കോഴിക്കോട്: കോഴിക്കോട് റെയില്‍വെ സ്റ്റേഷനില്‍ ജില്ല ഭരണകൂടം കരുതല്‍ നടപടികള്‍ പിന്‍വലിച്ചപ്പോഴും കര്‍മ്മനിരതരായി സേവാഭാരതി പ്രവര്‍ത്തകര്‍ സജീവം. കഴിഞ്ഞ ദിവസമാണ് ജില്ല ഭരണകൂടം ജോലിക്കാരില്ല എന്ന കാരണത്താല്‍ റെയില്‍വെ സ്റ്റേഷനില്‍ വന്നിറങ്ങുന്നവരെ തെര്‍മല്‍ സ്കാനിങ് അടക്കമുള്ള പരിശോധനകള്‍ നിര്‍ത്തിയത്.
ഇപ്പോള്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും വരുന്നവരുടെ വിവരശേഖരണം മാത്രമാണ് നടക്കുന്നത്. റെയില്‍വെയുടെ നിര്‍ദ്ദേശ പ്രകാരം സേവാഭാരതി പ്രവര്‍ത്തകര്‍ ഇപ്പോഴും സംസ്ഥാനത്ത് നിന്ന് പുറത്തേക്ക് പോകുന്നവരുടെ പരിശോധന നടപടികള്‍ തുടരുകയാണ്.
കഴിഞ്ഞ ജൂണ്‍ ഒന്നിന് ആരംഭിച്ച പ്രവര്‍ത്തനം ഇരുപത്തിനാലു മണിക്കൂറും ഒരു ദിനംപോലും മുടക്കമില്ലാതെ നടക്കുന്നുണ്ട്. ഇപ്പോള്‍ തെര്‍മല്‍ ഗണ്ണിന് പകരം തെര്‍മല്‍ സ്കാനര്‍ ഉപയോഗിച്ചാണ് പരിശോധന. ഒന്നരമീറ്ററോളം ദൂരെ നിന്ന് പരിശോധന നടത്താന്‍ പുതിയ സംവിധാനത്തിലൂടെ സാധ്യമാകും.
ഒന്നാമത്തെയും നാലാമത്തെയും പ്ലാറ്റ്ഫോമുകളിലാണ് പരിശോധന. യാത്രക്കാരുടെ ചിത്രങ്ങളും ശരീരഊഷ്മാവും പരിശോധിക്കാന്‍ ഇതിലൂടെ കഴിയും.
നിത്യവുമുള്ള നാല് തീവണ്ടികള്‍ ഉള്‍പ്പെടെ ഏഴ് തീവണ്ടികളാണ് കോഴിക്കോട് റെയില്‍വെ സ്റ്റേഷന് വഴി കടന്ന് പോകുന്നത്. ദിവസവും ആയിരക്കണക്കിന് യാത്രക്കാരും ഈ റെയില്‍വെ സ്റ്റേഷനെ ആശ്രയിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: