കൂത്തുപറമ്പ് വെടിവയ്പ്പിലെ ജീവിക്കുന്ന രക്തസാക്ഷി പുഷ്പന്റെ സഹോദരന് ശശി ബിജെപിയില്‍ ചേര്‍ന്നത് സിപിഎമ്മിന്റെ വഞ്ചനാത്മക രാഷ്ട്രീയത്തെ തുറന്നുകാട്ടുന്നതാണ്. താല്ക്കാലികമായ രാഷ്ട്രീയ നേട്ടത്തിനുവേണ്ടി രക്തസാക്ഷികളെ വച്ച് വിലപേശുകയാണ് സിപിഎം എന്ന ശശിയുടെ വാക്കുകള്‍ ആ പാര്‍ട്ടിയുടെ ചാവേറുകളായി നടക്കുന്നവരുടെ കണ്ണുതുറപ്പിക്കും. സഹകരണ മന്ത്രിയായിരുന്ന എം.വി. രാഘവനെ സ്വാശ്രയ കോളജിനെതിരായ സമരത്തിന്റെ ഭാഗമായി, കൂത്തുപറമ്പില്‍ തടഞ്ഞതിനെത്തുടര്‍ന്നുണ്ടായ വെടിവയ്പ്പില്‍ അഞ്ച് പേര് മരിച്ചിരുന്നു. ഇവരെ പാര്‍ട്ടിക്കുവേണ്ടി ജീവത്യാഗം ചെയ്ത രക്തസാക്ഷികളായി ചിത്രീകരിച്ച സിപിഎം പിന്നീട് ഭരണത്തിലെത്തിയപ്പോള്‍ സ്വാശ്രയ കോളജിനെ പിന്തുണയ്ക്കുന്ന വിരോധഭാസമാണ് കണ്ടത്. ഇപ്പോഴത്തെ മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ ഉള്‍പ്പെടെ പല സിപിഎം നേതാക്കന്മാരുടെയും മക്കള്‍ സ്വാശ്രയ കോളജുകളില്‍ പഠിക്കുകയും ചെയ്തു. കൂത്തുപറമ്പില്‍ വച്ച്, തന്നെ വധിക്കുകയായിരുന്നു സിപിഎമ്മിന്റെ ലക്ഷ്യമെന്ന് എം.വി. രാഘവന് വെളിപ്പെടുത്തിയിട്ടുണ്ട്. ഇതേ രാഘവന്റെ പാര്‍ട്ടിയായ സിഎംപിയുമായി സിപിഎം സഖ്യമുണ്ടാക്കുക മാത്രമല്ല, മകന് നികേഷ് കുമാറിനെ നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്വന്തം സ്ഥാനാര്‍ത്ഥിയാക്കാനും മടിച്ചില്ല. കൂത്തുപറമ്പ് രക്തസാക്ഷികളുടെ ചോരയില്‍ ചവിട്ടിനിന്നുകൊണ്ടാണ് ഈ രാഷ്ട്രീയ വഞ്ചനയെന്ന് വിമര്‍ശനം ഉയര്‍ന്നെങ്കിലും കണ്ണടച്ചിരുട്ടാക്കുകയായിരുന്നു സിപിഎം നേതൃത്വം.
രക്തസാക്ഷികളെ സൃഷ്ടിക്കുന്നത് സിപിഎമ്മിന്റെ രാഷ്ട്രീയ പരിപാടി തന്നെയാണ്. പാര്‍ട്ടി കെട്ടിപ്പടുക്കാനും അധികാരം പിടിക്കാനും ബോധപൂര്‍വം ബലികൊടുക്കപ്പെടുന്നവരുടെ പേരില്‍ രക്തസാക്ഷി സ്മാരകങ്ങള്‍ ഉയരുകയും, പണപ്പിരിവുകള്‍ നടത്തുകയും ചെയ്യുന്നു. കൂത്തുപറമ്പ് വെടിവയ്പ്പില്‍ ആയുസ്സിന്റെ ബലംകൊണ്ടുമാത്രം രക്ഷപ്പെട്ട പുഷ്പന് കാല്‍നൂറ്റാണ്ടായി ജീവച്ഛവമായി കഴിയുകയാണ്. അരയ്ക്ക് വെടിയേറ്റതിനാല്‍ അനങ്ങാനാവാതെ കിടക്കുന്ന ഈ ഭാഗ്യഹീനനെ ഇനിയും തളരാത്ത പോരാളിയായി അവതരിപ്പിച്ചു പോരുന്നതിനിടെയാണ് ഇത്രകാലവും സിപിഎമ്മിന്റെ സജീവപ്രവര്‍ത്തകനായിരുന്ന സഹോദരന് ശശി പാര്‍ട്ടിയുടെ മനുഷ്യത്വരാഹിത്യത്തിനെതിരെ തുറന്നടിച്ച് ബിജെപിയില്‍ അംഗമായിരിക്കുന്നത്. ‘കണ്ണൂരിസം’ എന്ന പേരില്‍ അറിയപ്പെടുന്ന സിപിഎമ്മിന്റെ കൊലപാതക രാഷ്ട്രീയത്തിന് ഇരയാവുമ്പോഴും, അതിനെ ചെറുത്തുതോല്‍പ്പിക്കാന്‍ പ്രതിജ്ഞാബദ്ധമായ പ്രസ്ഥാനത്തിലേക്കുള്ള ഈ വരവിന് ഏറെ രാഷ്ട്രീയ പ്രാധാന്യമുണ്ട്. പാര്‍ട്ടിയുടെ ഭീഷണി വകവയ്ക്കാതെ പരസ്യ നിലപാടെടുത്ത ശശിയുടെ പാത പിന്തുടര്ന്ന് നിരവധി പേര് ബിജെപിയില്‍ എത്തുമെന്നാണ് അറിയുന്നത്. ആദര്‍ശം മറയാക്കി ചോരയും നീരുമുള്ള യുവാക്കളുടെ ജീവനും ജീവിതവും തുലയ്ക്കുകയും, അധികാരത്തിലെത്തിയാല്‍ അഴിമതിയും സ്വജനപക്ഷപാതവും കാണിച്ച് പഞ്ചനക്ഷത്ര മാര്‍ക്സിസ്റ്റുകളായി മാറുകയും ചെയ്യുന്നവരുടെ പൊയ്മുഖങ്ങള്‍ ജനങ്ങള്‍ തിരിച്ചറിയാതെ പോകാന്‍ പാടില്ല. സിപിഎമ്മില്‍ ആത്മാഭിമാനവും ആദര്‍ശബോധവും അവശേഷിക്കുന്നവര്‍ ബിജെപി പ്രതിനിധാനം ചെയ്യുന്ന ദേശീയതയുടെയും വികസനത്തിന്റെയും ജനക്ഷേമ രാഷ്ട്രീയത്തിന്റെയും പാതയില്‍ അണിനിരക്കണമെന്നത് കാലഘട്ടത്തിന്റെ ആഹ്വാനമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: