ആംസ്റ്റര്‍ഡാം: എഴുപത്തിമൂന്നു വര്‍ഷം മുമ്പ് ഇസ്ലാമിക ഗോത്രവര്‍ഗക്കാരെ ഉപയോഗിച്ച് ജമ്മു കശ്മീരിലെ ഹിന്ദുക്കളെ കൂട്ടക്കൊല ചെയ്ത് പ്രദേശം പിടിച്ചെടുക്കാന്‍ ശ്രമിച്ച പാക്കിസ്ഥാന് ഇപ്പോഴും അതേ നീക്കങ്ങള്‍ തുടരുകയാണെന്ന് ആഗോള സമൂഹത്തെ ഓര്‍മപ്പെടുത്തി യൂറോപ്യന്‍ ബൗദ്ധിക സംഘടന. ആംസ്റ്റര്‍ഡാം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന യൂറോപ്യന്‍ ഫൗണ്ടേഷന് ഫോര്‍ സൗത്ത് ഏഷ്യന്‍ സ്റ്റഡീസ് (ഇഎഫ്എസ്എഎസ്) എന്ന രാജ്യാന്തര സംഘടനയാണ് കശ്മീരിന്റെ ചരിത്രത്തിലെ ഏറ്റവും കറുത്ത ദിനങ്ങള്‍ എന്ന വിശേഷണത്തോടെ 1947 ഒക്ടോബര്‍ 21, 22 ദിവസങ്ങളെക്കുറിച്ച് വിശദമായി പഠനം നടത്തി റിപ്പോര്‍ട്ട് തയാറാക്കിയത്. മുപ്പത്തയ്യായിരത്തിനും നാല്‍പ്പതിനായിരത്തിനും ഇടയ്ക്ക് ഹിന്ദുക്കളെ തുടര്‍ന്നുള്ള ദിവസങ്ങളില്‍ പാക് ഇസ്ലാമിക അക്രമികള്‍ കൂട്ടക്കൊല ചെയ്തു.
ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ച് മൂന്നു മാസങ്ങള്‍ക്കു ശേഷം, പാക്കിസ്ഥാന്റെ സ്ഥാപകനായ മുഹമ്മദ് അലി ജിന്നയുടെ ഏറ്റവും അടുത്ത അനുയായി ഷൗക്കത്ത് ഹയാത്ത് ഖാന്റെ നേതൃത്വത്തില്‍ ആസൂത്രണം ചെയ്ത കൂട്ടക്കൊലയായിരുന്നു അത്. ഓപ്പറേഷന് ഗുല്‍മാര്‍ഗ് എന്ന പേരില്‍ പാക് സൈന്യം അതു നടപ്പാക്കി. ഏഴു പതിറ്റാണ്ടു മുമ്പ് ഇന്ത്യക്കെതിരായ നീക്കങ്ങള്‍ക്ക് ജിന്നയുടെ അറിവോടെ പാക് സൈന്യം തുടക്കമിടുകയായിരുന്നു. എഴുപത്തിമൂന്നു വര്‍ഷങ്ങള്‍ക്കു ശേഷവും പാക് സൈന്യവും സര്‍ക്കാരും ഇതു തുടരുന്നത് അത്ഭുതപ്പെടുത്തുന്നു, ഇഎഫ്എസ്എഎസ് പഠനത്തില്‍ പറയുന്നു. ജമ്മു കശ്മീരിന്റെ അടിസ്ഥാന ഘടനയും പാരമ്പര്യവും ആക്രമണത്തിലൂടെ അട്ടിമറിക്കാനുള്ള പാക്കിസ്ഥാന്റെ ആദ്യ ശ്രമമെന്നാണ് ഈ സംഭവത്തെ ഇഎഫ്എസ്എഎസ് റിപ്പോര്‍ട്ട് വിശേഷിപ്പിക്കുന്നത്. ഇസ്ലാമിക അധിനിവേശത്തിലൂടെ കശ്മീരിന്റെ സാമുദായിക സന്തുലിതാവസ്ഥ തകര്‍ക്കാനും പാക്കിസ്ഥാന് ഈ നീക്കത്തിലൂടെ കഴിഞ്ഞെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
പാക് സൈന്യത്തിലെ മേജര്‍ ജനറല്‍ അക്ബര്‍ ഖാനായിരുന്നു ഓപ്പറേഷന് ഗുല്‍മാര്‍ഗിന്റെ ചുമതല. ഗോത്രവര്‍ഗക്കാരായ മുസ്ലീങ്ങളെ കശ്മീരിലേക്ക് കടത്തിവിട്ട് ആക്രമണം നടത്തുകയായിരുന്നു പദ്ധതി. പാക്കിസ്ഥാനിലെ അന്നത്തെ ധനകാര്യമന്ത്രി ഗുലാം മുഹമ്മദ് ഖജനാവില്‍ നിന്ന് ഔദ്യോഗികമായിത്തന്നെ മൂന്നു ലക്ഷം രൂപയാണ് ഓപ്പറേഷന് ഗുല്‍മാര്‍ഗ് നടപ്പാക്കാന്‍ അനുവദിച്ചത്. ഒക്ടോബര്‍ 22ന് അക്രമം എന്നു തീരുമാനിച്ചത് അക്ബര്‍ ഖാനാണ്. അക്രമികളോട് ഒക്ടോബര്‍ 18ന് അബോട്ടാബാദില്‍ സംഘടിക്കാന്‍ ആവശ്യപ്പെട്ടു. അവിടെ നിന്ന് സര്‍ക്കാര്‍ ബസുകളില്‍ ആയുധങ്ങളുമായി അതിര്‍ത്തിയില്‍ എത്തിച്ചു. 21, 22 തീയതികളിലായി ഇവരെ കശ്മീരിലേക്ക് കടത്തിവിട്ടു.
തുടര്‍ന്നുള്ള ദിവസങ്ങളില്‍ കൂട്ടക്കൊലയായിരുന്നു. ഹിന്ദുകളേയും സിഖുകാരെയും തെരഞ്ഞുപിടിച്ച് കഴുത്തറത്തു. ഇതു തടയാന്‍ ശ്രമിച്ച ചില മുസ്ലീങ്ങളെയും അക്രമികള്‍ വധിച്ചു. ആയിരക്കണക്കിനു സ്ത്രീകളെ പിടിച്ചുകൊണ്ടു പോയി മാനഭംഗപ്പെടുത്തി. ഒക്ടോബര്‍ 26നു മാത്രം ബാരാമുള്ളയില്‍ 11,000 പേരെ വധിച്ചു. മൊഹ്റ പവര്‍ സ്റ്റേഷന് നശിപ്പിച്ച് ശ്രീനഗറിലേക്കുള്ള വൈദ്യുതി തടസപ്പെടുത്തി.
ഇന്ത്യന്‍ യൂണിയനില്‍ ലയിക്കാതെ നിന്ന കശ്മീര്‍ മഹാരാജാവ് ഹരി സിങ് ഇന്ത്യയുടെ സഹായം തേടി. ഇന്ത്യന്‍ യൂണിയനില്‍ ലയിക്കാന്‍ സമ്മതമെന്നു കാണിച്ച് കത്തയച്ചു. ഒക്ടോബര്‍ 26ന് ലയന കരാര്‍ ഒപ്പുവച്ചു. 27ന് ഇന്ത്യന്‍ സൈന്യം കശ്മീരിലിറങ്ങി അക്രമികളെ തുരത്തി. 1948 നവംമ്പര്‍ ഒന്നിന് സോജി ലാ പാസ് സൈന്യം തിരിച്ചുപിടിച്ചു. 1948ല്‍ ഐക്യരാഷ്ട്ര സംഘടനയില്‍ നടത്തിയ പ്രസംഗത്തില്‍ ജമ്മു കശ്മീരിലെ ആദ്യ പ്രധാനമന്ത്രി (പ്രത്യേക അധികാരപ്രകാരം ജമ്മു കശ്മീരിന് അന്നു പ്രധാനമന്ത്രിയായിരുന്നു) ഷെയിഖ് അബ്ദുള്ള പാക് ക്രൂരതയെക്കുറിച്ച് വിവരിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: