കണ്ണൂര്‍: ഇരിണാവില്‍ ഇലക്ട്രിക് വാഹനാധിഷ്ഠിത വ്യവസായം തുടങ്ങുമെന്ന വ്യവസായ മന്ത്രിയുടെ വാഗ്ദാനം കടലാസിലൊതുങ്ങി. ഇരിണാവില്‍ ഇലട്രിക് വാഹനാധിഷ്ഠിത വ്യവസായം ആരംഭിക്കുമെന്ന മന്ത്രി ഇ.പി. ജയരാജന്റെ പ്രഖ്യാപനം വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും നടപ്പിലായില്ല. സര്‍ക്കാരിന്റെയും സ്വകാര്യ വ്യവസായികളുടെയും സംയുക്ത സംരംഭം ആയി പിപിപി അടിസ്ഥാനത്തില്‍ തുടങ്ങാമെന്ന പ്രഖ്യാപനമാണ് ജലരേഖയായത്.
ഇരിണാവില്‍ താപ വൈദ്യുത നിലയത്തിനായി ഏറ്റെടുത്ത സ്ഥലത്തു പദ്ധതി തുടങ്ങാനായിരുന്നു ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍ ഈ സ്ഥലം കോസ്റ്റ് ഗാര്‍ഡ് അക്കാദമിക്കായി വിട്ടുനല്‍കിയിരുന്നു. ഇത് തിരിച്ചുവാങ്ങാനുള്ള നടപടികളൊന്നും സര്‍ക്കാര്‍ സ്വീകരിച്ചിട്ടില്ല.
1997 ലാണ് കല്യാശേരി, പാപ്പിനിശേരി വില്ലേജുകളിലായി കിടക്കുന്ന 164 ഏക്കര്‍ സ്ഥലം കിന്‍ഫ്ര ഏറ്റെടുക്കുന്നത്. താപവൈദ്യുതനിലയത്തിനായാണ് ആദ്യം സ്ഥലം ഏറ്റെടുത്തതെങ്കിലും പദ്ധതി നടപ്പിലായില്ല. പിന്നീട് കല്‍ക്കരി അധിഷ്ഠിത വ്യവസായത്തിനായി ആലോചിച്ചു. അതും ഒഴിവാക്കി. സിമന്റ് കമ്പനിക്കായി ജെപി ഗ്രൂപ്പിന് വിട്ടുനല്‍കിയെങ്കിലും നാട്ടുകാരുടെ എതിര്‍പ്പ്മൂലം സിമന്റ് വ്യവസായവും അവിടെ നടത്താനായില്ല. പിന്നിടാണ് സ്ഥലം കോസ്റ്റ് ഗാര്‍ഡ് അക്കാദമി തുടങ്ങാനായി വിട്ടുകൊടുത്തത്. പ്രാരംഭനടപടികള്‍ തുടങ്ങിയെങ്കിലും പദ്ധതിയും ഉപേക്ഷിക്കപ്പെട്ടു.
കോസ്റ്റ് ഗാര്‍ഡ് അക്കാദമിക്കായി വിട്ടുകൊടുത്ത സ്ഥലം കേന്ദ്രസര്‍ക്കാരില്‍നിന്നും സംസ്ഥാന സര്‍ക്കാരിന് ഇതുവരെയായും തിരിച്ചുകിട്ടിയിട്ടില്ല. അതുകൊണ്ടുതന്നെ 164 ഏക്കര്‍ സ്ഥലം ഇപ്പോള്‍ ഉപയോഗ ശൂന്യമായി കിടക്കുകയാണ്. സ്ഥലം വിട്ടുകിട്ടിയാല്‍ മാത്രമേ ഇലട്രിക് വാഹനാധിഷ്ഠിത വ്യവസായം ആരംഭിക്കാന്‍ സാധിക്കുകയുള്ളു. അതിനായുള്ള ഇടപെടലുകളാണ് ശക്തമായി നടക്കേണ്ടത്.
ഇത്തരത്തില്‍ ഒട്ടേറെ സ്വപ്ന പദ്ധതികള്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നുവെങ്കിലും ഇവയുടെയെല്ലാം സ്ഥിതിയും മറിച്ചല്ല. മോദി സര്‍ക്കാര്‍ അടിസ്ഥാനസൗകര്യ വികസനത്തിനായി കോടികള്‍ അനുവദിക്കുമ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ വിപരീതമായാണ് പ്രവര്‍ത്തിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: