ഷാര്‍ജ: ബാറ്റ് ചെയ്യുമ്പോഴൊക്കെ ക്രിസ് ഗെയ്ല് അപകടകാരിയാണെന്ന് കിങ്സ് ഇലവന് പഞ്ചാബ് ക്യാപ്റ്റന്‍ കെ.എല്‍. രാഹുല്‍. ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനെതിരായ മത്സരത്തില്‍ വിജയം നേടിയശേഷം സംസാരിക്കുകയായിരുന്നു രാഹുല്‍.
ഈ സീസണില്‍ ഇതാദ്യമായി കളിക്കാനിറങ്ങിയ ഗെയ്ലിന്റെ മികവിലാണ് കിങ്സ് ഇലവന് റോയല്‍ ചലഞ്ചേഴ്സിനെ തോല്‍പ്പിച്ചത്. ഗെയ്ലിനെ കൂടാതെ കളിച്ച ഏഴു മത്സരങ്ങളില്‍ ആറിലും കിങ്സ് ഇലവന് തോറ്റു. റോയല്‍സിനെതിരെ വിജയം നേടിയതോടെ കിങ്സ് ഇലവന് എട്ട് മത്സരങ്ങളില്‍ നാലു പോയിന്റായി.
യൂണിവേഴ്സല്‍ ബോസ് എന്ന് അറിയപ്പെടുന്ന ഗെയ്ല് മൂന്നാമനായാണ് ക്രീസിലിറങ്ങിയത്. നാല്‍പ്പത്തിയഞ്ച് പന്തില്‍ അഞ്ചു സിക്സറും ഒരു ഫോറും അടക്കം 53 റണ്‍സ് കുറിച്ചൂ. ഇതോടെ ഒരു റെക്കോഡും ഗെയ്ലിന് സ്വന്തമായി. ഐപിഎല്ലില്‍ 4500 റണ്‍സ് പിന്നിടുന്ന മൂന്നാമത്തെ വിദേശതാരമെന്ന റെക്കോഡാണ് സ്വന്തമായത്. നിലവില്‍ ഐപിഎല്ലില്‍ ഗെയ്ലിന് 126 മത്സരങ്ങളില്‍ 4537 റണ്‍സായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: