പുറ്റുമണ്ണിന്റെ കരളിലെ കണ്ണിനീ-
രിറ്റില്‍ നിന്നാദ്യം കുരുത്ത പൂവേ
മാനവവംശസുഷുമ്നതന്നറ്റത്തൊ-
രാനന്ദമായി വിടര്‍ന്ന പൂവേ,
ആയിരം കൂര്‍ത്ത ദളങ്ങളോടെ പതി-
നായിരം വര്‍ഷം പുലര്‍ന്ന പൂവേ,
ആത്മാവിനെന്നും ജരാനര തീണ്ടാത്തൊ-
രാലോചനാമൃതം തന്ന പൂവേ
തൂവെള്ളത്താമരപ്പൂവേ നിരന്തരം
തൂവുക തൂവുക സൗരഭം നീ
ഞാനതുള്ക്കൊണ്ടുമയങ്ങവേ ചിത്തത്തില്‍
ജ്ഞാനക്കണ്പോള വിടര്ന്നിടുന്നു
ദീനാനുകമ്പയാലാവിയായ്ത്തീര്ന്നു ഞാന്‍
ഗാനം പോല്‍ കാറ്റില്‍ പരന്നിടുന്നു
സോമത്തെസ്സാമത്തെ വെല്ലുന്നൊരുലയ
രോമാഞ്ചമായ് ഞാനുയര്ന്നിടുന്നു
ആത്മാവിനെന്നും ജരാനര തീണ്ടാത്തൊ-
രാലോചാനാമൃതം തന്ന പൂവേ
തൂവെള്ളത്താമരപ്പൂവേ നിരന്തരം
തൂവുക തൂവുക സൗരഭം നീ.
അക്കിത്തം പറഞ്ഞു…
”നാല്പത്തിയാറിലോ നാല്പത്തിയേഴിലോ ആണ്. ഒരുച്ചയ്ക്ക് പത്തന്റെ ഹോട്ടലില്‍ നിന്ന് ഊണ് കഴിച്ചിറങ്ങി. പി.സി.യും തകഴിയുമുണ്ട് ഒപ്പം. കൂട്ടത്തില്‍ മാനേജര്‍ ഗോപാലന്‍നായരും. ഫുട്പാത്ത് മുറിച്ചുകടക്കുമ്പോള്‍ തകഴി ‘ഹോ’ എന്ന് ഭയങ്കരമായ ഒരു ശബ്ദമുണ്ടാക്കി. ഞങ്ങളങ്ങോട്ടുനോക്കി. ഞെട്ടിപ്പിക്കുന്ന ഒരു കാഴ്ചയായിരുന്നു അത്. ഒരു സ്ത്രീ കിടക്കുന്നു. അവരുടെ മേല്‍ ഒരു കാക്ക. കുറച്ചപ്പുറം ഒരു കുഞ്ഞ്. ഒറ്റനോട്ടമേ നോക്കിയുള്ളൂ. ഞാന്‍ കണ്ണടച്ചു. ആ ദൃശ്യം മനസ്സില്‍ കിടന്നു. പിന്നീട് എത്രയോ വര്‍ഷം കഴിഞ്ഞാണ് അത് ഒരു ശ്ലോകരൂപത്തില്‍ ഇങ്ങനെ പുറത്തുവന്നത്.
”നിരത്തില്‍ കാക്കകൊത്തുന്നൂ
ചത്ത പെണ്ണിന്റെ കണ്ണുകള്‍
മുല ചപ്പി വലിക്കുന്നൂ
നരവര്‍ഗ്ഗ നവാതിഥി”
അമ്പത്തൊന്നിലാണിതെഴുതിയത്. ഇപ്പോഴും അങ്ങനെയാണ്. കണ്ണടച്ചുകിടന്നാല്‍ പണ്ടുകണ്ട ആള്‍രൂപങ്ങള്‍ കാണാന്‍ തുടങ്ങും. അവരുടെ തലമുടി കെട്ടിവെച്ചത്, നടത്തം, നോട്ടം… അങ്ങനെ കോഴിക്കോട് മൂന്നാംഗേറ്റിന് സമീപം ഞാനും കക്കാടും നില്ക്കുമ്പോള് ഒരു ഘോഷയാത്ര കടന്നുപോയി. അതിലെ ഒരംഗം ഞങ്ങളെ തുറിച്ചുനോക്കി. ആ കണ്ണുകള്‍ ഇപ്പോഴും എന്റെ മനസ്സിലുണ്ട്.”
”ഇല്ലത്ത് പുതിയ പുസ്തകങ്ങള്‍ കഷ്ടിയായിരുന്നു. അച്ഛന് കടുത്ത യാഥാസ്ഥിതികനായിരുന്നില്ല എന്നേ പറഞ്ഞുകൂടൂ. വിടിയോട് വലിയ സ്നേഹം പ്രകടിപ്പിച്ചിരുന്നു. അദ്ദേഹത്തിന്റെ കൂടെ നടന്നാല്‍ ഞാന്‍ ചീത്തയാവാന്‍ ന്യായമില്ല എന്നും കരുതിയിരിക്കണം. അച്ഛന്റെ കിടപ്പറയുടെ മേല്‍ഭാഗത്ത് ചില പുസ്തകങ്ങളെല്ലാം ഇരിക്കുന്നത് കണ്ടിട്ടുണ്ട്. മടക്കിവെച്ച കോസറിമേല്ക്കേറിനിന്ന് വടികൊണ്ട് ഒരിക്കല്‍ ഞാനതില്ച്ചിലത് കുത്തിച്ചാടിച്ചു. ഉണ്ണിനമ്പൂതിര, യോഗക്ഷേമം, സുദര്‍ശനം…
അങ്ങനെ ചില പ്രസിദ്ധീകരണങ്ങള്‍ താഴേക്കുവീണു. കൂട്ടത്തില്‍ രണ്ടു പുസ്തകങ്ങളും. ഒന്ന് വിടിയുടെ അടുക്കളനാടകം. മറ്റേത് ഒരു ഭഗവദ്ഗീതാവ്യാഖ്യാനം. പുസ്തകങ്ങളൊഴിച്ച് മറ്റെല്ലാം ഞാന്‍ തിരിച്ചുവെച്ചു. പത്തായപ്പുരയിലിരുന്ന് പല തവണ വായിച്ചു. ഈ രണ്ടു പുസ്തകങ്ങളും എന്നെ വളരെ സ്വാധീനിച്ചിട്ടുണ്ട്. ഗീതാശ്ലോകത്തിന്റെ പൊരുളല്ലേ അടുക്കളയിലും ആവിഷ്കരിച്ചിട്ടുള്ളത് എന്ന് ചിന്തിച്ചിട്ടുണ്ട്.”
(കാവ്യജീവിത സ്മരണകള്‍) അക്കിത്തം; ഭാഷാപോഷിണി
പ്രതികരിക്കാൻ ഇവിടെ എഴുതുക: