കാക്കനാട്: കൊറോണ പശ്ചാത്തലത്തില്‍ രോഗികളുടെ പരിരക്ഷ ആരംഭിച്ചതോടെ അങ്കണവാടി ജീവനക്കാര്‍ക്ക് നിന്നുതിരിയാന്‍ സമയമില്ല. അരി, ചെറുപയര്‍, വെളിച്ചണ്ണ, ശര്‍ക്കര, ഗോതമ്പ്, റാഗി, അവല്, എള്ള് തുടങ്ങിയവ ഒരു മാസത്തെ ഭക്ഷണം കുട്ടികളുടെ വീടുകളിലെത്തിച്ചു നല്‍കണം. കൗമാരാക്കാരയ പെണ്‍കുട്ടികള്‍, ഗര്‍ഭിണികള്‍, മുലയൂട്ടുന്ന അമ്മമാര്‍ എന്നിവര്‍ക്കുള്ള പോഷകാഹാരവും ഇവര്‍ തന്നെ എത്തിക്കണം. കേന്ദ്ര പോഷകാഹാര മിഷന്റെ ഭാഗമായി ഭക്ഷണത്തിനു മുമ്പു കുട്ടികള്‍ സുരക്ഷിതമായി കൈ കഴുകുന്ന രീതി വരെ ഇവര്‍ പരിശീലിപ്പിക്കണം.
വാര്‍ഡു തലത്തില്‍ കുട്ടികളുടെയും ഗര്‍ഭിണികളായ അമ്മമാരുടെയും കണക്കുകള്‍ ശേഖരിക്കുകയും ഇവര്‍ക്കു വേണ്ടതാ പരിരക്ഷകള്‍ ഉറപ്പാക്കണം, തുടങ്ങി ദിവസവും അഞ്ച് രജിസ്റ്ററുകള്‍ ഇവര്‍ അപ്ഡേറ്റ് ചെയ്യണം. കുട്ടികള്‍ക്കുള്ള പ്രഭാത ഭക്ഷണം, ഉച്ചക്കഞ്ഞിയും തോരനും വൈകിട്ട് ഉപ്പുമാവ് എന്നിവ നല്‍കണം.
ഹെല്‍പര്‍മാര്‍ പാചക ജോലികള്‍ ചെയ്യുമ്പോള്‍ കുട്ടികളുടെ പഠനവും പരിശീലനവും വര്‍ക്കര്‍മാര്‍ നിര്‍വഹിക്കണം. എല്ലാ മാസവും പരിശോധനക്കായി എത്തുന്ന ഐസിഡിഎസ് സൂപ്പര്‍വൈസര്‍മാര്‍ക്കു അങ്കണവാടിയില്‍ പൂര്‍ത്തീകരിച്ച രജിസ്റ്ററുകള്‍ പരിശോധനക്ക് ഹാജരാക്കണം. 60 വയസിനു മുകളിലുള്ളവരെ ഇടയ്ക്കു ഫോണില്‍ വിളിച്ചു വിവരങ്ങള്‍ അന്വേഷിക്കണം. ഒരു വര്‍ക്കര്‍ക്ക് 56 ഗുണഭോക്താക്കളാണ്ണുള്ളത്. ഇവര്‍ക്കു പോഷകാഹാരം എത്തിച്ചു കൊടുക്കുകയും മാനസിക സംഘര്‍ഷം അനുഭവിക്കുന്നവര്‍ക്ക് കോള്‍ സെന്റര്‍ മുഖേനെ കൗണ്‍സലിങ് നല്‍കണം. തെരഞ്ഞെടുപ്പ് കമ്മിഷന്റെ നിര്‍ദേശ പ്രകാരം വീടുകള്‍ തോറും കയറി ഇറങ്ങി വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കണം. മരിച്ചവരെ നീക്കം ചെയ്യുകയും സ്ഥലം മാറിപ്പോയവര്‍, വീടു മാറി താമസിക്കുന്നവര്‍, വിദേശത്ത് ജോലി ചെയ്യുന്നവര്‍, കൊറോണ മൂലം മടങ്ങി വന്നവരുടെ വിവരങ്ങള്‍ എല്ലാം ശേഖരിച്ചു എല്ലാ വ്യാഴാഴ്ചയും അതതു വില്ലേജ് ഓഫീസുകളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണം ഇങ്ങനെ നീളുന്ന അങ്കണവാടി ജീവനക്കാരുടെ ജോലി ഭാരം.
ജില്ലയില്‍ 2,858 വര്‍ക്കര്‍മാരാണുള്ളത്. ഇവര്‍ക്കു കേന്ദ്ര സര്‍ക്കാര്‍ സൗജന്യമായി നല്കിയ സ്മാര്‍ട് ഫോണില്‍ നിത്യേനെയുള്ള പ്രവര്‍ത്തന റിപ്പോര്‍ട്ട് പ്രത്യേക ആപ്ലിക്കേഷനില്‍ അപ്ലോഡ് ചെയ്യണം. അങ്കണവാടികളുടെ നിരീക്ഷണ ചുമതലുള്ള 111 ഐസിഡിഎസ് സൂപ്പര്‍വൈസര്‍മാര്‍ക്കും 24 ന്യൂട്രീഷ്യന്‍ കോഓര്‍ഡിനേറ്റര്‍മാര്‍ക്കും സ്മാര്‍ട് ഫോണ്‍ നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: