പള്ളുരുത്തി: കുമ്പളങ്ങി കായലില്‍ അനധികൃതമായി പ്രവര്‍ത്തിക്കുന്ന ചീനവലകള്‍ നീക്കാനുള്ള ഫിഷറീസ് വകുപ്പിന്റെ തീരുമാനം അടിയന്തരമായി നടപ്പാക്കണമെന്ന് ആവശ്യം ഉയരുന്നു. കുമ്പളങ്ങി കായലില്‍ നിന്ന് നീക്കം ചെയ്യേണ്ടി വരിക 1500ല്‍ അധികം ചീനവലകളെന്ന് ഫിഷറീസ് വകുപ്പിന്റെ നിഗമനം.
പെരുമ്പടപ്പ് പ്രദേശം കല്ലഞ്ചേരി, കുമ്പളങ്ങി കിഴക്ക് ഭാഗങ്ങളില്‍ കായല്‍ കെട്ടിയടച്ചും, കയ്യേറിയുമാണ് നൂറുകണക്കിന് വലകള്‍ നാട്ടിയിരിക്കുന്നത്. കൊച്ചി കേന്ദ്രീകരിച്ചുള്ള നീതി സംരക്ഷണ സമിതിയെന്ന സംഘടനയുടെ നേതൃത്വത്തിലാണ് അനധികൃത വലകള്ക്കെതിരെ നിയമ നടപടികള്‍ ആരംഭിച്ചത്. ചെറുവള്ളങ്ങളില്‍ മത്സ്യബന്ധനം നടത്തുന്ന തൊഴിലാളികള്‍ക്ക് കായലില്‍ മത്സ്യ ബന്ധനം നടത്തുന്നതിനുള്ള തൊഴിലിടം നഷ്ടപ്പെടുന്നുവെന്നും ഇവര്‍ ചൂണ്ടിക്കാട്ടി.
കുമ്പളങ്ങി കായലിലെ ചീനവലകളുടെ ഉടമകളില്‍ ഏറിയപങ്കും സര്‍ക്കാര്‍ ജീവനക്കാരോ സ്ഥിരം സംവിധാനത്തില്‍ ജോലിയെടുക്കുന്നവരോ ആണെന്ന് കണ്ടെത്തല്‍. അനധികൃത ചീനവലകളുടെ എണ്ണം തിട്ടപ്പെടുത്തുന്നതിനിടയില്‍ ഉദ്യോഗസ്ഥര്‍ക്ക് തന്നെ ബോദ്ധ്യപ്പെട്ടതാണ് ഇക്കാര്യം. 16 ചീനവലകള്‍ വരെയുള്ള ഉടമകള്‍ ഇവിടെയുണ്ട്. മുഴുവന്‍ വലകളും ഇതരസംസ്ഥാന തൊഴിലാളികളെ ഉപയോഗിച്ചാണ് പ്രവര്‍ത്തിപ്പിക്കുന്നത്. ഫിഷറീസ് ആക്ട് പരസ്യമായി ലംഘിച്ചാണ് വലകളുടെ പ്രവര്‍ത്തനം. അനധികൃതമായി പ്രവര്‍ത്തിപ്പിക്കുന്ന ഇത്തരം വലകള്‍ കായലില്‍ നിന്ന് ടണ്‍ കണക്കിന് മത്സ്യസമ്പത്താണ് ചൂഷണം ചെയ്യുന്നത്.
കുമ്പളങ്ങി കായലില്‍ നിന്ന് 2004ല്‍ പൊളിച്ചു മാറ്റിയത് 400 ഓളം അനധികൃത ചീനവലകള്‍. കായല്‍ മധ്യത്തില്‍ സ്ഥാപിച്ച് മത്സ്യബന്ധനം നടത്തി വരികയായിരുന്ന ഇവര്‍ക്കെതിരെ പ്രദേശത്തെ ധീവര വംശോദ്ധാരണി സഭ കോടതിയില്‍ നല്കിയ കേസിന്റെ അടിസ്ഥാനത്തിലായിരുന്നു വിധി. ഇതിന്റെ അടിസ്ഥാനത്തില്‍ അനധികൃത ചീനവലകള്‍ പൊളിച്ചുമാറ്റി. കോടതി നിര്‍ദ്ദേശത്തെ തുടര്‍ന്ന് നീക്കം ചെയ്ത വലകള്‍ പിന്നീട് കായലിന്റെ കിഴക്ക് പ്രദേശത്ത് നിറയുകയായിരുന്നു. ഒരു ലക്ഷത്തിന് മേല്‍ തുക ചെലവിട്ടാണ് ഒരു ചീനവലനാട്ടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: