കല്‍പ്പറ്റ: മനുഷ്യരില്‍ കൊറോണ വൈറസ് വ്യാപനം തുടരുന്നതിനിടെ വയനാട് ഉള്‍പ്പെടെ സംസ്ഥാനത്ത് പലയിടങ്ങളിലും പശുക്കളില്‍ വൈറസ് രോഗം പടരുന്നു. പാലക്കാട് ജില്ലയിലും മറ്റു ജില്ലകളിലും റിപ്പോര്‍ട്ട് ചെയ്ത ലംബി സ്കിന്‍ ഡിസീസ് അഥവാ എല്‍എസ്ഡി വൈറസ് രോഗബാധ ആണ് ഇപ്പോള്‍ വയനാട്ടിലും ഭീഷണിയായിരിക്കുന്നത്.
വാളാടും അമ്പലവയലിലും വരദൂരിലും ഈ രോഗം കണ്ടെത്തുകയും നിയന്ത്രണ വിധേയമാക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇപ്പോള്‍ കഴിഞ്ഞ ഒരാഴ്ചയായി വെള്ളമുണ്ട പഞ്ചായത്തിലാണ് വീണ്ടും രോഗം എത്തിയിട്ടുള്ളത്. പ്രതിരോധ മരുന്നു വിതരണത്തിനുള്ള വാക്സിന് ആയ ഗോട്ട് പോക്സ് കിട്ടാനില്ലാത്തതിനാല്‍ ക്ഷീര കര്‍ഷകര്‍ ആശങ്കയിലാണ്. പുറത്തു നിന്നും കൊണ്ടുവരുന്ന കാലികളിലൂടെയാണ് രോഗം കേരളത്തില്‍ എത്തുന്നത്.
ഈച്ചകളിലൂടെ ആണ് രോഗം കൂടുതലായി പകരുന്നത്. പാല് ഉല്പാദനം കുറയുകയും കൈകാലുകള്‍ക്ക് ബലക്ഷയം ഉണ്ടാവുകയും ചിലപ്പോള്‍ അംഗ വൈകല്യം സംഭവിക്കുകയും ചെയ്യും. രോഗാവസ്ഥ രൂക്ഷമായാല്‍ ഗര്‍ഭം അലസി പോകാനും സാധ്യതയുണ്ട്. മരണം അപൂര്‍വ്വമായി മാത്രമേ സംഭവിക്കാറുള്ളൂ എങ്കിലും ക്ഷീര മേഖലയ്ക്ക് കനത്ത തിരിച്ചടിയാണ് ഈ വൈറസ് ബാധ.
ചെറുകരയില്‍ ഇടിച്ചില്‍ ജാനകിയുടെ വീട്ടില്‍ 6 കാലികള്‍ക്കാണ് വൈറസ് ബാധ ഉണ്ടായിട്ടുള്ളത്. ഈ മാസം പതിനൊന്നാം തീയതിയാണ് ഒരു പശുവില്‍ ആദ്യമായി രോഗബാധ കണ്ടെത്തിയത്. തുടര്‍ന്നു മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥരെ വിവരം അറിയിക്കുകയും വെറ്ററിനറി ഡോക്ടര്‍മാര്‍ എത്തി സാമ്പിള്‍ പരിശോധനയ്ക്ക് എടുക്കുകയും തിരുവനന്തപുരത്തെ ലബോറട്ടറിയിലേക്ക് അയക്കുകയും ചെയ്തിട്ടുണ്ട്.
പലപ്പോഴും വിദഗ്ധ പരിശോധനയ്ക്കായി ലാബിലേക്ക് സാമ്പിളുകള്‍ അയക്കാറുണ്ട്. രോഗബാധ റിപ്പോര്‍ട്ട് ചെയ്ത പല ജില്ലകളിലും 40 ശതമാനം വരെ പാല് ഉല്പാദനം കുറഞ്ഞിട്ടുണ്ട്. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് കൊണ്ടുവരുന്ന മൃഗങ്ങളെ വാക്സിനേഷന് വിധേയമാക്കുകയും 15 ദിവസത്തേക്ക് എങ്കിലും നിരീക്ഷണത്തില്‍ പാര്‍പ്പിക്കുകയും ചെയ്യുക എന്നതാണ് ഇതിനുള്ള പോംവഴിയെന്ന് ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോക്ടര്‍ പ്രദീപ് കുമാര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: