസ്, പ്രതിപക്ഷ നേതാവായ വി.എസ്. അച്യുതാനന്ദന് കാസര്‍കോട് ഒരു ബന്ധുവിന് മിച്ചഭൂമി പതിച്ച് നല്‍കിയത്, വിഎസിന്റെ മകന് അരുണിന് എതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ എന്നിവയെല്ലാം രമേശ് ചെന്നിത്തല ആഭ്യന്തര മന്ത്രിയായതോടെ നിലച്ചു. കെ.എം. മാണി ഒരിക്കലും ഇടതുമുന്നണിയില്‍ എത്തരുതെന്ന് ആഗ്രഹിച്ചിരുന്ന വി.എസ്. അച്യുതാനന്ദന് അന്നത്തെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുമായി കൈകോര്‍ത്തതായും ചൂണ്ടിക്കാണിക്കപ്പെടുന്നു. കോണ്‍ഗ്രസ്-സിപിഎം അച്ചുതണ്ട് കെ.എം. മാണിയെ പൂര്‍ണമായും ഇല്ലായ്മ ചെയ്യുവാനുള്ള നീക്കങ്ങള്‍ നടത്തിയിരുന്നുവെന്ന് വ്യക്തമാക്കുന്നതാണ് അന്വേഷണ സമിതി റിപ്പോര്‍ട്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: