ലൈഫ് മിഷന് കേസിലെ ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവില്‍ അഹങ്കാരമോ ആവേശമോ ഇല്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതികരണം തെറ്റിദ്ധരിപ്പിക്കുന്നതാണ്. അഹങ്കരിക്കാനോ ആവേശംകൊള്ളാനോ ഉള്ള വകയൊന്നും ഇപ്പോഴത്തെ വിധിയില്‍ ഇല്ലെന്നിരിക്കെ അങ്ങനെയെന്തൊക്കെയോ അതിലുണ്ടെന്ന് വരുത്തിത്തീര്‍ക്കുകയാണ് മുഖ്യമന്ത്രിയുടെ ലക്ഷ്യം. വടക്കാഞ്ചേരിയില്‍ ലൈഫ്മിഷന് ഭവന സമുച്ചയം നിര്‍മിക്കുന്നതില്‍ അഴിമതിയുണ്ടെന്ന കേസ് അന്വേഷിക്കുന്നതില്‍നിന്ന് സിബിഐയെ തടയണമെന്നും, എഫ്ഐആര്‍ റദ്ദാക്കണമെന്നുമായിരുന്നു സര്‍ക്കാരിന്റെ ഹര്‍ജി. ഈ രണ്ട് ആവശ്യങ്ങളും കോടതി അംഗീകരിച്ചില്ല. വിദേശനാണയ വിനിമയ ചട്ടമായ എഫ്സിആര്‍എ ലംഘിച്ച് ലൈഫ് മിഷന് ഫണ്ട് സ്വീകരിച്ചു എന്ന ആരോപണത്തെക്കുറിച്ച് വിശദമായി പരിശോധിക്കേണ്ടതുണ്ടെന്നും, ഇക്കാര്യത്തില്‍ ഇനി വാദം കേള്ക്കുന്നതുവരെയുള്ള രണ്ട് മാസത്തേക്ക് സിബിഐ അന്വേഷണം വേണ്ടെന്നുമാണ് സിംഗിള്‍ ബഞ്ച് പറഞ്ഞിരിക്കുന്നത്. അതേസമയം നിര്‍മാണ കരാര്‍ നല്കിയ യൂണിടാക്കിനെതിരായ അന്വേഷണം സിബിഐക്ക് തുടരാമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. അന്വേഷണത്തില്‍നിന്ന് തടയാത്ത സാഹചര്യത്തില്‍ സിബിഐക്ക് വേണമെങ്കില്‍ അപ്പീലുപോയി സ്റ്റേ നീക്കണമെന്ന് ആവശ്യപ്പെടാം. കേസ് വീണ്ടും പരിഗണിക്കുമ്പോള്‍ എഫ്സിആര്‍എ ലംഘനം നടന്നിട്ടുള്ളതിന് മതിയായ രേഖകള്‍ ഹാജരാക്കി ലൈഫ് മിഷന്റെ കഴുത്തിനു പിടിക്കാം.
അഴിമതി നടത്തിയതിന് ജനങ്ങള്‍ നിഷ്കരുണം അധികാരത്തില്‍നിന്ന് പുറന്തള്ളുമെന്നായപ്പോള്‍ മുഖ്യമന്ത്രി പിണറായിയും മന്ത്രിമാരും പുതിയൊരടവ് പുറത്തെടുത്തിരിക്കുകയാണ്. പാവപ്പെട്ടവര്‍ക്ക് കിടപ്പാടം ഒരുക്കിക്കൊടുക്കുന്നത് അട്ടിമറിക്കാനാണത്രേ പ്രതിപക്ഷം ലൈഫ് മിഷനെതിരെ അഴിമതിയാരോപണം ഉന്നയിക്കുന്നത്! മന്ത്രിയായിരുന്ന പി.കെ. വേലായുധന്റെ ഭാര്യയ്ക്ക് വീടു നല്‍കിയതിന്റെ കണ്ണീര്‍ക്കഥയും ഇതിനായി വിളമ്പുന്നുണ്ട്. പിണറായി പ്രതിയായ എസ്എന്‍സി ലാവ്ലിന് കേസിലും ഇതുപോലൊരു വാദം വേണ്ടപ്പെട്ടവര്‍ പ്രചരിപ്പിക്കുകയുണ്ടായി. ജലവൈദ്യുത നിലയങ്ങളുടെ നവീകരണത്തില്‍ അഴിമതി നടന്നെങ്കിലെന്താ, പിണറായി വൈദ്യുതി മന്ത്രിയായിരുന്നപ്പോള്‍ പവര്‍കട്ട് ഇല്ലായിരുന്നുവല്ലോ എന്നാണത്. ബോഫോഴ്സ് കേസില്‍ അഴിമതി ആരോപിക്കുന്നവര്‍ ആ തോക്കുപയോഗിച്ച് പട്ടാളക്കാര്‍ ശത്രുക്കളെ നേരിടുന്ന കാര്യം മറക്കരുതെന്ന് കോണ്‍ഗ്രസ്സുകാരും ഒരുകാലത്ത് പറയുകയുണ്ടായി. ലൈഫ് മിഷന് ആരും എതിരല്ല. അതിന്റെ മറവില്‍ അഴിമതി നടത്തിയതിനെയാണ് എതിര്‍ക്കുന്നത്. ലൈഫ് മിഷനില്‍ അഴിമതി നടന്നിട്ടുണ്ടെന്നും, അത് സിബിഐ അന്വേഷിച്ചാല്‍ നിയമവിരുദ്ധമായ പല ഇടപാടുകളും പുറത്തുവരുമെന്നും സിപിഎമ്മും സര്‍ക്കാരും ഭയപ്പെടുന്നു. ഈ ഒറ്റക്കാരണത്താലാണ് വിജിലന്‍സിനെ രംഗത്തിറക്കി സിബിഐയെ തടയാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നത്. അതിനാണിപ്പോള്‍ തിരിച്ചടിയേറ്റിരിക്കുന്നത്.
വടക്കാഞ്ചേരി പദ്ധതിയില്‍ സര്‍ക്കാരിന്റെ ഒത്താശയോടെ അഴിമതി നടന്നിട്ടില്ലെന്ന് അരിയാഹാരം കഴിക്കുന്ന ആരും വിശ്വസിക്കില്ല. വിദേശ സംഘടനയായ റെഡ്ക്രസന്റില്‍നിന്ന് ലഭിച്ച പണം ലൈഫ് മിഷന്റെ മറവില്‍ അടിച്ചുമാറ്റാന്‍ സര്‍ക്കാരിനെ നിയന്ത്രിക്കുന്നവര്‍ തട്ടിക്കൂട്ടിയതാണ് യൂണിടാക് എന്ന കമ്പനിയെന്ന് എല്ലാവര്‍ക്കുമറിയാം. മുഖ്യമന്ത്രിയുടെ അറിവോടുകൂടിയല്ലാതെ ഇത് സംഭവിക്കില്ല. അഴിമതിയില്‍ പിടിവീഴുമെന്നായപ്പോള്‍ ലൈഫ്മിഷനും യൂണിടാക്കും വേറെയാണെന്നും, യൂണിടാക് എഫ്സിആര്‍എ ലംഘിച്ചിട്ടുണ്ടെങ്കില്‍ സര്‍ക്കാരിന് ഉത്തരവാദിത്വമില്ലെന്നും പറഞ്ഞാല്‍ വിലപ്പോവില്ല. ഈ കേസ് ആകാശത്തുനിന്ന് പൊട്ടിവീണതല്ല. ഇടപാടില്‍ അഴിമതി നടന്നിട്ടുണ്ടെന്ന് റെഡ്ക്രസന്റുമായുള്ള ബന്ധത്തിലെ ഇടനിലക്കാരിയും, സര്‍ക്കാരിന്റെ സഹയാത്രികയുമായ സ്വര്ണക്കടത്തുകാരി സ്വപ്ന മൊഴി നല്‍കിയിട്ടുണ്ട്. സ്വപ്നയില്‍നിന്ന് സംസ്ഥാനം ഭരിക്കുന്ന മുഖ്യമന്ത്രിയിലേക്ക് ഒട്ടും ദൂരമില്ലെന്ന് ഇതിനകം വ്യക്തമായിക്കഴിഞ്ഞു. താന്‍ സ്വപ്നയെ കണ്ടിരിക്കാം, നിര്‍ദ്ദേശം നല്കിയിരിക്കാം, പക്ഷേ ഒന്നും ഓര്‍മയില്ല എന്നൊക്കെ പിണറായി പൊട്ടന് കളിക്കുകയാണ്. താനും മുഖ്യമന്ത്രിയും പലയാവര്‍ത്തി കൂടിക്കാഴ്ച നടത്തിയിട്ടുണ്ടെന്ന് സ്വപ്ന എന്‍ഫോഴ്സ്മെന്റിന് നല്‍കിയിട്ടുള്ള മൊഴി പിണറായിയുടെ തലയ്ക്കു മുകളില്‍ തൂങ്ങിക്കിടക്കുന്ന ഡമോക്ലസിന്റെ വാളാണ്. അത് എപ്പോള്‍ വേണമെങ്കിലും പൊട്ടിവീഴാം. സിബിഐ ക്ലിഫ്ഹൗസിലേക്കെന്നല്ല, മുഖ്യമന്ത്രിയുടെ അടുക്കളയിലേക്കുവരെ എത്തിയെന്നിരിക്കും. അങ്ങനെയാണ് കാര്യങ്ങളുടെ കിടപ്പ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: