ഇന്ന് 2020 ഒക്‌ടോബര്‍ 14. ദത്തോപാന്ത് ഠേംഗ്ഡി ഇഹലോകവാസം വെടിഞ്ഞിട്ട് പതിനാറുവര്‍ഷം പൂര്‍ത്തിയാവുകയാണ്. 2004 ഒക്‌ടോബര്‍ 14 നാണ് അദ്ദേഹം അന്തരിച്ചത്. 1920 നവംബര്‍ 10 ന് മഹാരാഷ്‌ട്രയിലെ വാര്‍ധക്കു സമീപമുള്ള ചെറുനഗരമായ ആര്‍വിയിലാണ് അദ്ദേഹം ജനിച്ചത്. 2019 നവംബര്‍ 10 മുതല്‍ 2020 നവംബര്‍ 10 വരെ അദ്ദേഹത്തിന്റെ ജന്മശതാബ്ദി രാജവ്യാപകമായി ആഘോഷിച്ചുവരികയാണ്.
ആരായിരുന്നു ദത്തോപാന്ത് ഠേംഗ്ഡി. ഉന്നതവിദ്യാഭ്യാസം നേടിയതിനുശേഷം 1942 മുതല്‍ ജീവിതാവസാനം വരെ ആര്‍.എസ്.എസ് പ്രചാരകനായിരുന്നു അദ്ദേഹം. ആര്‍.എസ്.എസ് നിര്‍ദ്ദേശിച്ച പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തു നടത്തുകയായിരുന്നു അദ്ദേഹം. 1942 ല്‍ മലബാറില്‍ ആര്‍.എസ.്എസ് പ്രവര്‍ത്തനം ആരംഭിക്കാനായി അന്നത്തെ സര്‍സംഘചാലക് ഗുരുജി ഗോള്‍വല്‍ക്കര്‍ അദ്ദേഹത്തെ നിയോഗിച്ചു. കേവലം ഇരുപത്തി രണ്ടാമത്തെ വയസ്സില്‍ കോഴിക്കോട്ടെത്തി. കൈവശമുണ്ടായിരുന്ന പരിചയപ്പെടുത്തല്‍ കത്തിലെ മേല്‍വിലാസക്കാരന്‍ പ്രമാണിയെ നേരിട്ടു കണ്ടപ്പോള്‍ മടങ്ങിപ്പോകാനുള്ള ഉപദേശവും മടക്കയാത്രക്കുള്ള വണ്ടിക്കൂലിക്കുള്ള വാഗ്ദാനവുമാണ് ലഭിച്ചത്. പരിചയമില്ലാത്ത ഭാഷയും ജീവിതരീതികളുമുള്ള ഒരു ദേശത്തെത്തിയ ചെറുപ്പക്കാരന് മനസ്സു തളരാന്‍ ഇത് ധാരാളം മതി. മനസ്സു തളര്‍ന്ന് തിരികെപ്പോകാനല്ല തന്നെ നിയോഗിച്ചിരിക്കുന്നത് എന്ന് ഉത്തമ ബോധ്യമുള്ള ഠേംഗിഡിജി സ്വയം ആളുകളെ കണ്ടെത്തി കോഴിക്കോട് ആര്‍.എസ്.എസ് പ്രവര്‍ത്തനത്തിന് ആരംഭം കുറിച്ചു. രണ്ടുവര്‍ഷം കഴിഞ്ഞ് ഇതേ ദൗത്യവുമായി ബംഗാളിലേക്ക് നിയോഗിക്കപ്പെടുമ്പോള്‍ വിദ്യാസമ്പന്നരും ഉശിരന്മാരുമായ നല്ലൊരുനിര പ്രവര്‍ത്തകരും ആറേഴ് ശാഖകളുമുള്ള പ്രസ്ഥാനമായി കോഴിക്കോട്ട് ആര്‍എസ്എസ് മാറിയിരുന്നു.
സംഘം നിര്‍ദ്ദേശിച്ച വിവിധ ചുമതലകള്‍ നിര്‍വഹിച്ചുവരവേ 1950 ലാണ് തൊഴിലാളി സംഘടനാ പ്രവര്‍ത്തനം പഠിക്കുന്നതിനുവേണ്ടി അദ്ദേഹത്തെ നിയോഗിക്കുന്നത്. തീവ്രദേശഭക്തിയുടെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരു തൊഴിലാളി സംഘടനയുടെ അഭാവം ഭാരതത്തിലുണ്ടെന്നും അങ്ങനെയൊന്ന് ഉണ്ടാവേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നുമുള്ള ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ് അതിനുള്ള മുന്നൊരുക്കം എന്ന നിലയില്‍ തൊഴിലാളി സംഘടനാ പ്രവര്‍ത്തനത്തിന്റെ സാങ്കേതികതകള്‍ സ്വായത്തമാക്കാന്‍ ഠേംഗിഡിജിയെ ഗുരുജി ഗോള്‍വല്‍ക്കര്‍ നിയോഗിക്കുന്നത്. ഐഎന്‍ടിയുസി, സിഐടിയു തുടങ്ങിയ തൊഴിലാളി സംഘടനകളില്‍ അദ്ദേഹം പ്രവര്‍ത്തിച്ചു. ഒരു ആര്‍എസ്എസ് പ്രചാരകന്‍ വിരുദ്ധ ചേരിയിലുള്ള സംഘടനയില്‍ പ്രവര്‍ത്തിക്കുന്നതിന്റെ അസാംഗത്യം സഹപ്രവര്‍ത്തകര്‍തന്നെ ചൂണ്ടിക്കാണിച്ചതിനെപ്പറ്റിയും രൂക്ഷവിമര്‍ശനം നടത്തിയതിനെപ്പറ്റിയുമൊക്കെ പില്‍ക്കാലത്ത് അദ്ദേഹം സരസമായി വിശദീകരിച്ചിരുന്നു.
1955 ജൂലൈ 23 ന് ലോകമാന്യ ബാലഗംഗാധര തിലകന്റെ ജന്മദിനത്തില്‍ മധ്യഭാരതത്തിലെ ഭോപ്പാലില്‍ വച്ച് ഭാരതീയ മസ്ദൂര്‍ സംഘം എന്ന ദേശഭക്ത തൊഴിലാളി സംഘടനക്ക് അദ്ദേഹം ആരംഭം കുറിച്ചു. ദേശീയബോധമുള്ള തൊഴിലാളി, തൊഴിലാളിവല്‍കൃത വ്യവസായം, വ്യവസായവല്‍കൃത രാഷ്‌ട്രം, രാഷ്‌ട്രീയാതീതമായ തൊഴിലാളി സംഘടന എന്നിവയായിരിക്കും ബിഎംഎസിന്റെ അടിസ്ഥാനാശയങ്ങള്‍ എന്ന് അദ്ദേഹം അംഗീകരിച്ചു. ഏത് പ്രലോഭനത്തിലും പ്രതിസന്ധിയിലും ഈ ആശയങ്ങളില്‍ വെള്ളം ചേര്‍ക്കാതെ പ്രവര്‍ത്തിക്കാന്‍ അദ്ദേഹം പ്രവര്‍ത്തകരെ സജ്ജരാക്കിക്കൊണ്ടിരുന്നു. ആശയാദര്‍ശങ്ങളില്‍ വിട്ടുവീഴ്ചയില്ലാതെ പ്രവര്‍ത്തിച്ചുതന്നെയാണ് ഭാരതത്തിലെ ഒന്നാം സ്ഥാനത്തുള്ള തൊഴിലാളി പ്രസ്ഥാനമായി ബിഎംഎസിനു മുന്നേറാന്‍ കഴിഞ്ഞത്.
ഉദാരീകരണത്തിനും ബഹുരാഷ്‌ട്രകുത്തകവല്‍ക്കരണത്തിനുമെതിരെ സ്വദേശി സിദ്ധാന്തം അദ്ദേഹം ഉയര്‍ത്തിക്കൊണ്ടുവന്നു. സ്വാതന്ത്ര്യാനന്തര ഭാരതത്തില്‍ സ്വദേശിചിന്ത ഒരു ആവേശമാക്കി മാറ്റിയത് ഠേംഗ്ഡിജിയുടെ നേതൃത്വത്തിലായിരുന്നു.
നിരന്തരമായ യാത്രകളിലും യോഗങ്ങളിലും ഒക്കെ പങ്കെടുത്ത് തിരക്കിട്ട ജീവിതത്തിനിടയിലും ഏതു വിഷയത്തെ സംബന്ധിച്ചും ആഴത്തില്‍ പഠിക്കാനും യുക്തിസഹമായി വിലയിരുത്താനുമുള്ള അപാരമായ വൈഭവം ഠേംഗ്ഡിജിക്കുണ്ടായിരുന്നു. അസാധാരണമായ ധിഷണയും കാര്യശേഷിയും ആഴത്തിലുള്ള വായനയും ഒപ്പം കരുത്തുള്ള ശരീരവും മനസ്സും ഠേംഗ്ഡിജിയെ അസാധാരണക്കാരനാക്കിയപ്പോള്‍ ലളിതജീവിതവും സരളമായ പെരുമാറ്റവും അദ്ദേഹത്തെ തികഞ്ഞ സാധാരണക്കാരനായും മാറ്റി. കമ്യൂണിസം സിദ്ധാന്തത്തിലും പ്രയോഗത്തിലും തകര്‍ന്നടിയുമെന്ന് കാര്യകാരണസഹിതം അദ്ദേഹം വ്യക്തമാക്കുമ്പോള്‍ ലോകത്ത് കമ്യൂണിസ്റ്റ് രാജ്യങ്ങള്‍ എല്ലാവരേയും വെല്ലുവിളിച്ചുകൊണ്ട് തലയുയര്‍ത്തി നില്‍ക്കുകയായിരുന്നു. പിന്നീടാണ് പെരിസ്‌ട്രോയിക്കയും ഗ്ലാസ്‌നോസ്റ്റും ഒക്കെ വരികയും കമ്യൂണിസം നിലംപൊത്തുകയും ചെയ്തത്. 2002 ഫെബ്രുവരി 22, 23, 24 തീയതികളില്‍ തിരുവനന്തപുരത്തുവച്ച് നടന്ന ബിഎംഎസ് അഖിലേന്ത്യാ സമ്മേളനത്തിന്റെ ഭാഗമായി നടന്ന പൊതുസമ്മേളനത്തിലാണ് 2010 ന് അപ്പുറത്തേക്ക് അമേരിക്ക ലോക സാമ്പത്തികശക്തിയായി നിലനില്‍ക്കുകയില്ലെന്ന് അദ്ദേഹം പ്രഖ്യാപിച്ചത്.
ഇതിന്റെ കാര്യകാരണങ്ങളും അദ്ദേഹം വിശദീകരിച്ചിരുന്നു. 2008 ല്‍ തന്നെ അമേരിക്കയില്‍ ഗുരുതരമായ സാമ്പത്തിക തകര്‍ച്ച ആരംഭിച്ചു. ധനതത്വശാസ്ത്രം അദ്ദേഹത്തിന്റെ ഇഷ്ടവിഷയമായിരുന്നു. ജീവിതത്തിന്റെ ഓരോ ചലനത്തെയും സ്പര്‍ശിക്കുന്നതാണ് ധനതത്വശാസ്ത്രമെന്നും ഇക്കാര്യത്തില്‍ പ്രവര്‍ത്തകര്‍ ആവുന്നത്ര പഠനം നടത്തണമെന്നും ഠേംഗ്ഡിജി പറയാറുണ്ടായിരുന്നു.
ആയിരത്തിതൊള്ളായിരത്തി തൊണ്ണൂറുകളില്‍ ആരംഭിച്ച ഉദാരീകരണ സാമ്പത്തിക സിദ്ധാന്തത്തിന്റെ കടുത്ത വിമര്‍ശകനായിരുന്നു അദ്ദേഹം. ഇത് ഉദാരീകരണമല്ലെന്നും അമേരിക്കവല്‍ക്കരണമാണെന്നും അദ്ദേഹം സിദ്ധാന്തിച്ചു. ഉദാരീകരണത്തിനും ബഹുരാഷ്‌ട്രകുത്തകവല്‍ക്കരണത്തിനുമെതിരെ സ്വദേശീ സിദ്ധാന്തം അദ്ദേഹം ഉയര്‍ത്തിക്കൊണ്ടുവന്നു. സ്വാതന്ത്ര്യാനന്തര ഭാരതത്തില്‍ സ്വദേശീ ചിന്ത ഒരു ആവേശമാക്കി മാറ്റിയത് ഠേംഗ്ഡിജിയുടെ നേതൃത്വത്തിലായിരുന്നു.
ധീരനായ പോരാളിയായിരുന്നു ഠേംഗ്ഡിജി. 1975 ല്‍ ഇന്ദിരാഗാന്ധി പ്രഖ്യാപിച്ച അടിയന്തരാവസ്ഥക്കെതിരെ ജനാധിപത്യ പുനഃസ്ഥാപനത്തിനുവേണ്ടി പോരാട്ടം നടത്തിയ ലോകസംഘര്‍ഷ സമിതിയുടെ പൊതുസംയോജകന്‍ എന്ന അത്യന്തം വെല്ലുവിളി നിറഞ്ഞ ഉത്തരവാദിത്വമേറ്റെടുത്തു പ്രവര്‍ത്തിച്ചു അദ്ദേഹം. തന്നെ ചോദ്യംചെയ്യുന്നവരെ ഉന്മൂലനം ചെയ്യാന്‍ പോലും മടിക്കാത്ത വ്യക്തിയായിരുന്നു ശ്രീമതി ഗാന്ധിയെന്നോര്‍ക്കണം.
രാജ്യസഭാംഗമെന്ന നിലയില്‍ ഒരു വ്യാഴവട്ടക്കാലം അദ്ദേഹം പ്രവര്‍ത്തിച്ചു. അക്കാലത്തെ അദ്ദേഹത്തിന്റെ രാജ്യസഭയിലെ പ്രസംഗങ്ങള്‍ അദ്ദേഹത്തിന്റെ പാണ്ഡിത്യത്തിന്റെയും സ്മരണശക്തിയുടെയും ഉത്തമോദാഹരണങ്ങളാണ്.
എല്ലാ ്രപവര്‍ത്തനവിജയത്തിന്റെയും അടിസ്ഥാന ഘടകം കാര്യകര്‍ത്താക്കളാണ്. സമര്‍പ്പിത മനസ്‌കരായ കാര്യകര്‍ത്താക്കളിലൂടെ മാത്രമേ വിജയം സാധ്യമാകൂ എന്നദ്ദേഹം ഉദ്‌ബോധിപ്പിച്ചു. സാധാരണ വ്യക്തി എങ്ങനെ ഉത്തമനായ കാര്യകര്‍ത്താവായി മാറുമെന്ന് അനവധി തവണ ആവര്‍ത്തിച്ചാവര്‍ത്തിച്ച് ഉദാഹരണസഹിതം അദ്ദേഹം പറഞ്ഞ് പഠിപ്പിച്ചുകൊണ്ടിരുന്നു. വിജയം നേടാന്‍ കുറുക്കുവഴികളില്ലെന്നും കുറുക്കുവഴികള്‍ നിങ്ങളെതന്നെ ചെറുതാക്കിക്കളയുമെന്നും അദ്ദേഹം ആവര്‍ത്തിച്ചു പറഞ്ഞു.
കേരളത്തില്‍ ആര്‍.എസ്.എസ് പ്രചാരകനായി വന്നപ്പോഴും, ബിഎംഎസ് പ്രവര്‍ത്തനത്തിന് നിയോഗിക്കപ്പെട്ടപ്പോഴും, രാജ്യസഭാംഗമാക്കിയപ്പോഴും നിരവധി സംഘടനകള്‍ക്ക് ആരംഭം കുറിച്ചപ്പോഴും, ലോക സംഘര്‍ഷ സമിതിയുടെ ജനറല്‍ കണ്‍വീനറായി പ്രവര്‍ത്തിച്ചപ്പോഴുമെല്ലാം സംഘമേല്‍പ്പിച്ച ദൗത്യം നിര്‍വ്വഹിക്കുന്നു എന്ന നിര്‍മ്മമഭാവത്തോടെ അദ്ദേഹം പ്രവര്‍ത്തിച്ചു. 2003 ല്‍ മഹാനായ അംബേദ്ക്കറെ സംബന്ധിച്ചുള്ള ഗ്രന്ഥമെഴുതി പൂര്‍ത്തിയാക്കിയേല്‍പ്പിച്ചിട്ട് അദ്ദേഹം പറഞ്ഞു; സംഘമേല്‍പ്പിച്ച അവസാനത്തെ ചുമതലയും താന്‍ പൂര്‍ത്തീകരിച്ചുകഴിഞ്ഞു എന്ന്.
തനിക്കു മടങ്ങാറായി എന്ന യോഗിയുടെ തിരിച്ചറിവായിരുന്നു ആ വാക്കുകളില്‍. അംബേദ്ക്കറോടൊപ്പം പ്രവൃത്തിച്ച അനുഭവത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അദ്ദേഹം ആ ഗ്രന്ഥരചന നടത്തിയത്. അംബേദ്ക്കറെ കുറിച്ച് അരുണ്‍ഷൂരിയുടെ പുസ്തകത്തിലെ
നിഗമനങ്ങളോട് അദ്ദേഹം യോജിച്ചിരുന്നില്ല. ബാബാസാഹബ് അംബേദ്ക്കറുടെ വെല്ലുവിളി നിറഞ്ഞ ജീവിതം അവതരിപ്പിക്കാന്‍ ആ പുസ്തകത്തിനായില്ല എന്നായിരുന്നു ഠേംഗ്ഡജിയുടെ അഭിപ്രായം. അയിത്തം, തൊട്ടുകൂടായ്മ എന്നവയ്‌ക്ക് ഹിന്ദു ശാസ്ത്ര ഗ്രന്ഥങ്ങളുടെ പിന്‍ബലമില്ലെന്ന് പരസ്യമായി പ്രഖ്യാപിക്കണമെന്ന് അംബേദ്ക്കര്‍ക്ക് ആഗ്രഹമുണ്ടണ്ടായിരുന്നു. എന്നാല്‍ അതിവേഗം വഷളായിക്കൊണ്ടണ്ടണ്ടിരിക്കുന്ന ആരോഗ്യ നില അതിനനുവദിക്കുന്നില്ലെന്നായിരുന്നു അംബേദ്കര്‍ ഠേംഗ്ഡിജിയോട് പറഞ്ഞത്. തൊട്ടുകൂടായ്മ നീക്കം ചെയ്യുന്നതില്‍ ആര്‍എസ്എസ്സിന്റെ പ്രക്രിയയില്‍ തനിക്ക് വിശ്വാസമുണ്ടണ്ടെങ്കിലും എന്നാല്‍ അത് സാവധാനത്തിലാണെന്നായിരുന്നു അദ്ദേഹത്തിന്റെ വിലയിരുത്തലെന്ന് ഠേംഗ്ഡിജി എഴുതിയിട്ടുണ്ടണ്ട്. മഹാനായ അംബേദ്ക്കറെ കുറിച്ചുള്ള വിപുലമായ ഗ്രന്ഥം എഴുതിത്തീര്‍ത്തതിന് ശേഷമാണ് 2004 ഒക്‌ടോബര്‍ 14 ന് അദ്ദേഹം കര്‍മ്മമുക്തനായത്.
ദത്തോപാന്ത് ഠേംഗ്ഡിയെന്ന മഹാവ്യക്തിത്വത്തെ ഒരു ചെറുലേഖനത്തില്‍ പരിചയപ്പെടുത്തുക അസാധ്യമാണ്. അദ്ദേഹത്തിന്റെ ജീവിതത്തിലെ അല്‍പം ചില കാര്യങ്ങളെ സ്പര്‍ശിക്കാനേ കഴിഞ്ഞിട്ടുള്ളൂ. അദ്ദേഹത്തിന്റെ ലേഖനങ്ങളും പുസ്തകങ്ങളും പ്രഭാഷണങ്ങളും സമാഹരിച്ച് പത്ത് വാല്യങ്ങളായി മലയാളത്തില്‍ കുരുക്ഷേത്ര പ്രകാശന്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഠേംഗ്ഡിജിയെന്ന ബഹുമുഖ പ്രതിഭയെ മനസ്സിലാക്കാന്‍ ഈ ഗ്രന്ഥം ഒരു പരിധിവരെ സഹായിക്കും.
സംസ്ഥാന പ്രസിഡന്റ്
ബിഎംഎസ്,
കേരള,
9447528751
പ്രതികരിക്കാൻ ഇവിടെ എഴുതുക: