ഗുരു പൂര്‍ണിമയാണ് അക്കിത്തം, പരിചയിച്ച മൂന്ന് പതിറ്റാണ്ട് അതിന്റെ സാക്ഷ്യമാണ്. ചിരന്തനമൂല്യ സങ്കല്പ്പമായി അക്കിത്തം ഉള്ളിലുണ്ട്. എന്റെ ജീവിതത്തെയും ജീവന സങ്കല്‍പ്പങ്ങളെയും മാറ്റി വരച്ചത് ഈ മഹാകവിയാണ്. ‘മനുഷ്യനാവുക കഴുകനാവാതിരിക്കുക’ എന്ന ഉപനിഷദ് മന്ത്രം നിതാന്ത ജാഗ്രതയായി എന്നില്‍ വളര്‍ന്നു. ഒരര്‍ത്ഥത്തില്‍ രൂപരഹിതമായ എന്റെ ജീവിതത്തിന് രൂപമേകിയത് അക്കിത്തത്തില്‍ നിന്നാര്‍ജിച്ച ധര്‍മ വെളിച്ചമാണ്.
കുഞ്ഞുണ്ണിമാഷും സുകുമാര്‍ അഴീക്കോടും ഗുപ്തന് നായര്‍ സാറും ഗുരുജനങ്ങളായി നിറവും നിറങ്ങളും ചാലിച്ച കാലമുണ്ടായിരുന്നു. ആ ദിനങ്ങളില്‍ കുഞ്ഞുണ്ണി മാഷ് ചമയാന്‍ കുഞ്ഞുവരിയെഴുതി ‘കുറുമൊഴി’യായി പ്രസിദ്ധീകരിച്ചു. ചെറു സദസ്സുകളില്‍ അഴീക്കോടായി ചമഞ്ഞ് കയ്യും കലാശവും കാണിച്ചു. ഗുപ്തന് നായര്‍ സാറിന്റെ മധുരവും സൗമ്യവും ദീപ്തവുമായ അധ്യാപന ശൈലി അനുകരിക്കാന്‍ ശ്രമം നടത്തി. ഇതിനിടയിലാണ് അക്കിത്തം എന്റെ സിരകളില്‍ ഒഴുകാന്‍ തുടങ്ങിയത്.
ഭസ്മത്തില്‍ വരച്ച ഓങ്കാര ചിത്രം പോലെ അതെന്നെ ആവേശിച്ചു. സ്നേഹവും ധീരതയും ധര്‍മ്മവുമാണ് അക്കിത്തത്തിന്റെ കൈമുതല്‍. മെല്ലെ ആ ആകാശഹൃദയവുമായി സംവദിക്കാന്‍ തുടങ്ങിയത് എന്റെ ഗവേഷണ കാലത്താണ്. വിഷയം ‘അക്കിത്തത്തിന്റെ മാനവതാ ദര്‍ശനം’ തന്നെ. അഞ്ചുവര്‍ഷം മറ്റൊന്നും ശ്രദ്ധിക്കാതുള്ള അക്കിത്തോപാസനയില് ഒരു കാര്യം തെളിഞ്ഞു. അക്കിത്തം ഉയര്‍ത്തുന്ന മാനവതാ ദര്‍ശനം മാനവതാതീതമായ മറ്റെന്തോ സമസ്യ കൂടിയാണ്. മാനവതയില്‍ നിന്നും മുന്നോട്ടുള്ള യാത്രാപഥമാണത്. പിന്നെ കാര്‍മേഘം ഒന്നൊന്നായി നീങ്ങി മാനത്ത് മഴവില്ലായി. ‘യാഗാഗ്നിയുടെ വെളിച്ച’മായും, ‘അഗ്നിനിലാവായും’ ‘അതീതങ്ങളുടെ ആത്മാവാ’യും ആ കാവ്യഗംഗ എന്റെ അന്വേഷണത്തില്‍ ഉദിക്കാന്‍ തുടങ്ങി. വിശിഷ്ടാദൈ്വതാമൃതമായി അതില്‍ പലതും ഹൃദിസ്ഥമായി.
വെളിച്ചവും ഇരുട്ടും ദ്വന്ദ്വങ്ങളല്ല, ഒന്നുതന്നെയതെന്ന് പഠിപ്പിച്ചത് ഈ എഴുത്തച്ഛനാണ്. ”വെളിച്ചം ദുഃഖമാണുണ്ണി” എന്നു തുടങ്ങുന്ന കാവ്യമന്ത്രമുരുവിടുമ്പോള്‍ അതുകൊണ്ടാവണം എന്റെ മനസ്സ് പൂര്‍ണതയും പുതിയതും തേടിയുള്ള മഹാകവിയുടെ യാത്രാവഴിയിലെത്തുന്നത്. ഭൗതികതയും ആത്മീയതയും രണ്ടല്ല എന്ന പൈതൃകചിന്ത ഗംഗാസ്നാനമായി. മുന്നില്‍ സര്‍ഗ്ഗകലാ ചിന്ത, ആളിപ്പടരുന്ന യാഗാഗ്നിപോലെ വിശുദ്ധി നേടാന്‍ തുടങ്ങി. സാമൂഹ്യ-രാഷ്ട്രീയ നിരീക്ഷണങ്ങള്‍ പ്രത്യയശാസ്ത്രങ്ങള്‍ക്കപ്പുറം മാനം തേടി.
കാവ്യകല ധര്മവിദ്യയാണെന്ന സത്യം മിന്നല്‍പ്പിണരായി. ദാര്‍ശനിക സാഹിതീയ മാനങ്ങളില്‍ കുഞ്ഞുതാരകള്‍ പെരുകി. അറിവിന്റെ മാമരമായി അക്കിത്തം എന്നില്‍ വളര്‍ന്നത് ഞാനറിയാതെയാണ്. പൊലിയാനായുന്ന ഒടുവിലത്തെ പുലരി നക്ഷത്രം ഗൗതമനെ ജ്ഞാനബുദ്ധനാക്കിയതുപോലെ പൈതൃകാത്മീയ ഭൗതികധാരാപ്രവാഹമാണ് അക്കിത്തത്തെ പ്രവാചക കവിയാക്കുന്നത്. ചിന്താബദ്ധമായ ബിംബങ്ങളില്‍, പ്രതീകങ്ങളില്‍, ആദിരൂപങ്ങളില്‍, സ്വപ്നപ്പഴമകളില്, പ്രകൃതിസാരങ്ങളില്, അതീതങ്ങളുടെ സത്യശിവ സൗന്ദര്യങ്ങളില്‍ അക്കിത്തം ആത്മാന്വേഷകനാകുന്നു. കവിതയും കവിയും ഒന്നെന്ന സത്യം ആത്മാവില്‍ തൊട്ടറിയുന്ന മുഹൂര്‍ത്തമാണിത്.
മനുഷ്യനും സ്ഥലകാലവും മൃത്യവും ആത്മാവും ജന്മപരമ്പരയും ഈശ്വരനും പ്രകൃതിയും അന്വേഷണ മാര്‍ഗ്ഗത്തില്‍ അതീത നിയോഗമായി. ആദിത്യഹൃദയ മന്ത്രമായി അന്തഃസ്ഥലികളില്‍ ഊര്‍ജ്ജ പ്രകാശം നിറഞ്ഞപ്പോള്‍ കവിത വിശ്വരൂപമായി. യോഗാത്മകമായ ഒന്നിനെയാണ് ഭാരതീയ കവിത തേടുന്നത്. ആ ഋഷികവിയായി അക്കിത്തം എന്നില്‍ നിത്യവിസ്മയമാകുന്നു.
ഗവേഷണ ബിരുദ ചിന്തയ്ക്കപ്പുറം അക്കിത്തത്തെ പൂര്‍ണമായി അറിയാനുള്ള ആഗ്രഹമാണ് പിന്നീട് എന്റെ കൊച്ചു ജീവിത സഞ്ചാരത്തെ നയിച്ചതും നിയന്ത്രിച്ചതും. സംഭാഷണത്തില്‍ കരുത്തുപകരാന്‍, എഴുത്തില്‍ ധാര്‍മികത പുലര്‍ത്താന്‍, വരയിലും വരിയിലും കാരുണ്യം പകരാന്‍ എന്നിലെന്നും അക്കിത്തം ഉള്പ്രേരണയായുണ്ട്.
നാരായണ മന്ത്രത്തിലവസാനിക്കുന്ന ആചാര്യന്റെ അവതാരികകള്‍ എന്റെ അക്ഷരക്കൂട്ടുകള്‍ക്ക് ആത്മസിന്ദൂരം പകര്‍ന്നു. ”എന്റെ ഇഷ്ടകവിതകള്‍”ക്ക് ആമുഖം കുറിക്കാന്‍ അവസരമായത് ധന്യാനുഭവമായിരുന്നു. ആ കാവ്യസാഗരം മുന്‍നിര്‍ത്തി ഒരു നിയോഗമെന്നോണം ഗ്രന്ഥങ്ങളും സമാഹാരവുമായി പുറത്തുവന്ന ഒമ്പതു രചനകള്‍ എന്റെ സാഹിത്യയാത്രയെ സഫലമാക്കുന്നു.
മലയാള കവിതയുടെ വേദാന്ത വൈജയന്തിയാണ് അക്കിത്തം. സമന്വയത്തിന്റെ ആകാശമായി മഹാകവി ഉദിച്ചുനില്‍ക്കുന്നു.
”സമാനമാകട്ടെ മനുഷ്യമന്ത്രം
സമാനമാകട്ടെ മനുഷ്യ തന്ത്രം
സമാനമാകട്ടെ മനുഷ്യ യന്ത്രം
സമാനമൊന്നേ പരമസ്വതന്ത്രം”
ഋഗ്വേദ വെളിച്ചം ഓങ്കാരം മുഴക്കുന്ന ഈ മഹാമന്ത്രം എന്നുമിവന്‍ ഉരുവിടുന്നു. ഭാഗവതം വിളക്ക് വെച്ച് വായിക്കാന്‍ തുടങ്ങിയത് ആചാര്യന് എന്നില്‍ പ്രസാദ കമലമായി വിടര്‍ന്നപ്പോഴാണ്. ആ അഗ്നിസ്തവം എന്നും ഹൃദയപൗര്ണമിയായി. ഭക്തി ജ്ഞാന കര്മയോഗനുഭവമാണ് അക്കിത്തത്തിന്റെ ജ്ഞാനഗീത. ‘ഏക സത്യത്തെ ജ്ഞാനികള്‍ പലതായി പറയുന്നു’ എന്ന വചനമാണ് കവിയുടെ വേദാന്തം.
ഒന്നും എന്റെയല്ല എന്ന വേദാന്തത്തിലാണ് മഹാകവി. നിര്‍മ്മമതയുടെ ജ്ഞാനപീ
ഠമേറി മൗനജപം നേടുന്ന നര-നാരായണ മന്ത്രത്തില്‍ മഹാഗുരു വിലയനം നേടുന്നു.
”കാലം നീല വിശാല ശൂന്യത നിറ-
ഞ്ഞേന്തുന്ന രൂപോച്ചലല്‍
ജ്ജാലം, മാനസ ദൃഷ്ടിഗോചരപര-
ബ്രഹ്മ പ്രഭാ മണ്ഡലം
ആലോചിക്കിലതൊന്നു മാത്രമഖില-
ത്രൈമാന്യ സത്യങ്ങള്‍ തന്
നൂലാ നൂലിനെ യംഗവസ്ത്രവടിവില്‍
ചുറ്റട്ടെ ഞാന്‍ ജീവനില്‍.”
അസ്തമിക്കാത്ത ഗുരുപൂര്ണിമേ
പ്രണാമം!
പ്രതികരിക്കാൻ ഇവിടെ എഴുതുക: