തത്ത്വമസി അര്‍ത്ഥവിചാരം തുടരുന്നു.വ്യഷ്ടി, സമഷ്ടി ഉപാധികളിലൂടെ പ്രകടമാകുന്നത് ഒരേ ഒരു പരമാത്മാ തത്ത്വമാണ്. ഈ ഉപാധികളെ നീക്കിയാല്‍ പരമാത്മാവ് മാത്രം അവശേഷിക്കും. പരമാത്മാ ചൈതന്യം വ്യഷ്ടിയില്‍ ജീവന്‍ അഥവാ ഒരു വ്യക്തിയാകുന്നു. സമഷ്ടിയില്‍ നാനാത്വമായ ജഗത്താണ്. പരമാത്മാ ചൈതന്യം ഒരു സ്ഥൂല ശരീരത്തിലൂടെ ജാഗ്രദവസ്ഥയില്‍ പ്രകടമാകുമ്പോള്‍ വിശ്വന്‍ എന്ന് വിളിക്കുന്നു. അതേ ചൈതന്യം തന്നെ സമസ്ത സ്ഥൂല ശരീരാഭിമാനിയാകുമ്പോള്‍ വിരാട് പുരുഷന്‍ എന്ന് പറയും.
പരമമായ ആ ചൈതന്യം സൂക്ഷ്മ ശരീരത്തിലൂടെ സ്വപ്‌നാവസ്ഥയില്‍ പ്രകടമാകുമ്പോള്‍ തൈജസന്‍ എന്നറിയപ്പെടുന്നു. അതേ ചൈതന്യം തന്നെ സമസ്ത സൂക്ഷ്മ ശരീര അഭിമാനിയാകുമ്പോള്‍ ഹിരണ്യഗര്‍ഭന്‍ അഥവാ സൃഷ്ടികര്‍ത്താവ് എന്ന് പറയും. പരമ ചൈതന്യം ഒരു കാരണശരീരത്തിലൂടെ ( അവിദ്യയിലൂടെ/വാസനയിലൂടെ ) സുഷുപ്തിയില്‍ പ്രകടമാകുമ്പോള്‍ പ്രാജ്ഞന്‍ എന്ന് വിളിക്കുന്നു. അതേ ചൈതന്യം സമസ്ത കാരണശരീരമായ മായയിലൂടെ പ്രകടമാകുമ്പോള്‍ ഈശ്വരന്‍ എന്നറിയപ്പെടുന്നു. ജീവന്‍, മനോ ബുദ്ധികളുടെ പരിമിതികള്‍ക്ക് അപ്പുറമെത്തിയാല്‍ ഈശ്വരനില്‍ ലയിക്കും. സമഷ്ടി വാസനയായ മായയില്‍ പ്രകടമാകുന്ന പരമാത്മാവാണ് ഈശ്വരന്‍.
വാസനകളുടെ മാറാപ്പേന്തുന്ന ഓരോ ജീവനും തനിക്ക് അനുയോജ്യമായ ഒരു ദേഹത്തെ കൈക്കൊള്ളുന്നു. വാസനാ ക്ഷയം വരെ ഇങ്ങനെ ദേഹമെടുക്കണം. ബോധപൂര്‍വം ചെയ്യുന്ന കര്‍മ്മങ്ങളൊക്കെ വാസനയെ ഉണ്ടാക്കും. വാസനകളാണ് ജഗത്തിന് കാരണം. ജഗത്ത് നമ്മുടെ ഉള്ളില്‍ വാസനകളെ സൃഷ്ടിക്കുകയും ചെയ്യും. ബ്രഹ്മം സമഷ്ടി വാസനയിലൂടെ ഈശ്വരാനായും വ്യഷ്ടി വാസനയിലൂടെ ജീവനായും മാറും. വ്യഷ്ടി വാസന തീര്‍ന്നാല്‍ ജീവത്വം ഇല്ലാതാകും. ജീവന്‍ ഇല്ലാതായാല്‍ പിന്നെ സമഷ്ടി പ്രപഞ്ചത്തെ അറിയാന്‍ ആരുമില്ല. അപ്പോള്‍ സമഷ്ടിയും ഇല്ലാതാകും. ജീവനും ഈശ്വരനും ഒരേ ചൈതന്യം തന്നെയാണ്. അവ രണ്ടല്ല ഒന്ന് തന്നെയെന്ന് അനുഭവമാകുന്നതാണ് ഈശ്വരസാക്ഷാത്കാരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: