കോട്ടയം: രണ്ടാമത് സനില്‍ ഫിലിപ്പ് മാധ്യമ പുരസ്‌കാരം മാതൃഭൂമി ന്യൂസിലെ ഡി.പ്രമേഷ് കുമാറിന്. വന്ധ്യതാ ചികിത്സയുടെ പേരില്‍ സംസ്ഥാനത്ത് നടക്കുന്ന കൊടിയ ചൂഷണങ്ങളെ കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ക്കാണ് പുരസ്‌കാരം.ചികിത്സയ്‌ക്കെത്തുന്നവരെയും അണ്ഡദാതാക്കളായ സ്ത്രീകളെയും ആശുപത്രികള്‍ ലാഭക്കൊതിയോടെ, അപകടകരമായി കൈകാര്യം ചെയ്യുന്നതിന്റെ നേര്‍ സാക്ഷ്യമാണ് പ്രമേഷിന്റെ റിപ്പോര്‍ട്ടുകളെന്ന് ജൂറി വിലയിരുത്തി.
ആരോഗ്യമേഖലയുമായി ബന്ധപ്പെട്ട അന്വേഷണാത്മക റിപ്പോര്‍ട്ടുകളായിരുന്നു ഇത്തവണത്തെ എന്‍ട്രികളില്‍ കൂടുതല്‍. ക്രിയാത്മക മാധ്യമപ്രവര്‍ത്തനം കരുത്താര്‍ജ്ജിക്കുന്നത് ആശാവാഹമാണെന്ന് ജൂറി ചെയര്‍മാന്‍ തോമസ് ജേക്കബ് പറഞ്ഞു.
മാതൃത്വം വില്‍പ്പനയ്‌ക്ക് എന്ന വാര്‍ത്താ പരമ്പര മുന്‍നിര്‍ത്തി, ഏഷ്യാനെറ്റ് ന്യൂസിലെ അഞ്ജുരാജിനെ ജൂറി പ്രത്യേകം പരാമര്‍ശിച്ചു. മലയാള മനോരമ മുന്‍ എഡിറ്റോറിയല്‍ ഡയറക്ടര്‍ തോമസ് ജേക്കബ്, നടന്‍ സലിം കുമാര്‍, ശാരദക്കുട്ടി എന്നിവരടങ്ങിയ ജൂറിയാണ് ജേതാവിനെ തെരഞ്ഞെടുത്തത്.25000 രൂപയും പ്രത്യേകം രൂപകല്പ്പന ചെയ്ത ശില്പവുമാണ് പുരസ്‌കാരം. നവംബര്‍ ആദ്യവാരം ജേതാവിന് സമ്മാനിക്കും
1993ല്‍ കേരളകൗമുദിയിലൂടെയാണ് പ്രമേഷ് മാധ്യമ പ്രവര്‍ത്തനം തുടങ്ങുന്നത്. മാതൃഭൂമി ദിനപ്പത്രം,കൈരളി ടി.വി,ഏഷ്യാനെറ്റ് ന്യൂസ് ,മനോരമ ന്യൂസ് എന്നിവയില്‍ ജോലി നോക്കിയ ശേഷം 2012 മുതല്‍ മുതല്‍ മാതൃഭൂമി ന്യൂസില്‍. വാര്‍ത്താധിഷ്ടത വിമര്‍ശന ഹാസ്യ പരിപാടിയായ വക്രദൃഷ്ടിയുടെ നിര്‍മ്മാതാവും അവതാരകനുമാണ്. ജിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയിലെ ശാസ്ത്രജ്ഞയും ഡയറക്ടറുമായ ഡോ.വി അമ്പിളിയാണ് ഭാര്യ.അമിത്രജിത്ത്.അഭിജിത എന്നിവര്‍ മക്കള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: