പത്തനംതിട്ട: കാടിറങ്ങി നാടിളക്കുന്ന കാട്ടുപന്നികൾക്ക് ഇതി നാട്ടിൽ തോക്കിൻകുഴൽ മറുപടി പറയും. ലെസൻസുള്ള തോക്കുണ്ടോ? വനംവകുപ്പിന്റെ അനുമതിയോടെ ശല്യക്കാരായ കാട്ടുപന്നിയെ വെടിവയ്‌ക്കാൻ നിങ്ങൾക്കും അനുമതിയുണ്ട്. കാടിറങ്ങുന്ന പന്നികളുടെ ശല്യം ഏറിയതോടെ ഇതു സംബന്ധിച്ച് മുൻപ് പുറത്തിറക്കിയ ഉത്തരവിൽ ചില അവ്യക്തതകളുണ്ടായിരുന്നു. ഇതു പരിഹരിച്ചാണ് പുതിയ ഉത്തരവ്.
ഇതനുസരിച്ച് തോക്ക് ലൈസൻസുള്ള കർഷകരെ അതാത് ഡിഎഫ്ഒമാരുടെ ചുമതലയിൽ എം പാനൽ ചെയ്യും. കാട്ടുപന്നി ശല്യത്തെ സംബന്ധിച്ച കർഷകരുടെ പരാതികൾ പരിഗണിച്ച് വെടിവയ്‌ക്കാനുള്ള അനുമതി ഡിഎഫ്ഒ തലത്തിൽ നൽകും. ഇത്തരത്തിൽ ഒരു പന്നിയെ വെടിവച്ചാൽ 1000 രൂപ കർഷകനു നൽകാനും തീരുമാനമുണ്ട്.
നിലവിൽ നാട്ടിലിറങ്ങുന്ന ശല്യക്കാരായ കാട്ടുപന്നികളെ വെടിവയ്‌ക്കാനുള്ള അനുമതിയാണുള്ളത്. ഇതനുസരിച്ച് കോന്നി ഡിഎഫ്ഒ പരിധിയിലാണ് ആദ്യമായി സംസ്ഥാനത്തു പന്നിയെ കൊന്നത്. വനംവകുപ്പ് ഉദ്യോഗസ്ഥരാണ് അന്ന് കൃത്യം നിർവഹിച്ചത്. പിന്നീട് കോന്നിയിൽ തന്നെ 14 ഓളം പന്നികളെ കൊന്നു.
കാട്ടുപന്നിയെ ആറുമാസത്തേക്ക് ക്ഷുദ്രജീവി ഗണത്തിലേക്കു മാറ്റിക്കൊണ്ടാണ് ഇത്തരത്തിൽ ഒരു ഉത്തരവ് പുറത്തിറക്കി വെടിവയ്‌ക്കാൻ അനുമതി നൽകിയിയത്. കേന്ദ്ര വന്യജീവി സംരക്ഷണനിയമത്തിൽ കാട്ടുപന്നിയെ സ്ഥിരമായി ക്ഷുദ്രജീവി ഗണത്തിലാക്കി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രത്തോടും വശ്യപ്പെട്ടിട്ടുണ്ട്.
പന്നിയുടെ എണ്ണത്തിലുണ്ടായ പെരുപ്പവും കാർഷികമേഖലയിലുണ്ടാക്കിയിട്ടുള്ള നഷ്ടവും പരിഗണിച്ച് തീരുമാനമെടുക്കണമെന്നാണ് സംസ്ഥാന വനംവകുപ്പ് റിപ്പോർട്ട്. ഇതനുസരിച്ചുള്ള വിവരശേഖരണം നടത്തിയാണ് റിപ്പോർട്ട് തയാറാക്കിയത്. കേന്ദ്ര വൈൽഡ് ലൈഫ് ബോർഡാണ് തീരുമാനമെടുക്കേണ്ടത്. നേരത്തെ വനത്തോടു ചേർന്ന പ്രദേശങ്ങളിൽ മാത്രം കണ്ടിരുന്ന കാട്ടുപന്നി ഇന്നിപ്പോൾ നാടു മുഴുവൻ വ്യാപിച്ചിരിക്കുകയാണ്.
വന്യജീവികളിൽ നിന്നും കൃഷിയിടങ്ങളെ സംരക്ഷിക്കാൻ വ്യാപകമായി സോളാർവേലികൾ അടക്കം സ്ഥാപിച്ചിരുന്നു. കുറെ ഏറെ ഭാഗങ്ങളിൽ ഇതിനുള്ള നടപടി സ്വീകരിച്ചിട്ടുണ്ട്. സംസ്ഥാനത്തെ ജില്ലകളിൽ നടത്തിയ വനം അദാലത്തിൽ ഏറ്റവുമധികം പരിഗണിച്ചത് കാട്ടുമൃഗങ്ങളിൽ നിന്നും നേരിട്ടുള്ള കൃഷിനാശത്തിനുവേണ്ടിയായിരുന്നു. കാട്ടുമൃഗ ആക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ടാൽ ആശ്രിതർക്കുള്ള സഹായധനം പത്തുലക്ഷം രൂപയാക്കിയിട്ടുണ്ടെന്ന് മന്ത്രി കെ. രാജു പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: