മക്കളേ,
കുടുംബബന്ധങ്ങളുടെ അടിത്തറ സ്നേഹവും പരസ്പരവിശ്വാസവുമാണ്. ഇവരണ്ടും ഒരുമിച്ചു നിലനിന്നാലേ കുടുംബജീവിതം സന്തോഷപൂര്‍ണമാവൂ. എന്നാല്‍ ഇന്നു കുടുംബബന്ധങ്ങളില്‍ പരസ്പരവിശ്വാസത്തിനു ദൃഢത പോരാ. അതിനാല്‍ സ്നേഹത്തില്‍ തുടങ്ങുന്ന കുടുംബജീവിതം ക്രമേണ ഒരാള്‍ മറ്റൊരാളുടെമേല്‍ ആധിപത്യം പുലര്ത്തുന്നതിലേയ്ക്കു വഴിമാറുന്നു. പണ്ട് കുടുംബങ്ങളില്‍ മൂല്യങ്ങള്‍ ഉണ്ടായിരുന്നതിനാല്‍ ഭാര്യാഭര്ത്താക്കന്മാര്ക്കു പരസ്പരം ക്ഷമിക്കാനും സഹിക്കാനും കഴിഞ്ഞിരുന്നു. എന്നാല്‍ ഇന്ന് കല്യാണം കഴിഞ്ഞ് രണ്ടുമാസം കഴിഞ്ഞാല്‍ പരസ്പരം പിറുപിറുപ്പായി, അടിയായി. സ്വന്തം സുഖം മാത്രം നോക്കി സ്നേഹിക്കുന്നതുകൊണ്ടാണ് അങ്ങനെ സംഭവിക്കുന്നത്. വെഡ്ഡിങ്ങും വെല്‍ഡിങ്ങും ഒരു പൊലെയാണെന്നു പറയും. എന്നാല്‍ സ്വല്പം വ്യത്യാസവുമുണ്ട്. വെല്‍ഡിങ്ങില്‍ ആദ്യം തീയും പുകയും ഉണ്ടാകും. പിന്നെ കൂടിച്ചേരും. വെഡ്ഡിങ്ങില്‍ ആദ്യം കൂടിച്ചേരും പിന്നെ തീയും പുകയും ഉണ്ടാകും. അതാണ് സ്ഥിതി.
പ്രേമവിവാഹം കഴിച്ച പലരും പിന്നീട് മാനസികമായി അകലുകയും പരസ്പരം കലഹിക്കുകയും വിവാഹബന്ധം വേര്‍പെടുത്തുകയും ചെയ്യാറുണ്ട്. ‘നിന്നെ ഒരു നിമിഷംപോലും പിരിഞ്ഞിരിക്കാന്‍ വയ്യ. നിന്റെ അടുത്തിരിക്കുന്ന ഓരോ നിമിഷവും ഞാന്‍ സ്വര്‍ഗീയസുഖം അനുഭവിക്കുന്നു,’ എന്നു പറഞ്ഞിരുന്ന അതേ വ്യക്തി ഭാര്യയെ കാണുന്നതുപോലും തനിക്ക് അറപ്പും വെറുപ്പുമാണ് എന്നു പിന്നീട് പറയുന്നതും കേള്‍ക്കാം. മനസ്സുകള്‍ അകലുമ്പോഴാണ് പരസ്പരം കുറ്റങ്ങളും കുറവുകളും കണ്ടെത്തുകയും കലഹിക്കുകയും ചെയ്യുന്നത്. നമ്മള് ഉള്ളു തുറന്നു സ്നേഹിക്കുന്ന ഒരു വ്യക്തിയില്‍ നമ്മള് തെറ്റു കാണുകയില്ല. അഥവാ കണ്ടാല്‍ത്തന്നെ അതു ക്ഷമിക്കാനും സഹിക്കാനും നമുക്ക് ഒരു പ്രയാസവും ഉണ്ടാവില്ല.
എന്റെ സുഖം, എന്റെ ലാഭം, എന്ന പ്രതീക്ഷവെച്ച് മറ്റുള്ളവരെ സ്നേഹിക്കരുത്. ഒന്നും പ്രതീക്ഷിക്കാതെ സ്നേഹം കൊടുക്കാന്‍ കഴിയണം. അപ്പോള്‍ സ്നേഹം തിരിച്ചുകിട്ടുകയും ചെയ്യും. ഒരാളിലെ നിസ്വാര്‍ഥസ്നേഹം മറ്റേ ആളിലും നിസ്വാര്ഥസ്നേഹമുണര്ത്തും. ഇത് ഒരു പൊതുനിയമമാണ്. എന്നാല്‍ എത്ര സ്നേഹം കൊടുത്താലും മാറാത്തവരും ഉണ്ടാവാം. എങ്കിലും ശ്രമം തുടര്‍ന്നുകൊണ്ടിരുന്നാല്‍ വിജയിക്കാന്‍ വളരെ സാദ്ധ്യതയുണ്ട്. വൈവാഹികജീവിതത്തില്‍ പ്രശ്നങ്ങള്‍ നേരിടുന്ന പലരും ജീവിതപങ്കാളിയുടെ സ്വഭാവത്തിലും പെരുമാറ്റത്തിലുമുള്ള തെറ്റുകുറ്റങ്ങളെ എടുത്തുപറയാറുണ്ട്. തങ്ങളുടെ ജീവിതപങ്കാളിയില്‍ എതെങ്കിലുംതരത്തിലുള്ള നന്മ ഉണ്ടായിരിക്കാമെന്നുപോലും അവര്‍ ചിന്തിക്കാറില്ല. ഒരിക്കല്‍ ഒരാള്‍ ഒരു വിവാഹകൗണ്സലറെ സന്ദര്‍ശിച്ചു. ഭാര്യയുമായി ഒത്തുപോകാന്‍ അസാദ്ധ്യമായതുകൊണ്ട് അയാള്‍ വിവാഹബന്ധം വേര്‍പെടുത്താനുള്ള തീരുമാനത്തിലെത്തിയിരുന്നു. അവസാനപരീക്ഷണമെന്ന നിലയ്ക്കാണ് കൗണ്‍സലറെ ചെന്നുകണ്ടത്. അയാളുടെ പ്രശ്നങ്ങള്‍ കേട്ടശേഷം കൗണ്‍സലര്‍ പറഞ്ഞു, ‘നിങ്ങള്‍ ഭാര്യയുടെ കുറ്റങ്ങളും കുറവുകളും മാത്രമേ ഇന്നു കാണുന്നുള്ളു. ഏതു വ്യക്തിയിലും എന്തെങ്കിലും നല്ല ഗുണങ്ങള്‍ ഉണ്ടാകാതിരിക്കില്ല. അതുകൊണ്ട് ഒരു കാര്യം ചെയ്യൂ. ഭാര്യയില്‍ നിങ്ങള്‍ പണ്ടു കണ്ടിരുന്ന അല്ലെങ്കില്‍ ഇന്നും കാണുന്ന നല്ല ഗുണങ്ങള്‍ ഒരു കടലാസില്‍ എഴുതുക.’ അയാള്‍ വീട്ടിലെത്തിയശേഷം എഴുതാന്‍ തുടങ്ങി. ഇടയ്ക്കിടെ അയാള്‍ ഭാര്യയുടെ നേര്‍ക്ക് നോക്കുന്നുണ്ടായിരുന്നു. ഭാര്യ അതു ശ്രദ്ധിച്ചു. അവള് ചോദിച്ചു, ‘നിങ്ങള്‍ എന്താണ് എഴുതുന്നത്?’ അയാള്‍ പറഞ്ഞു, ‘നിന്റെ നല്ല ഗുണങ്ങളുടെ ലിസ്റ്റ് തയ്യാറാക്കുകയാണ്.’ അവള്‍ക്കതു വിശ്വസിക്കാനായില്ല.’നല്ല ഗുണങ്ങളോ? എന്നില്‍ ഏതെങ്കിലും നല്ല ഗുണം കാണാന്‍ നിങ്ങള്‍ക്കു കഴിയുമെന്ന് എനിക്കു വിശ്വസിക്കാനേ കഴിയുന്നില്ല.’ അയാള്‍ ഒന്നും മിണ്ടാതെ എഴുത്തു തുടര്‍ന്നു. പേജ് നിറഞ്ഞപ്പോള്‍ അയാള്‍ അതൊന്നു വായിച്ചുനോക്കി. അയാള്‍ക്കുതന്നെ ആശ്ചര്യമായി. ഭാര്യയില്‍ ഇത്രയധികം നല്ല ഗുണങ്ങള്‍ ഉണ്ടെന്ന് അയാള്‍ അതുവരെ കരുതിയിരുന്നില്ല.
ഇത്രയുമായപ്പോള്‍ ഭാര്യയ്ക്ക് ആകാംക്ഷ അടക്കാനായില്ല. അവള് ഭര്‍ത്താവിനോട് അയാള്‍ എഴുതിയ ലിസ്റ്റ് കാണിക്കാന്‍ ആവശ്യപ്പെട്ടു. അയാള്‍ ആദ്യം അല്പം മടി കാണിച്ചെങ്കിലും ഒടുവില്‍ അവളുടെ പ്രേരണയ്ക്കു വഴങ്ങി എഴുതിയ ലിസ്റ്റ് അവള്‍ക്കു നല്കി. അവള് അതു വായിച്ചു. തന്നില്‍ ഇത്രയധികം നല്ല ഗുണങ്ങള്‍ കണ്ടെത്താന്‍ തന്റെ ഭര്‍ത്താവിനു കഴിഞ്ഞല്ലോ എന്നോര്‍ത്ത് അവള്‍ക്ക് ആശ്ചര്യവും സന്തോഷവും തോന്നി. അയാളെഴുതിയതിനു തൊട്ടുതാഴെയായി അവള് ചിലത് എഴുതിച്ചേര്‍ത്തു. അത് ഭര്‍ത്താവിന്റെ നല്ല ഗുണങ്ങളായിരുന്നു. അതു വായിച്ചപ്പോള്‍ ഭര്‍ത്താവിനും വലിയ സന്തോഷമായി. ഏതു സമയവും പരസ്പരം കുറ്റവും കുറവും കാണുക മാത്രം ചെയ്യുന്നതിനുപകരം ജീവിതപങ്കാളിയുടെ നന്മ കാണാന്‍ തയ്യാറായാല്‍, അതു പരസ്പരമുള്ള സ്നേഹത്തെയും വിശ്വാസത്തെയും ശക്തിപ്പെടുത്തും. അങ്ങനെ വൈവാഹികജീവിതത്തിലെ ഏതു പ്രശ്നങ്ങളെയും അതിജീവിക്കുവാന്‍ സാധിക്കും.
കുടുംബജീവിതത്തില്‍ താളലയം കൊണ്ടുവരുവാന്‍, ആദ്യം പരസ്പരവിശ്വാസം വളര്‍ത്തിയെടുക്കണം. വിശ്വാസമുള്ള ഹൃദയത്തില്‍ സ്നേഹത്തിന്റെ പുഷ്പങ്ങള്‍ തനിയെ വിടരും. അത് കുടുംബജീവിതത്തിന് സൗന്ദര്യവും സൗരഭ്യവും പകരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: