തിരുവനന്തപുരം: മുംബൈ കന്യാകുമാരി സാമ്പത്തിക ഇടനാഴി യുടെ ഭാഗമായി കേരളത്തില്‍ 50,000 കോടി രൂപ ചിലവില്‍ 23 പദ്ധതികള്‍ യാഥാര്‍ഥ്യമാക്കുമെന്ന് കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി.
കേരളത്തിന്റെ ഉത്തര-ദക്ഷിണ ഭാഗങ്ങളെ ബന്ധിപ്പി ച്ചുകൊണ്ടുള്ള ഈ ഇടനാഴി സംസ്ഥാനത്തിന്റെ ജീവനാഡിയായി മാറും. കാസര്‍ഗോഡ്, തലശ്ശേരി, കണ്ണൂര്‍, കോഴിക്കോട്, എറണാകുളം, കൊച്ചി, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം തുടങ്ങിയ പ്രമുഖ നഗരങ്ങളിലേക്കും പട്ടണങ്ങളിലേക്കും ഉള്ള മെച്ചപ്പെട്ട ഗതാഗതം ഇടനാഴിയുടെ ഭാഗമായി യാഥാര്‍ഥ്യമാകും.കേരളത്തിലെ വിവിധ ദേശീയപാതാ പദ്ധതികളുടെ ശിലാസ്ഥാപനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
ഇതിനുപുറമേ 177 കിലോമീറ്റര്‍ ദൂരത്തില്‍ 11, 571 കോടി രൂപ ചിലവില്‍ 7 പദ്ധതികള്‍ക്കും കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നു. ഇതിന്റെ ഭാഗമായുള്ള പ്രാരംഭ നടപടികള്‍ക്കും നിര്‍മ്മാണ പ്രവര്‍ത്തികള്‍ക്കും തുടക്കം ആയിട്ടുണ്ട്. ചെറുതോണി നദിക്ക് കുറുകെയുള്ള ഹൈലെവല്‍ ബ്രിഡ്ജ്, ഇത്തരത്തില്‍ ഒന്നാണ്. 2018 ജൂണ്‍ 1 മുതല്‍ ഓഗസ്റ്റ് 19 വരെയുള്ള മണ്‍സൂണ്‍ കാലയളവില്‍, പാലത്തിന് ഗുരുതരമായ കേടുപാട് സംഭവിച്ചിരുന്നു.സംസ്ഥാനത്തെ സാമ്പത്തിക വളര്‍ച്ച ഉറപ്പാക്കുന്നതിനായി യുദ്ധകാലടിസ്ഥാനത്തില്‍ ഇത്തരം പദ്ധതികള്‍ പൂര്‍ത്തീകരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം ഉറപ്പു നല്കി. ഇത്തരം പദ്ധതികള്‍ കേരളത്തിന്റെ മുഖച്ഛായ മാറ്റിമറിക്കും.
നിലവില്‍ 1782 കിലോമീറ്റര്‍ ദേശീയപാതയാണ് കേരളത്തിന് സ്വന്തമായിട്ടുള്ളത് എന്ന് കേന്ദ്ര മന്ത്രി അറിയിച്ചു ഇതില്‍ 488 കിലോമീറ്റര്‍ ദൂരം 2014 -20 കാലയളവിലാണ് പൂര്‍ത്തീകരിച്ചത്. 2009 -14 കാലത്തേക്കാള്‍ 569 ശതമാനം വര്‍ധനയാണ് ഇത്.
2014 -20 കാലയളവില്‍ ദേശീയപാത വികസനത്തിനായി 3820 കോടി രൂപയാണ് ചെലവിട്ടത്. ഇതിനുപുറമേ ദേശീയപാതയുടെ അറ്റകുറ്റപണികള്‍ക്കായി 671 കോടി രൂപയും ചെലവഴിച്ചു. വെള്ളപ്പൊക്കത്തിലോ, കാലക്രമേണയോ കേടുപാടുകള്‍ സംഭവിക്കുന്നത് പരിഹരിക്കുന്നതിനായി 96.50 കോടി രൂപയും അനുവദിച്ചിട്ടുണ്ട്. 2024 ഓടെ 19,800 കോടിരൂപ ചിലവിട്ട് ഉള്ള പദ്ധതികള്‍ യാഥാര്‍ഥ്യമാകുമെന്ന് അറിയിച്ച ശ്രീ ഗഡ്കരി, 5327 കോടി രൂപ ചിലവില്‍ 549 കിലോമീറ്റര്‍ ദൂരത്തില്‍ നടപ്പാക്കുന്ന 30 പദ്ധതികള്‍ നടന്നുവരികയാണെന്നും വ്യക്തമാക്കി. റോഡ് വികസനത്തില്‍ പൊതു-സ്വകാര്യ പങ്കാളിത്ത മാതൃക പരീക്ഷിക്കണം എന്ന് അദ്ദേഹം കേരള മുഖ്യമന്ത്രിയോട് അഭ്യര്‍ത്ഥിച്ചു. ഇത് അടിസ്ഥാനസൗകര്യ വികസനത്തില്‍ കൂടുതല്‍ മൂലധനം ലഭ്യമാക്കും.
കേരളത്തിലെ ഭൂമിയേറ്റെടുക്കല്‍ ചിലവ് കൂടിയതാണ് എന്ന് അഭിപ്രായപ്പെട്ട കേന്ദ്ര മന്ത്രി, സാന്‍ഡ് റോയല്‍റ്റി അടക്കമുള്ളവ സൗജന്യമാക്കാനും , റോഡ് നിര്‍മാണത്തിന് ഉപയോഗിക്കുന്ന ഇരുമ്പ്, സിമന്റ്, ഉരുക്ക് എന്നിവയ്ക്ക് മേലുള്ള സംസ്ഥാന ചരക്ക് സേവന നികുതി ഒഴിവാക്കാനും അഭ്യര്‍ത്ഥിച്ചു. കേരളത്തിലെ റോഡ് നിര്‍മ്മാണത്തിലെ ചിലവ് ഗണ്യമായി കുറയ്ക്കാന്‍ ഈ നീക്കം ഉപകരിക്കും. ഇതുമായി ബന്ധപ്പെട്ട വിശദമായ ചര്‍ച്ചകള്‍ക്കായി അദ്ദേഹം കേരള മുഖ്യമന്ത്രിയെ ഡല്‍ഹിയിലേക്ക് ക്ഷണിച്ചു. സംസ്ഥാനത്തിന് കേന്ദ്ര ഉപരിതല ഗതാഗത ദേശീയപാത മന്ത്രാലയത്തിന്റെ എല്ലാ സഹായവും കേന്ദ്രമന്ത്രി വാഗ്ദാനം ചെയ്തു. സംസ്ഥാനത്തെ റോഡ് നിര്‍മ്മാണ പൂര്‍ത്തീകരണത്തില്‍ നേരിടുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാനും, ദേശീയപാതകളില്‍ തുടര്‍ച്ചയായി അപകടങ്ങള്‍ നടക്കുന്ന മേഖലകള്‍ തിരിച്ചറിയാനും അദ്ദേഹം സംസ്ഥാന ഭരണകൂടത്തോട് ആവശ്യപ്പെട്ടു. അതിനാവശ്യമായ എല്ലാ സഹായവും മന്ത്രാലയം ലഭ്യമാക്കുമെന്നും സുരക്ഷിതമായ പാതകള്‍, അപകടങ്ങള്‍ കുറയ്ക്കാനും ജീവനുകള്‍ രക്ഷിക്കാനും പ്രധാനമാണെന്നും കേന്ദ്ര മന്ത്രി അഭിപ്രായപ്പെട്ടു.
ഈ പദ്ധതികള്‍ കേരളത്തിന് വലിയതോതില്‍ ഗുണം ചെയ്യുമെന്ന് ഉപരിതല ഗതാഗത ദേശീയപാത മന്ത്രാലയത്തിന്റെ ചുമതലയുള്ള സഹമന്ത്രി ജനറല്‍ ഡോ. വികെ സിംഗ് അഭിപ്രായപ്പെട്ടു. ഗതാഗത സൗകര്യം മെച്ചപ്പെടുത്തുന്നതിന് ഒപ്പം വ്യാവസായിക ഇടനാഴികളിലൂടെ യുള്ള വാണിജ്യ വ്യാപാര നീക്കങ്ങള്‍ക്കും ഇത് വഴിതുറക്കും. മുംബൈ മുതല്‍ കന്യാകുമാരി വരെയുള്ള വ്യാവസായിക ഇടനാഴി കേരളത്തിന്റെ വടക്ക് മുതല്‍ തെക്ക് വരെ ബന്ധിപ്പിക്കുന്നതായി അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
സംസ്ഥാനത്തെ ജനങ്ങളുടെ പ്രതീക്ഷകള്‍ പൂര്‍ത്തീകരിച്ച കേന്ദ്രസര്‍ക്കാറിനെ കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് അഭിനന്ദിച്ചു. കേരള മുഖ്യമന്ത്രി പിണറായി വിജയന്,കേന്ദ്ര വിദേശ പാര്‍ലമെന്ററി കാര്യ സഹമന്ത്രി വി മുരളീധരന്, സംസ്ഥാന പൊതുമരാമത്ത് മന്ത്രി ജി സുധാകരന് തുടങ്ങിയവര്‍ ചടങ്ങിനെ അഭിസംബോധന ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: