തിരുവല്ല: മാര്‍ത്തോമ സഭാ പരമാധ്യക്ഷന്‍ ഡോ. ജോസഫ് മാര്‍ത്തോമ മെത്രാപ്പൊലീത്ത (90) അന്തരിച്ചു. പാന്‍ക്രിയാസ് കാന്‍സറിനെ തുടര്‍ന്ന് കുറച്ചുനാളായി തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്ന് പുലര്‍ച്ചെ 2.30 ഓടെയാണ് അന്ത്യം സംഭവിച്ചത്.
13 വര്‍ഷമായി മാര്‍ത്തോമ്മാ സഭയുടെ മെത്രാപ്പൊലീത്തയാണ്. മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്തായുടെ പിന്‍ഗാമിയായി 2007 ലാണ് ഇദേഹം അവരോധിക്കപ്പെട്ടത്. മാരാമണ്‍ കണ്‍വെന്‍ഷന്റെ മുഖ്യ സംഘാടകനായിരുന്നു. മാരാമണ്‍ കണ്‍വന്‍ഷനിലെ രാത്രി യോഗങ്ങളില്‍ സ്ത്രീകള്‍ക്കുണ്ടായിരുന്ന വിലക്ക് നീക്കിയതടക്കം സഭയിലെ വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് വഴിവെച്ച പുരോഹിതനാണ് ഡോ. ജോസഫ് മാര്‍ത്തോമ മെത്രാപ്പൊലീത്ത.
മാരാമണ്‍ പാലക്കുന്നത്ത് തീത്തൂസ് രണ്ടാമന്‍ മെത്രാപ്പൊലീത്തയുടെ സഹോദരന്‍ കടോണ്‍ തോമസിന്റെ മകന്‍ ലൂക്കോസിന്റെയും മാരാമണ്‍ പുത്തൂര്‍ വീട്ടില്‍ മറിയാമ്മയുടെയും മകനായി 1931 ജൂണ്‍ 27 നു ജനിച്ചു. ബേബി എന്നായിരുന്നു ആദ്യകാല വിൡപ്പേര്. പാലക്കുന്നത്തു കടോണ്‍ തോമസ് പി. ലൂക്കോസ്, കറ്റാനം കാര്യാടിയില്‍ മറിയാമ്മ, വെണ്‍മണി കീരിക്കാട്ട് സരോ രാജന്‍ എന്നിവരാണ് സഹോദരങ്ങള്‍.
















