തൊടുപുഴ: നഗരത്തില്‍ സെക്യൂരിറ്റി ജീവനക്കാരനെ വെട്ടി പരിക്കേല്‍പ്പിച്ച സംഭവത്തില്‍ പ്രതിയായ സെലീനയെ പോലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ വൈകിട്ട് പോലീസ് സ്റ്റേഷന് സമീപം കാഞ്ഞിരമറ്റം ബൈപ്പാസില്‍ നിന്നാണ് ഇവരെ എസ്ഐ സിജുവിന്റെ നേതൃത്വത്തില്‍ പിടികൂടിയത്.
പിപിഇ കിറ്റ് ധരിച്ച് എത്തിയ 2 പോലീസുകാരുടെ നേതൃത്വത്തില്‍ എത്തിയ സംഘം ഇവരെ സ്റ്റേഷനിലേക്ക് നടത്തി കൊണ്ടുപോകുകയായിരുന്നു. ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിന് സമീപമുള്ള ഷോപ്പിങ് കോംപ്ലക്സസില്‍ കാവല്‍ ജോലി ചെയ്യുന്നതിനിടെ 9ന് രാത്രി പട്ടാമ്പി കുമരനല്ലൂര്‍ മാവറ വിട്ടില്‍ മോഹനന് നായരു(63) ടെ ഇടത് കൈക്കാണ് സെലീനയുടെ ആക്രമണത്തില്‍ പരുക്കേറ്റത്.
മദ്യലഹരിയില്‍ നഗരത്തില്‍ അലഞ്ഞ് തിരിയുന്ന സെലീന രാത്രി പത്തേകാലോടെ ഇവിടെയെത്തി അസഭ്യം പറഞ്ഞു. മോഹന്‍ നായര്‍ ഇത് ചോദ്യം ചെയ്തതിനെ തുടര്‍ന്ന് മൂര്‍ച്ചയേറിയ ആയുധം ഉപയോഗിച്ച് മോഹനന് നായരുടെ കൈക്ക് സെലീന വെട്ടുക ആയിരുന്നു. ബഹളം കേട്ടെത്തിയവരാണ് പൊലീസില്‍ വിവരമറിയിച്ചത് പോലീസെത്തി മോഹനന് നായരെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലാക്കി. തുടര്‍ന്ന് ഇദ്ദേഹത്തെ ത്യശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
അക്രമം ഉണ്ടാക്കിയ സതി മദ്യവും മറ്റ് ലഹരി വസ്തുക്കളും സ്ഥിരമായി ഉപയോഗിക്കുന്ന ആളാണെന്ന് പോലീസ് പറയുന്നു. ഇവര്‍ പലരെയും ഇതിന് മുന്‍പും ആക്രമിച്ചിട്ടുണ്ട്. അതേ സമയം ഇവരെ കണ്ടെത്താനായില്ലെന്ന് പോലീസ് പറയുമ്പോഴും സെലീന നഗരത്തില്‍ രാത്രിയും പകലും നടക്കുന്നത് കാണാമായിരുന്നു.
യാത്രക്കാരെ വരെ പുലഭ്യം പറയുകയും ആക്രമിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്ന ഇവരെ അറസ്റ്റ് ചെയ്ത് നിയമ നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധം ശക്തമായിരുന്നു. ഇന്നലെ പിടിയിലായ സെലീനയെ കൊറോണ പരിശോധനകള്‍ക്ക് ശേഷം കോടതിയില്‍ ഹാജരാക്കുമെന്ന് പോലീസ് പറഞ്ഞു. അതേ സമയം ഇവരെ മാനസിക ആരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റാന്‍ നടപടി വേണമെന്നാണ് പൊതുജന ആവശ്യം. പൂമാല സ്വദേശിയാണ് സെലീനയെന്നാണ് ലഭിക്കുന്ന വിവരം. ഏറെക്കാലമായി നഗരത്തില്‍ അലഞ്ഞ് തിരിഞ്ഞ് നടക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: