കോഴിക്കോട്: നവീകരിക്കുന്ന മാവൂര്‍ റോഡ് ശ്മശാനത്തില്‍ പരമ്പരാഗത ശവസംസ്കാര രീതി ഉണ്ടാവില്ല. ഇന്നലെ കോര്പ്പറേഷന് ഹാളില്‍ വിളിച്ചുചേര്‍ത്ത പ്രത്യേക വാര്‍ത്താ സമ്മേളനത്തിലാണ് മേയര്‍ തോട്ടത്തില്‍ രവീന്ദ്രനും എ. പ്രദീപ് കുമാര്‍ എംഎല്‍എയും ഇക്കാര്യം വ്യക്തമാക്കിയത്. മൂന്നു കോടി മൂന്നു ലക്ഷം രൂപയാണ് നവീകരണ പദ്ധതിക്കായി ഇപ്പോള്‍ വകയിരുത്തിയിരിക്കുന്നത്. കൂടുതലായി എത്രപണം വേണ്ടി വന്നാലും അത് കണ്ടെത്തുമെന്നും ഇരുവരും വ്യക്തമാക്കി.
പരമ്പരാഗത രീതിയില്‍ ശവസംസ്കാരം നടത്തേണ്ടവര്‍ക്ക് മാനാരിയിലോ വെസ്റ്റ്ഹില്‍ ശ്മശാനത്തിലോ പോയി ചെയ്യാമെന്നായിരുന്നു ഇതുസംബന്ധിച്ച ചോദ്യത്തിന് എ. പ്രദീപ്കു മാര്‍ എംഎല്‍എയുടെ മറുപടി. നിലവിലെ ശ്മശാനത്തിലെ ശോചനീയാവസ്ഥയ്ക്ക് കാരണക്കാര്‍ അവിടുത്തെ പരമ്പരാഗത തൊഴിലാളികളാണെന്നും എംഎല്‍എയും മേയറും കുറ്റപ്പെടുത്തി. ശ്മശാനം കോര്‍പറേഷന്റേതാണെന്ന കാര്യം കൂടി മറന്നായിരുന്നു ഈ കുറ്റപ്പെടുത്തല്‍.
നവീകരിച്ച ശ്മശാനത്തിന്റെ നടത്തിപ്പ് ചുമതല സ്വകാര്യ ഏജന്‍സിക്ക് കൈമാറും. നടത്തിപ്പും പരിപാലനവും കോര്പറേഷന് സ്വന്തം നിലയ്ക്ക് സാധിക്കാത്ത സാഹചര്യത്തിലാണിതെന്നും ടെണ്ടര്‍ വിളിച്ചാകും നടപടിയെന്നും ഇരുവരും വ്യക്തമാക്കി.
നിലവില്‍ ശ്മശാനത്തില്‍ പരമ്പരാഗത രീതിയിലുള്ള 14 ചൂളകള്‍ ഉണ്ട്. ഇതില്‍ നാല് എണ്ണം പുകക്കുഴലോടുകൂടിയതാണ്. ഇതു പൂര്‍ണമായും പൊളിച്ചുമാറ്റും. നിലവിലുള്ള ഒരു വൈദ്യുതി ചൂളയും ഒരു ഗ്യാസ് ചൂളയും നിലനിര്‍ത്തും. മൂന്ന് ഗ്യാസ് ചൂളകളാണ് പുതുതായി നിര്‍മ്മിക്കുന്നത്. അനുശോചന യോഗങ്ങള്‍ ചേരാനായി ഒരു ഹാള്‍, ചുറ്റുമതില്‍, പ്രവേശനകവാടം, റോഡ് എന്നിവയും നിര്‍മ്മിക്കും. മൂന്നു കോടി മൂന്നു ലക്ഷം രൂപയില്‍ 75 ലക്ഷം രൂപയാണ് കോര്പ്പറേഷന് ചെലവഴിക്കുക. ബാക്കി തുക എംഎല്‍എയുടെ ഫണ്ടില്‍ നിന്നാണ്. സിപിഎം കൗണ്‍സില്‍ പാര്‍ട്ടി നേതാവും ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാനുമായ കെ.വി. ബാബുരാജും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
ഹിന്ദുഐക്യവേദിയും വിവിധ സമുദായ സംഘടനകളും സംയുക്തമായി നടത്തുന്ന പ്രതിഷേധം കണ്ടില്ലെന്ന് നടിച്ചാണ് കോര്‍പറേഷന്റെയും എംഎല്‍എയുടെയും പ്രഖ്യാപനം. ശ്മശാനത്തിന്റെ നവീകരണത്തിന് എതിരല്ലെന്നും പരമ്പരാഗത രീതിയില്‍ ഒരു ചൂളയെങ്കിലും നിലനിര്‍ത്തണമെന്നുമാണ് ഹിന്ദുഐക്യവേദിയുള്‍പ്പെടെയുള്ള സംഘടനകളുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: