ജോസ് കെ. മാണിയുടെ കേരളാ കോണ്‍ഗ്രസ് മാര്‍ക്സിസ്റ്റു മുന്നണിയിലെത്തിയതിന് ന്യായീകരണം പലതും വരുന്നു. അതിലൊന്ന് പി.ടി. ചാക്കോയുടെ കാര്യത്തില്‍ കോണ്‍ഗ്രസ് നടത്തിയ വഞ്ചനയില്‍ പ്രതിഷേധിച്ചുണ്ടായ പാര്‍ട്ടിയാണ് കേരള കോണ്‍ഗ്രസ്. എന്നതുകൊണ്ട് കേരളാ കോണ്‍ഗ്രസ് പാര്‍ട്ടിക്കെതിരായ നിലപാടാണ് സ്വാഭാവികമായും ഉണ്ടാകേണ്ടത്. എന്നാല്‍ കോണ്‍ഗ്രസിന് ഒപ്പമായിരുന്നു കേരളാ കോണ്‍ഗ്രസിന്റെ ആയുസ്സില്‍ ഏറിയ പങ്കും. ഇണങ്ങിയും ഇടയ്ക്ക് പിണങ്ങിയുമൊക്കെ നിലപാട് സ്വീകരിച്ചിരുന്നെങ്കിലും കേരളാ കോണ്‍ഗ്രസ് മാണി വിഭാഗം മാര്‍ക്സിസ്റ്റ് വിരുദ്ധ ചേരിയുടെ പ്രബലവക്താക്കളായിരുന്നു.
സിപിഎം അദ്ധ്വാന വര്ഗപാര്ട്ടിയാണെന്ന് പറയുമ്പോള്‍ എന്നും അതിനെ നിഷേധിക്കാന്‍ കെ.എം. മാണി മുന്നിലുണ്ടായിരുന്നു. യഥാര്‍ഥ കര്‍ഷക അധ്വാനവര്‍ഗ പാര്‍ട്ടി കേരള കോണ്‍ഗ്രസ് ആണെന്ന് കേരളത്തില്‍ മാത്രമല്ല, ബ്രിട്ടീഷ് പാര്‍ലമെന്റില്‍ (?) ചെന്നു. കെ.എം. മാണി പ്രസംഗിച്ചിട്ടുണ്ട്. ഒരുതവണ കോണ്‍ഗ്രസ് ബാന്ധവം വിട്ട് സിപിഎമ്മിനൊപ്പമെത്തി. പൊറുതി അധികമുണ്ടായില്ല. പിന്നെയും പലതവണ മാടിവിളിച്ചും ചൂളമടിച്ചും കണ്ണിറുക്കി സിപിഎം നേതൃത്വം മാണിക്ക് പിന്നാലെ ഉണ്ടായിരുന്നു. ഒരു തവണ മുഖ്യമന്ത്രിയാക്കാം എന്ന വാഗ്ദാനംപോലും നല്കി. അപ്പോഴും വീണില്ല. അച്ചന് മുഖം തിരിച്ചപ്പോള്‍ ഇതാ സ്വന്തം ചോര പണിപറ്റിച്ചു.
ജോസിന്റെ പാര്‍ട്ടിയെ ഒപ്പം നില്ക്കാന് സിപിഎം ഉറപ്പുനല്‍കി. ജോസിന്റെ പാര്‍ട്ടി സമ്മതം മൂളി. പിണങ്ങി നില്‍ക്കുമെന്ന് കരുതിയ ‘ഒക്കച്ചങ്ങായിയെ’ ഇണക്കാന്‍ വല്യേട്ടന്റെ താല്പര്യപ്രകാരം എം.എന്‍. സ്മാരകത്തില്‍ ചെന്ന് ലാല്‍സലാം സഖാവേ എന്ന് പറഞ്ഞ് എല്ലാം സഫൂറാക്കി.
നോട്ടെണ്ണുന്ന യന്ത്രം വീട്ടില്‍ സ്വന്തമായി സൂക്ഷിച്ചു എന്ന ആരോപണം മാണികേട്ടത് പ്രധാനമായും സിപിഎമ്മില്‍ നിന്നാണ്. അഴിമതിപ്പണം എണ്ണാനായിരുന്നത്രെ. ബാര്‍ കോഴയും ബജറ്റ് വിറ്റതുമെല്ലാം മാണിക്കെതിരെ ആഘോഷമാക്കി. മാണിയുടെ ഒടുവിലത്തെ ബജറ്റ് അവതരിപ്പിക്കാന്‍ വിടില്ലെന്ന വാശിയില്‍ നിയമസഭയില്‍ കണ്ടത് ജനാധിപത്യകേരളം മറക്കുമോ? മറക്കണോ? മറക്കണമെന്നാണ് ഇടതുനേതാക്കള്‍ പറയുന്നത്. അതെല്ലാം മറന്നേക്കൂ. എന്ന ഉപദേശം. ജോസ് കെ. മാണി ശരിയായ നിലപാട് സ്വീകരിച്ചു എന്നാണ് മുഖ്യമന്ത്രിയും പാര്‍ട്ടിയും പറയുന്നത്. പാര്‍ലമെന്ററി വ്യാമോഹം മൂത്താല്‍ എന്ത് പ്രത്യയശാസ്ത്രം! എന്ത് അഴിമതി!
പാടില്ലാത്ത കാര്യങ്ങള്‍ ഭംഗിയായി ചെയ്യാന്‍ കഴിയുന്ന മുന്നണിയേത് എന്ന് ചോദിച്ചാല്‍ അഞ്ചുവര്‍ഷം മുന്‍പ് ബജറ്റവതരണ വേളയിലെ കയ്യാങ്കളി ഓര്‍ത്താല്‍ ഉത്തരം കിട്ടും. കൂക്കിവിളിയും തെറിയഭിഷേകങ്ങളും മാത്രമല്ല, സ്പീക്കറുടെ ഇരിപ്പിടംവരെ കീഴ്്മേല്‍ മറിഞ്ഞ് അടിയും കടിയും പിടിയും വലിയുമെല്ലാം തെരുവു യുദ്ധത്തേക്കാള്‍ ഇരുപക്ഷവും നന്നായി ചെയ്തു. ബജറ്റിന്റെ നാലുവരി പ്രസംഗം വായിച്ച് മാണിക്ക് നിര്‍ത്തേണ്ടിവന്നു. അതിന് സാഹചര്യമുണ്ടാക്കിയ മുന്നണിയിലേക്ക് മകന് നീങ്ങുമ്പോള്‍ വരവേല്‍ക്കാന്‍ നില്‍ക്കുന്നവര്‍ക്ക് കൈകൊടുക്കാന്‍ ഇപ്പോള്‍ പറ്റില്ല. അതിനാല്‍ നല്ല നമസ്കാരം നല്‍കാം. അടികലാശത്തിനുശേഷവും പാലായിലെ മത്സരത്തില്‍ മാണിയെ തോല്‍പ്പിക്കാന്‍ കഴിഞ്ഞില്ല. മാണി ജയിച്ചിടത്ത് സാഹചര്യങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നത് മാണിയുടെ ജീവിതകാലത്ത് തന്നെ കേരള കോണ്‍ഗ്രസ് ഒന്നുകൂടി വളര്‍ന്നു എന്നാണ്.
വളര്‍ന്നാല്‍ പിന്നെ പിളരണമല്ലോ. ”വളരുന്തോറും പിളരുകയും പിളരുന്തോറും വളരുകയും ചെയ്യുന്ന കക്ഷി’ എന്നാണല്ലോ സ്വന്തം പാര്‍ട്ടിക്കുള്ള സവിശേഷതയായി മാണി തന്നെ വ്യക്തമാക്കിയത്. ഒടുവിലത്തെ പിളര്‍പ്പിന്റെ നായകനാകാന്‍ ജോസ് കെ. മാണി വളര്‍ന്നിരിക്കുന്നു. ആ വളര്‍ച്ചയില്‍ ആശയും ആവേശവും കൊള്ളുന്ന മാണി വിരുദ്ധത ജീവിത വ്രതമാക്കിയ സിപിഎം ആകുമ്പോള്‍ ആര്‍ക്കാണ് കൗതുകമുണ്ടാകാതിരിക്കുക!
ജോസ് കെ.മാണി നയിക്കുന്ന ഗ്രൂപ്പിലെ രണ്ട് എംഎല്‍എമാര്‍ രാജ്യസഭാ തെരഞ്ഞെടുപ്പില്‍ വിട്ടുനിന്നത് ശുഭസൂചകമായി കണ്ട് കുറിപ്പെഴുതിയത് സിപിഎം സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ്. അണികളും ജനങ്ങളും ഭരണത്തിലെ പിത്തലാട്ടങ്ങള്‍ കണ്ട് കടന്നുപോകുമ്പോള്‍ വിടവ് നികത്താനുള്ള അടവ്, ‘കയറി വാ മോനെ ജോസേ’ എന്ന മട്ടിലുള്ള കുറിപ്പ്.
ദീപസ്തംഭം മഹാശ്ചര്യം നമുക്കും കിട്ടണം അധികാരം. ഇതല്ലെങ്കില്‍ കേരളം ഇങ്ങോളം കാണാതെ അഴിമതിയും കെടുകാര്യസ്ഥതയും അരങ്ങുവാഴുമ്പോള്‍ എതിര്‍ത്തൊരു വാക്ക് പറയില്ലേ? പോട്ടെ, മുഖ്യമന്ത്രിയെ അനുകൂലിച്ചെങ്കിലും നാലക്ഷരം പറയേണ്ടേ? സിപിഐക്കാര്‍.
ശബരിമല സ്ത്രീ പ്രവേശനം സംബന്ധിച്ച പ്രഖ്യാപനം നടത്തവെ ആചാരലംഘനത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ ആചാരങ്ങള്‍ ലംഘിക്കാനുള്ളത് എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. ആചാരങ്ങള്‍ ലംഘിക്കാന്‍ ശ്രമിച്ചതിന്റെ ശിക്ഷ ശബരിഗിരീശന് നല്കി. ലോക്സഭാ തെരഞ്ഞെടുപ്പില്‍. അതിനുശേഷം ആചാരങ്ങള്‍ തുടരാമെന്ന് ക്ലിഫ് ഹൗസില്‍ മുഖ്യമന്ത്രി തന്നെ തെളിയിച്ചു. ഒരു ചുവപ്പ് ഹാരം അങ്ങോട്ട് അതേപോലൊന്ന് ഇങ്ങോട്ട് എന്ന കമ്യൂണിസ്റ്റ് കല്യാണമല്ല കാണാനായത്. വീണയുടെ കഴുത്തില്‍ റിയാസ് താലികെട്ടി. നല്ല ചടങ്ങ്!
നവരാത്രി ഘോഷയാത്ര വാഹനത്തില്‍ മതിയെന്ന് നേരത്തെ പ്രഖ്യാപിച്ചു. അത് മാറി ആചാരപരമായി ഘോഷയാത്ര തിരുവനന്തപുരത്തെത്തി. കല്യാണത്തിന് മുന്‍പ് അടുക്കള കാണുക എന്ന ആചാരമുണ്ട്. ജോസ് എകെജി സെന്ററിലെത്തിയത് അടുക്കള കാണലായിരുന്നില്ലെ? ദൈവം കടാക്ഷിച്ചാല് വയറുകാണല്‍ എന്നൊരു ചടങ്ങുമുണ്ട്്. ആറേഴ് മാസം കഴിയുമ്പോള്‍ അത് നടക്കുമോ? കാത്തിരുന്ന് കാണാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: